കേരളം
ജോജു ജോര്‍ജിന് എതിരെ മോട്ടോര്‍ വാഹന വകുപ്പില്‍ പരാതി
നടന്‍ ജോജു ജോര്‍ജിന് എതിരെ മോട്ടോര്‍വാഹന വകുപ്പില്‍ പരാതി. അനധികൃതമായി നമ്പര്‍പ്ലേറ്റ് ഘടിപ്പിച്ചെന്നാണ് പരാതി. ജോജുവിന്റെ ഉടമസ്ഥതയിലുള്ള കെഎല്‍ 64 കെ 0005 എന്ന നമ്പറിലുള്ള ലാന്‍ഡ് റോവര്‍ ഡിഫന്‍ഡറില്‍, വാഹന കമ്പനി നല്‍കിയ നമ്പര്‍പ്ലേറ്റ് മാറ്റി, ഏക നമ്പര്‍പ്ലേറ്റ് ഘടിപ്പിച്ചെന്നാണ് പരാതി. പൊതുപ്രവര്‍ത്തകന്‍ മനാഫ് പുതുവായില്‍ ആണ് പരാതി നല്‍കിയിരിക്കുന്നത്.
ജോജുവിന്റെ ഹരിയാന രജിസ്‌ട്രേഷനുള്ള ബിഎംഡബ്ല്യു കാര്‍ രജിസ്‌ട്രേഷന്‍ മാറ്റാതെ വര്‍ഷങ്ങളായി കേരളത്തില്‍ ഓടുന്നതിന് എതിരെയും മനാഫ് പരാതി നല്‍കിയിട്ടുണ്ട്. ഇന്ധനവില വര്‍ധനവിന് എതിരെ കൊച്ചിയില്‍ കോണ്‍ഗ്രസ് നടത്തിയ സമരത്തില്‍ ഗതാഗതം തടസ്സപ്പെടുത്തിയത് ജോജു ചോദ്യം ചെയ്തതും അക്രമമുണ്ടായതും വിവാദമായതിന് പിന്നാലെയാണ് പരാതി നല്‍കിയിരിക്കുന്നത്.
അതേസമയം, ജോജുവിന്റെ കാര്‍ തല്ലിപ്പൊളിച്ച കേസില്‍ അറസ്റ്റിലായ കോണ്‍ഗ്രസ് നേതാവ് ജോസഫറിനെ റിമാന്‍ഡ് ചെയ്തു. ദേശീയപാത ഉപരോധിച്ച് കോണ്‍ഗ്രസ് നടത്തിയ സമരത്തില്‍ നാടകീയ സംഭവങ്ങളാണ് അരങ്ങേറിയത്. സമരത്തെ തുടര്‍ന്ന് ദേശീയപാതയില്‍ വാഹനകുരുക്ക് അനുഭവപ്പെട്ടതോടെ നടന്‍ ജോജു പ്രതിഷേധവുമായി രംഗത്തുവരികയായിരുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായുള്ള വാക്കേറ്റത്തെ തുടര്‍ന്ന് ജോജുവിന്റെ കാറിന്റെ ചില്ല് അടിച്ചുതകര്‍ത്തിരുന്നു.
ദേശീയപാത ഉപരോധിച്ചതിലും കാറിന്റെ ചില്ല് തകര്‍ത്തതിലും ജോജുവിന്റെ പരാതിയില്‍ പൊലീസ് കേസെടുത്തിരുന്നു. ഇതിന്റെ തുടര്‍ച്ചയായി നടത്തിയ അന്വേഷണത്തിലാണ് കാറിന്റെ പിന്നിലെ ചില്ല് തകര്‍ത്ത കോണ്‍ഗ്രസ് പ്രവര്‍ത്തകനെ പൊലീസ് കണ്ടെത്തിയത്. ചില്ല് തകര്‍ക്കുന്ന സമയത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ കൈയ്ക്ക് പരിക്കേറ്റിരുന്നു. കാറില്‍ നിന്ന് ലഭിച്ച രക്തസാമ്പിളുകളും കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ രക്തസാമ്പിളുകളും ഒന്നായതോടെയാണ് ജോസഫിനെ അറസ്റ്റ് ചെയ്തത്.