കേരളം
CMRL-ന്റെ ഖനനാനുമതി റദ്ദാക്കിയത് മാസപ്പടി ആരോപണത്തിന് ശേഷം; രേഖകൾ പുറത്ത്
സി.എം.ആര്‍.എല്ലിനുള്ള കരിമണല്‍ ഖനനാനുമതി റദ്ദാക്കിയത് മാസപ്പടി ആരോപണവുമായി ബന്ധപ്പെട്ട വിവാദത്തിന് ശേഷം. ഖനനാനുമതി റദ്ദാക്കിയത് 2023 ഡിസംബര്‍ 18-ന് തെളിയിക്കുന്ന രേഖകള്‍ പുറത്തുവന്നു. കേന്ദ്രനിയമപ്രകാരം 2019-ല്‍ തന്നെ കരാര്‍ റദ്ദാക്കാമായിരുന്നു. അതിനുശേഷവും അഞ്ചുവര്‍ഷത്തോളം കരാര്‍ നിലനിന്നു.
2019 ഫെബ്രുവരി 20-ന് അറ്റോമിക് മിനറല്‍സിന്റെ ഖനനം സ്വകാര്യമേഖലയില്‍ പാടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. സ്വകാര്യ ഖനനത്തിനുള്ള എല്ലാ കരാറുകളും റദ്ദാക്കണമെന്ന് 2019 മാര്‍ച്ച് 19-നാണ് കേന്ദ്രം ഉത്തരവിറക്കിയത്. മാസപ്പടി വിവാദവുമായി ബന്ധപ്പെട്ട് മാത്യു കുഴല്‍നാടന്റെ വാര്‍ത്താസമ്മേളനത്തിന് തൊട്ടുപിന്നാലെയാണ് ഖനനാനുമതി റദ്ദാക്കിയത്.
പിണറായി വിജയൻ മുഖ്യമന്ത്രിയായ 2016 മുതൽ മകൾക്ക് മാസപ്പടി ലഭിച്ചിട്ടുണ്ടെന്ന ഗുരുതരമായ ആരോപണം കഴിഞ്ഞദിവസം കുഴൽനാടൻ ഉന്നയിച്ചിരുന്നു. പ്രത്യുപകാരമായി സ്വകാര്യ കരിമണൽക്കമ്പനിയായ സി.എം.ആർ.എലിനെ സഹായിക്കാൻ മുഖ്യമന്ത്രി ഇടപെട്ടെന്നും അദ്ദേഹം ആരോപിച്ചിരുന്നു. സ്വകാര്യ കമ്പനികൾക്ക് ഖനനാനുമതി നൽകാൻ പാടില്ലെന്ന് കേന്ദ്രം ഉത്തരവിട്ടപ്പോൾ, പൊതുമേഖലാ സ്ഥാപനങ്ങളെ ഉൾപ്പെടുത്തി മുഖ്യമന്ത്രി സംയുക്ത സംരംഭമുണ്ടാക്കി കരിമണൽ ഖനനം നടത്താനുള്ള വഴിതേടിയെന്നും ആരോപിച്ചിരുന്നു.
നല്‍കാത്ത സേവനത്തിന് മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന്റെ കമ്പനി എക്‌സാലോജിക് സൊലൂഷ്യന്‍സ്, കരിമണല്‍ കമ്പനിയില്‍നിന്ന് പ്രതിഫലം കൈപ്പറ്റിയെന്നായിരുന്നു ആദായ നികുതി വകുപ്പിന്റെ ഇന്ററി സെന്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തല്‍. പ്രത്യേക സേവനമൊന്നും നല്‍കാതെ എക്‌സാലോജിക്കിന് 1.72 കോടി രൂപ മൂന്ന് വര്‍ഷത്തിനിടെ നല്‍കിയെന്നായിരുന്നു ആദായനികുതി വകുപ്പ് കണ്ടെത്തിയത്. ഇതിന് പിന്നാലെയാണ് മാസപ്പടി ആരോപണം ഉയര്‍ന്നത്. വീണയ്ക്ക് പ്രതിമാസം എട്ടുലക്ഷം രൂപയാണ് മാസപ്പടി ലഭിച്ചത് എന്നായിരുന്നു മാത്യു കുഴല്‍നാടന്റെ ആരോപണം.
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക!