കേരളം
കോര്‍പ്പറേഷന്റെ പണം ബാങ്ക് മാനേജര്‍ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റി; 2.53 കോടി കാണാനില്ല
കോഴിക്കോട് കോര്‍പ്പറേഷന്റെ പണം ബാങ്ക് മാനേജര്‍ തിരിമറി നടത്തിയെന്ന് പരാതി. പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ മുന്‍ മാനേജര്‍ സ്വന്തം അക്കൗണ്ടിലേക്ക് പണം മാറ്റിയെന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. 2.53 കോടി രൂപ കാണാനില്ലെന്ന് കാണിച്ച് ബാങ്ക് പൊലീസില്‍ പരാതി നല്‍കി. ബാങ്കും പൊലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കോര്‍പ്പറേഷന്റെ 13 അക്കൗണ്ടുകളാണ് കോഴിക്കോട് റെയില്‍വേ സ്‌റ്റേഷന് സമീപമുള്ള പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ ശാഖയിലുള്ളത്. ഇതില്‍ പൂരക പോഷകാഹാര പദ്ധതിയില്‍ നിന്ന് പണം പിന്‍വലിക്കാന്‍ കഴിഞ്ഞ മാസം കോര്‍പ്പറേഷന്‍ ചെക്ക് സമര്‍പ്പിച്ചപ്പോഴാണ് തിരിമറി പുറത്തുവന്നതെന്നാണ് കോര്‍പ്പറേഷന്റെ പരാതിയില്‍ പറയുന്നത്. ആവശ്യമായ തുകയില്ലെന്ന് കാട്ടി ബാങ്ക് ചെക്ക് മടക്കി. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ നാലു തവണകളായി 98ലക്ഷം രൂപ കോര്‍പ്പറേഷന്റെ അക്കൗണ്ടില്‍ നിന്ന് മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റിയതായി കണ്ടെത്തി.
ഇതിനെതിരെ ബാങ്കില്‍ കോര്‍പ്പറേഷന്‍ പരാതി നല്‍കി. ഈസമയത്ത് പുതിയ മാനേജറാണ് ബാങ്കിന്റെ ചുമതലയില്‍ ഉണ്ടായിരുന്നത്. കോര്‍പ്പറേഷന്റെ പരാതിയില്‍ പുതിയ മാനേജര്‍ ഇന്റേണല്‍ ഓഡിറ്റ് നടത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ മുന്‍ മാനേജറുടെ സ്വന്തം അക്കൗണ്ടിലേക്കാണ് പണം മാറ്റിയതെന്ന് കണ്ടെത്തി. പരാതിയുടെ അടിസ്ഥാനത്തില്‍ രണ്ടുദിവസത്തിനകം തന്നെ പണം കോര്‍പ്പറേഷന്റെ അക്കൗണ്ടിലേക്ക് ബാങ്ക് കൈമാറുകയും ചെയ്തു.
പിന്നീടും കോര്‍പ്പറേഷന്‍ നടത്തിയ പരിശോധനയില്‍ കോര്‍പ്പറേഷന്റെ തന്നെ മറ്റൊരു അക്കൗണ്ടായ ഓണ്‍ലൈന്‍ പേയ്‌മെന്റില്‍ നിന്നാണ് പണം കൈമാറിയതെന്ന് കണ്ടെത്തിയതായി കോര്‍പ്പറേഷന്‍ ആരോപിക്കുന്നു. ഈ ഓണ്‍ലൈന്‍ അക്കൗണ്ടില്‍ നിന്ന് 2.53 കോടി രൂപ കാണാതായെന്നാണ് കോര്‍പ്പറേഷന്‍ പരാതിപ്പെടുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം നടക്കുന്നത്. ബാങ്കും സമാന്തരമായി അന്വേഷണം നടത്തുന്നുണ്ട്.
അതേസമയം 98 ലക്ഷം രൂപ മാത്രമേ കാണാതായിട്ടുള്ളൂവെന്നാണ് ബാങ്ക് പറയുന്നത്. എന്നാല്‍ 2.53 കോടി രൂപ കാണാനില്ലെന്നാണ് കോര്‍പ്പറേഷന്റെ പരാതിയില്‍ പറയുന്നത്. ഇന്നലെ കോര്‍പ്പറേഷന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഇന്ന് വൈകീട്ടിന് മുന്‍പ് പണം കൈമാറാനാണ് നിര്‍ദേശം. എന്നാല്‍ കൈമാറേണ്ട തുക സംബന്ധിച്ച് ആശയക്കുഴപ്പം നിലനില്‍ക്കുകയാണ്.