കേരളം
മാനവീയം വീഥിയിലെ സംഘര്‍ഷം; കരമന സ്വദേശി കസ്റ്റഡിയില്‍
മാനവീയം നൈറ്റ് ലൈഫിനിടെയുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഒരാള്‍ കസ്റ്റഡിയില്‍. കരമന സ്വദേശി ശിവയെയാണ് മ്യൂസിയം പൊലീസ് കസ്റ്റഡിയിലെടുത്തത്. പൂന്തുറ സ്വദേശിയായ ഒരു യുവാവിനെ ഒരു സംഘം യുവാക്കള്‍ ചേര്‍ന്ന് നിലത്തിട്ട് മര്‍ദ്ദിക്കുകയായിരുന്നു. കഴിഞ്ഞദിവസം രാത്രിയാണ് മാനവീയം വീഥിയില്‍ സംഘര്‍ഷം ഉണ്ടായത്.
സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതിനെത്തുടര്‍ന്ന് തിരുവനന്തപുരം മ്യൂസിയം പൊലീസ് അന്വേഷണം ആരംഭിച്ചു. സംഘര്‍ഷത്തിനിടെ യുവാക്കളുടെ സംഘം ഇതിന് ചുറ്റും നിന്ന് നൃത്തം വെക്കുന്നതും വീഡിയോയിലുണ്ട്. സംഘര്‍ഷത്തിന്റെ കാരണം വ്യക്തമായിട്ടില്ല. സംഭവത്തിന് പിന്നില്‍ മുന്‍ വൈരാഗ്യമാണോ അതോ ക്രിമിനല്‍ സംഘമാണോ എന്നും പൊലീസ് പരിശോധിച്ച് വരികയാണ്
മാനവീയം വീഥിയില്‍ രാത്രി ലൈഫ് ആരംഭിച്ചതിന് പിന്നാലെ ഇവിടെ ചെറുതും വലുതുമായ സംഘര്‍ഷങ്ങള്‍ പലപ്പോഴായി നടക്കുന്നുണ്ടെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ ആരും പൊലീസിനെ പരാതിയുമായി സമീപിക്കുന്നില്ല.പലപ്പോഴും മദ്യപസംഘങ്ങളും ലഹരിമാഫിയയും തമ്മില്‍ ഏറ്റുമുട്ടാറുണ്ട്. ഇവര്‍ നിരന്തരം പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതായി മാനവീയം കൂട്ടായ്മ പരാതിപ്പെടുകയും ഇതിന്റെ അടിസ്ഥാനത്തില്‍ സമരം സംഘടിപ്പിക്കുകയും ചെയ്തിരുന്നു.
സംഘര്‍ഷത്തെ തുടര്‍ന്ന് പൊലീസ് പരിശോധന കര്‍ശനമാക്കിയിരിക്കുകയാണ്. റോഡിന്റെ രണ്ട് വശത്തും ബാരിക്കേഡ് സ്ഥാപിക്കും. രാത്രി 11 മണിക്ക് ശേഷം രണ്ട് വാഹനങ്ങളില്‍ ദ്രുതകര്‍മ്മ സേനയെ നിയോഗിക്കും. സംഘര്‍ഷമുണ്ടായാല്‍ പരാതിയില്ലെങ്കിലും കേസെടുക്കും. മാനവീയം വീഥിയില്‍ കൂടുതല്‍ സിസിടിവികള്‍ സ്ഥാപിക്കാനാണ് പൊലീസിന്റെ തീരുമാനം.