കേരളം
സംസ്ഥാനത്ത് ഇന്നും നാളെയും സമ്പൂർണ ലോക്ക്ഡൗൺ; ടിപിആർ അനുസരിച്ചുള്ള ലോക്ക്ഡൗണിൽ മാറ്റം വരുത്താനൊരുങ്ങി സർക്കാർ
കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് ഇന്നും നാളെയും സമ്പൂർണ ലോക്ക് ഡൗണ്‍. അവശ്യ സർവീസുകൾ മാത്രമായിരിക്കും അനുവദിക്കുക. പൊതുഗതാഗതം ഉണ്ടാവില്ല. ബാങ്കുകളും ഇന്ന് പ്രവർത്തിക്കില്ല. അവശ്യസേവന മേഖലയ്‌ക്കായി കെഎസ്‌ആർടിസി സർവീസ് നടത്തും. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾക്കും മാത്രമാണ് തുറക്കാൻ അനുമതി.
പാഠപുസ്തക അച്ചടി നടക്കുന്നതിനാൽ കേരള ബുക്‌സ് ആൻഡ് പബ്ലിക്കേഷൻ സൊസൈറ്റിക്ക് പ്രവർത്തനാനുമതി നൽകിയിട്ടുണ്ട്. ഹോട്ടലുകളിലും റസ്‌റ്റോറന്റുകളിലും ഹോം ഡെലിവറി മാത്രം. തിങ്കളാഴ്ച മുതൽ, നേരത്തേ പ്രഖ്യാപിച്ചിട്ടുള്ള രിതിയിൽ രോഗസ്ഥിരീകരണ നിരക്കിന്റെ അടിസ്ഥാനത്തിലുള്ള നിയന്ത്രണങ്ങളും ഇളവുകളും തുടരും. ടിപിആർ അടിസ്ഥാനത്തിൽ ഏർപ്പെടുത്തി വരുന്ന ലോക്ക്ഡൗൺ നിയന്ത്രണങ്ങളുടെ ഫലപ്രാപ്തിയിൽ മുഖ്യമന്ത്രി അവലോകന യോഗത്തിൽ സംശയം പ്രകടിപ്പിച്ചിരുന്നു. ബദൽ ശാസ്ത്രീയ മാർഗങ്ങൾ തേടാൻ കോവിഡ് അവലോകന യോഗത്തിൽ മുഖ്യമന്ത്രി നിർദേശിച്ചു. ഇതിനായി വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തി. ബുധനാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കാൻ സമിതിയോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
നിലവിലെ അടച്ചുപൂട്ടലിനെതിരെ വ്യാപക എതിർപ്പുകൾ ഉയരുന്ന സാഹചര്യം കൂടി പരിഗണിച്ചാണ് സർക്കാറിന്‍റെ പുനരാലോചന. അതേ സമയം ഇന്നും നാളെയും വാരാന്ത്യ ലോക് ഡൗൺ തുടരും. സംസ്ഥാനത്തെ കൊവിഡ് സാഹചര്യം വിലയിരുത്താനെത്തിയ കേന്ദ്രസംഘം ഇന്ന് ആലപ്പുഴ, കൊല്ലം ജില്ലകൾ സന്ദർശിക്കും. ആറംഗ സംഘമാണ് പത്തുജില്ലകളിലെ സന്ദർശനത്തിന് എത്തിയത്. എൻസിഡിസി ഡയറക്ടർ ഡോ. സുജീത് സിങ്ങിന്റെയും ഡോ. പി രവീന്ദ്രന്റെയും നേതൃത്വത്തിലുള്ള സംഘമാണ് സാഹചര്യം വിലയിരുത്തുക. തിങ്കളാഴ്ച്ചയാണ് ആരോഗ്യവകുപ്പുമായുള്ള നിർണായക കൂടിക്കാഴ്ച്ച.
ഉന്നത ഉദ്യോഗസ്ഥരെയും ആരോഗ്യമന്ത്രിയെയും സംഘം കാണും. ആഘോഷ വേളകൾ വരാനിരിക്കെ നിയന്ത്രണങ്ങളിലും വ്യാപനം സംബന്ധിച്ചും സംഘം നൽകുന്ന നിർദേശം പ്രധാനമാണ്. സമ്പർക്ക പട്ടിക കണ്ടെത്തി വ്യാപനം തടയുന്നതിൽ പാളിച്ചയുണ്ടായെന്ന് നേരത്തെ കേന്ദ്ര സംഘങ്ങൾ വിമർശനം ഉന്നയിച്ചിരുന്നു.