കേരളം
മൻസൂർ കൊലപാതകം; ക്രൈബ്രാഞ്ച് കസ്റ്റഡിയിൽ വാങ്ങിയ പ്രതികളുടെ തെളിവെടുപ്പ് പൂർത്തിയായി
പാനൂർ മൻസൂർ കൊലക്കേസിൽ ക്രൈബ്രാഞ്ച് കസ്റ്റഡിയിൽ വാങ്ങിയ പ്രതികളുടെ തെളിവെടുപ്പ് പൂർത്തിയായി. കസ്റ്റഡി കാലാവധി തീരുന്നതിനാൽ ഇന്ന് തിരികെ കോടതിയിൽ ഹാജരാക്കും. പ്രതികൾ തമ്മിൽ കൃത്യത്തിനു മുൻപും ശേഷവും ബന്ധപ്പെട്ടതിൻ്റെ ഫോൺ വിവരങ്ങളാണ് പ്രധാനമായും ശേഖരിച്ചത് ക്രൈംബ്രാഞ്ച് ശേഖരിച്ചത്. ഇവരിൽ നിന്ന് പിടിച്ചെടുത്ത ഫോണിലെ കോൾ രേഖകൾ സംബന്ധിച്ച് പ്രതികളോട് ചോദിച്ചറിഞ്ഞു .
അതേ സമയം ഒന്നാം പ്രതി ഷിനോസിന് കൊവിഡ് പോസിറ്റീവായതിനാൽ ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ചിന് കഴിഞ്ഞിട്ടില്ല. പ്രതിപട്ടികയിലെ പലരെയും ഇനിയും പിടികൂടിയിട്ടില്ല. മൻസൂർ വധവുമായി ബന്ധപ്പെട്ട് പ്രധാന പ്രതികളെ പിടിക്കാൻ പൊലീസ് തയ്യാറാകുന്നില്ലെന്ന ആരോപണവുമായി മുസ്ലിം ലീഗ് രംഗത്ത് വന്നിട്ടുണ്ട്.
അതേസമയം മൻസൂറിനെ കൊല്ലാനല്ല ആക്രമിച്ചതെന്നും കൈയും കാലും തല്ലിയൊടിക്കുകയായിരുന്നു ലക്ഷ്യമെന്നും പ്രതികൾ വെളിപ്പെടുത്തി .കോടതി കസ്റ്റഡിയിൽ വിട്ട ഏഴു പ്രതികളെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യവേയാണ് ഇക്കാര്യം പറഞ്ഞത്.അതിനുള്ള ആയുധങ്ങളാണ് കരുതിയിരുന്നത്. ആളുകൾ കൂടിയപ്പോൾ ഭയപ്പെടുത്താൻ ബോംബെറിയുകയായിരുന്നു. പക്ഷേ കാര്യങ്ങൾ കൈവിട്ടുപോയി.തിരഞ്ഞെടുപ്പ് ദിനത്തിലും മറ്റും സി.പി.എം പ്രാദേശിക നേതാക്കളെ മർദിച്ചതിന്റെ വിരോധത്തിൽ ഏതെങ്കിലും മുസ്ളിംലീഗ് പ്രവർത്തകനെ ആക്രമിക്കുകയായിരുന്നു ലക്ഷ്യമെന്നും പ്രതികൾ മൊഴി നൽകി.
മൻസൂറിനെ ആക്രമിക്കുന്നതിനു മുമ്പും ശേഷവും കൊലയാളിസംഘം ഫോണിൽ വിളിച്ചത് ഏതു നേതാവിനെ എന്ന ചോദ്യത്തിന് ഉത്തരം തേടുകയാണ് അന്വേഷണസംഘം.പ്രതികളുടെ മൊബൈൽ ഫോണിൽ നിന്ന് ചില തെളിവുകൾ ലഭിച്ചിട്ടുണ്ട്. സൈബർസെൽ റിപ്പോർട്ട് കിട്ടിക്കഴിഞ്ഞാൽ നേതാക്കൾ ഉൾപ്പെടെ കൂടുതൽ പേർ പ്രതികളാവാൻ സാദ്ധ്യതയുണ്ട്.ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി പി.വിക്രമന്റെ നേതൃത്വത്തിലാണ് ചോദ്യംചെയ്യൽ. തിരഞ്ഞെടുപ്പ് ദിവസം രാത്രി എട്ടരയോടെ ബോംബേറിൽ പരിക്കേറ്റ മൻസൂർ പിറ്റേന്ന് രാവിലെയാണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്.