കേരളം
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റിയെന്ന കേസ്: ലോകായുക്ത ഉത്തരവിനെതിരായ പുനഃപരിശോധന ഹർജി തള്ളി
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റിയെന്ന കേസിലെ ലോകായുക്ത ഉത്തരവിനെതിരായ പുനഃപരിശോധന ഹർജി ഹൈക്കോടതി തള്ളി. കേസ് ഫുൾബെഞ്ചിന് വിട്ട ഉത്തരവിൽ ഇടപെടാൻ ആവില്ലെന്ന് നേരത്തെ ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഇതിനെതിരെ സമർപ്പിച്ച പുനഃപരിശോധന ഹർജിയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് തള്ളിയത്. എല്ലാ പാർട്ടികൾക്കും ലോകായുക്തക്ക് മുന്നിൽ വാദങ്ങൾ അവതരിപ്പിക്കാൻ അവസരമുണ്ടെന്നും കോടതി വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ദുരുപയോഗം ചെയ്തെന്ന പരാതി ലോകായുക്ത ഫുൾ ബെഞ്ചിന് വിട്ടത് ചോദ്യം ചെയ്തുള്ള ഹർജി കഴിഞ്ഞയാഴ്ചയാണ് ഹൈക്കോടതി തള്ളിയത്. ഹർജിയിൽ ഇടപെടാൻ മതിയായ കാരണങ്ങളില്ലെന്ന് കോടതി വിലയിരുത്തിയിരുന്നു. ദുരിതാശ്വാസനിധി ദുരുപയോഗം ചെയ്തെന്നാരോപിച്ച് മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമെതിരെയായിരുന്നു പരാതി. പരാതി വിശദമായി പരിഗണിക്കാൻ ഫുൾ ബെഞ്ചിലേക്ക് വിട്ടുകൊണ്ടായിരുന്നു ലോകായുക്ത രണ്ടംഗ ബെഞ്ചിന്റെ ഉത്തരവ്. ഇതിനെതിരെ പരാതിക്കാരനായ ആർ എസ് ശശികുമാറാണ് ഹൈക്കോടതിയെ സമീപിച്ചത്.