കേരളം
പിറവത്ത് കോൺഗ്രസ് യോഗത്തിൽ സംഘർഷം
പിറവത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി യോഗത്തിൽ സംഘർഷം . കേരള കോൺഗ്രസിൽ നിന്ന് രാജിവെച്ച ജിൽസ് പെരിയപുറം ഉന്നയിച്ച ആരോപണങ്ങളെ കുറിച്ചുള്ള ചർച്ചയാണ് കയ്യാങ്കളിയിലേക്ക് നീങ്ങിയത്. പിറവം മുൻ നഗരസഭ ചെയർമാനും കോൺഗ്രസ് നേതാവുമായ സാബു കെ ജേക്കബ് പാർട്ടി വിട്ട് പിറവത്ത് എൽഡിഎഫ് സ്ഥാനാർത്ഥിയാവാൻ ശ്രമിച്ചുവെന്നായിരുന്നു ജിൽസിൻ്റെ ആരോപണം.
ഇതിനായി ജോസ് കെ മാണിക്ക് സാബു കെ ജേക്കബ് പണം നൽകിയെന്നും ജിൽസ് ആരോപിച്ചിരുന്നു. ഇതിനെ ചൊല്ലിയാണ് കോൺഗ്രസ് പ്രവർത്തകർ തമ്മിൽ കയ്യാങ്കളി ഉണ്ടായത്. എന്നാൽ, ജിൽസ് പെരിയപ്പുരത്തിന്റേത് അടിസ്ഥാന രഹിതമായ ആരോപണമാണെന്നും ജോസ് കെ മാണിയുമായി ചർച്ച നടത്തിയിട്ടില്ലെന്നും പിറവം നഗരസഭ മുൻ ചെയർമാൻ സാബു ജേക്കബ് പ്രതികരിച്ചു. കോൺഗ്രസിൽ ഉറച്ച് നിൽക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പിറവത്ത് കേരള കോൺഗ്രസിന് ലഭിച്ച സീറ്റ് മറിച്ചുവിറ്റെന്ന് ആരോപിച്ച് സംസ്ഥാന നേതാവ് ജില്‍സ് പെരിയപ്പു പാർട്ടി വിട്ടിരുന്നു. പാർട്ടിക്ക് അനുവദിച്ച സീറ്റിൽ സി.പി.എം സ്വതന്ത്രയെ സ്ഥാനാർഥിയാക്കിയതിൽ പ്രതിഷേധിച്ചായിരുന്നു ഇത്. പിറവം നഗരസഭ കൗൺസലറായിരുന്ന ജില്‍സ് പിറവത്ത് സ്ഥാനാർഥിയാകുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്.
എന്നാൽ, നാടകീയമായാണ് സി.പി.എം സ്വതന്ത്രയായ ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഡോ. സിന്ധു മോൾ ജേക്കബ് സ്ഥാനാർഥി പട്ടികയിൽ ഇടംപിടിച്ചത്. പണവും ജാതിയും നോക്കിയാണ് സ്ഥാനാർഥി നിർണയമെന്ന് ജിൽസ് പരാതിപ്പെട്ടു. കേരള കോൺഗ്രസിന് ലഭിച്ച കുറ്റ്യാടി മണ്ഡലത്തെ ചൊല്ലിയും വിവാദം പുകയുകയാണ്. സീറ്റ് വിട്ടുനൽകില്ലെന്ന നിലപാടിലാണ് സി.പി.എം പ്രവർത്തകർ. മുന്നണി തീരുമാനത്തിനെതിരെ രണ്ട് ദിവസവും സി.പി.എം പ്രവർത്തകർ തെരുവിലിറങ്ങി പ്രകടനം നടത്തിയിരുന്നു