കേരളം
വൈറൽ ആയ റാസ്‌പുടിൻ ഡാൻസ്; ജാനകിക്കും നവീനുമെതിരെ വർഗീയ പ്രചരണം
സമൂഹമാധ്യമങ്ങളിൽ തരംഗമായ മുപ്പത് സെക്കൻഡ് നൃത്തത്തിലെ ജാനകിക്കും നവീനുമെതിരെ വർഗീയ പ്രചരണം നടക്കുന്നതായി റിപ്പോർട്ട്. ചില സംഘ്‌പരിവാർ അനുഭാവികളും, തീവ്ര ഹിന്ദുത്വവാദികളുമാണ് ലവ് ജിഹാദ് പോലുള്ള ആരോപണങ്ങളുമായി മെഡിക്കൽ കോളേജ് വിദ്യാർഥികളായ ഇരുവർക്കുമെതിരെ വർഗീയ ചേരിതിരിവ് സൃഷ്‌ടിക്കുന്ന തരത്തിൽ പ്രചരണം നടത്തുന്നത്.
വൈറൽ വീഡിയോ കാണാം
കൃഷ്‌ണരാജ് എന്ന അഭിഭാഷകൻ ഇവരെ കുറിച്ച് ഫെയ്‌സ്‌ബുക്കിൽ എഴുതിയ വിദ്വേഷ കുറിപ്പാണ് വിവാദമായിരിക്കുന്നത്. “ജാനകിയും നവീനും, തൃശൂർ മെഡിക്കൽ കോളേജിലെ രണ്ട് വിദ്യാർത്ഥികളുടെ ഡാൻസ് വൈറൽ ആകുന്നു. ജാനകി എം ഓംകുമാറും നവീൻ കെ റസാക്കും ആണ് വിദ്യാർത്ഥികൾ… എന്തോ ഒരു പന്തികേട് മണക്കുന്നു. ജാനകിയുടെ മാതാപിതാക്കൾ ഒന്ന് ശ്രദ്ധിച്ചാൽ നന്ന്. സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട എന്നല്ലേ നിമിഷയുടെ അമ്മ തെളിയിക്കുന്നത്. ജാനകിയുടെ അച്ഛൻ ഓംകുമാറിനും ഭാര്യക്കും വേണ്ടി നമുക്ക് പ്രാർത്ഥിക്കാം’എന്നാണ് ഇയാളുടെ കുറിപ്പ്.
ജാനകിക്കൊപ്പം ഡാന്‍സ് ചെയ്‌ത നവീന്റെ പേരിനൊപ്പമുള്ള റസാഖ് ചൂണ്ടിക്കാട്ടി, മതം പറഞ്ഞാണ് തീവ്ര ഹിന്ദു സംഘടന പ്രവർത്തകർ സാമൂഹമാധ്യമങ്ങൾ വഴി വിദ്വേഷപ്രചരണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. സൈബർ ആക്രമണത്തിനെതിരെ നിരവധി പേരാണ് രംഗത്തെത്തിയത്. നൃത്തം കണ്ട് ആസ്വദിക്കുന്നതിന് പകരം അവരുടെ മതം ഉയർത്തിപ്പിടിച്ച് വിദ്വേഷം പ്രചരിപ്പിക്കുന്ന വക്കീല്‍ കേരള സമൂഹത്തിന് തന്നെ അപമാനവും അപകടകാരിയും ആണെന്ന്, കൃഷ്ണരാജിന് ആളുകൾ മറുപടി നല്‍കുന്നുണ്ട്.
“രണ്ടു മെഡിക്കൽ വിദ്യാർഥികൾ ഒരുമിച്ച് മനോഹരമായ ഒരു ഡാൻസ് കളിച്ചു. സാധാരണ ആരും അത് ആസ്വദിക്കും. അതിനുപകരം ഇമ്മാതിരി വൃത്തികേട് ചിന്തിക്കുന്ന തന്നെയൊക്കെ എന്ത് പറയാനാണ്.” എന്നാണ് ഡോ. ജിനേഷ് പി എസ് കൃഷ്ണരാജിന്റെ പോസ്റ്റിന് മറുപടി പറഞ്ഞിരിക്കുന്നത്.
തൃശൂർ മെഡിക്കൽ കോളജ് വരാന്തയിലെ 30 സെക്കൻഡ് നൃത്തം ജീവിതം മാറ്റിമറിച്ചതിന്റെ സന്തോഷത്തിലും അദ്ഭുതത്തിലുമാണ് വിദ്യാർഥികളായ ജാനകിയും നവീനും. വിഡിയോ വൈറലായതോടെ ഇവരെ തേടി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും അഭിനന്ദനങ്ങള്‍ എത്തി.
‘‘റാ റാ റാസ്‌പുടിൻ… ലവർ ഓഫ് ദ് റഷ്യൻ ക്വീൻ…’’ എന്ന ബോണി എം ബാൻഡിന്റെ പാട്ടിനൊത്തായിരുന്നു ഇവരുടെ ഡാൻസ്. ഇൻസ്റ്റഗ്രാം റീൽസിൽ നവീൻ പങ്കുവച്ച വിഡിയോ ആണു തരംഗം തീർത്തത്.
ആശുപത്രിയുടെ മുകൾനിലയിലെ വരാന്തയിലായിരുന്നു ഇവരുടെ പ്രകടനം. ആളുകളുടെ തിരക്കില്ലാത്ത സ്ഥലം എന്ന നിലയിലാണ് അവിടെ ഡാൻസ് കളിക്കാൻ തീരുമാനിച്ചത്. യൂണിഫോമായിരുന്നു വേഷം. ഇതെല്ലാം വിഡിയോ ശ്രദ്ധ നേടാൻ കാരണമായി. നവീന്റെ ബാച്ച്മേറ്റ് മുഷ്താഖ് ആണു വിഡിയോ ഷൂട്ട് ചെയ്തത്.
സെലിബ്രിറ്റികളുൾപ്പടെ വിഡിയോ പങ്കുവയ്ക്കുകയും അഭിനനന്ദനമറിയിച്ച് കമന്റിടുകയും ചെയ്തപ്പോഴാണു വിഡിയോയ്ക്ക് ലഭിച്ച സ്വീകാര്യത ഇവർക്ക് മനസ്സിലായത്. സമൂഹമാധ്യമങ്ങളിലെ ഫോളോവേഴ്സ് വർധിച്ചതായും ജാനകി പറയുന്നു.