കേരളം
സംസ്ഥാനത്ത് പള്ളികൾ കൂടുന്നെന്ന് പരാതി, പരാതിക്കാരിയുടെ ഉദ്ദേശം സംശയാസ്പദം
തിരുവനന്തപുരം : സംസ്ഥാനത്ത് ക്രിസ്ത്യൻ പള്ളികളുടെ എണ്ണം കൂടുന്നതിനെ കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പരാതി നൽകിയ പരാതിക്കാരിയുടെ ഉദ്ദേശലക്ഷ്യം സംശയാസ്പദമാണെന്ന് തദ്ദേശസ്വയം ഭരണ വകുപ്പ് പ്രിൽസിപ്പൽ ഡയറക്ടർ. പരാതിയിൽ പൊതുവായി ഒരു വിഷയം പരാമർശിക്കുന്നുവെന്നല്ലാതെ പ്രത്യേകമായ ഒരു സംഭവത്തെ കുറിച്ച് ആധികാരികമായി ഒന്നും തന്നെ പറയുന്നില്ല. പരാതിക്കാരിയുടെ ഉദ്ദേശലക്ഷ്യം സംശയാസ്പദമാണ്. അതിനാൽ തുടർനടപടിയെടുക്കേണ്ടെന്ന് അറിയിക്കുന്നതായി പ്രിൻസിപ്പൽ ഡയറക്ടർ ഉത്തരവിറക്കി.
സംസ്ഥാനത്ത് ക്രിസ്ത്യൻ പള്ളികളുടെ എണ്ണം കൂടുന്നതിനെ കുറിച്ച് അന്വേഷിക്കാൻ തദ്ദേശ വകുപ്പിറക്കിയ ഉത്തരവാണ് വിവാദമായതോടെ പിൻവലിച്ചത്. ഉത്തരവിറക്കിയ ഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥയോട് തദ്ദേശ പ്രിൻസിപ്പൽ ഡയറക്ടർ വിശദീകരണവും ചോദിച്ചു.
ചീഫ് സെക്രട്ടറിക്ക് ലഭിച്ച ഒരു പരാതിയാണ് തദ്ദേശ വകുപ്പിന് കൈമാറിയത്. ബംഗലൂരു സ്വദേശിയാണ് പരാതി നൽകിയത്. സംസ്ഥാനത്ത് ക്രിസ്ത്യൻ പള്ളികളുടെ എണ്ണം കൂടുന്നതിനെ കുറിച്ച് അന്വേഷിക്കമെന്നായിരുന്നു പരാതിയിലെ ആവശ്യം. ഈ പരാതിയെ കുറിച്ച് അന്വേഷിക്കാൻ ചീഫ് സെക്രട്ടറി തദ്ദേശ അഡീഷണൽ ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടു. തദ്ദേശ അഡീഷണൽ ചീഫ് സെക്രട്ടറി ഈ പരാതി തദ്ദേശ ഡയറക്ടർക്ക് കൈമാറി.