കേരളം
ഈ വിജയത്തിന്റെ അവകാശികൾ ജനങ്ങൾ…; സർക്കാരിന്റെ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമെന്ന് മുഖ്യമന്ത്രി
തെരഞ്ഞെടുപ്പ് വിജയം ജനങ്ങളുടെ വിജയമാണ്. ഇതിന്റെ നേരവകാശികൾ കേരളജനതയാണ്. നടന്നത് വലിയ രാഷ്ട്രീയ പോരാട്ടമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്താണ് അത്ര വലിയ ഉറപ്പെന്ന് സംശയം പ്രകടിപ്പിച്ചവരോട് അന്ന് പറഞ്ഞത് ഞങ്ങൾ ജനങ്ങളേയും ജനങ്ങൾ ഞങ്ങളേയും വിശ്വസിക്കുന്നു എന്നാണ്. അത് തെളിയിക്കുന്നതാണ് തെരഞ്ഞെടുപ്പ് ഫലം.
അഞ്ച് വർഷത്തെ പ്രവർത്തന മികവിന് അംഗീകാരം ലഭിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.എൽ ഡി എഫിന് മാത്രമേ എന്തെങ്കിലും ചെയ്യാൻ കഴിയു എന്ന പൊതുബോധം ഉണ്ടായി .എൽ ഡി എഫ് പറയുന്ന കാര്യങ്ങൾ നടപ്പാക്കും. ഈ ചിന്തയാണ് ജനങ്ങൾ വീണ്ടും ഞങ്ങളെ തിരഞ്ഞെടുക്കാൻ കാരണം. പ്രതിസന്ധിഘട്ടങ്ങളിലെല്ലാം ജനങ്ങളുടെ ക്ഷേമം നിലനിർത്തുന്നതിനുള്ള നടപടികൾ ഉണ്ടായി.
ഇത് ഇടതുമുന്നണിക്ക് മാത്രം ഉറപ്പ് നൽകാൻ കഴിയുന്ന കാര്യമാണ്. ക്ഷേമത്തോടെ ജീവിക്കണമെങ്കിൽ എൽഡിഎഫിന്റെ തുടർഭരണം വേണമെന്ന ചിന്ത സംസ്ഥാനത്ത് പൊതുവേയുണ്ടായി. ജാതിമത രാഷ്ട്രീയ വ്യത്യാസമന്യേ എല്ലാ കുടുംബങ്ങളിലും ഇത്തരം ഒരു ബോധ്യമുണ്ടായി. സാമൂഹ്യനീതി ഉറപ്പാക്കാൻ ഇടത് സർക്കാരിനേ കഴിയൂ എന്നും ജനം തിരിച്ചറിഞ്ഞു. അതിനാൽ ഈ മഹാവിജയം ജനത്തിന് സമർപ്പിക്കുന്നുവെന്നും പിണറായി പറഞ്ഞു.
എൽഡിഎഫ് നേതൃത്വം കൊടുക്കുന്ന സര്‍ക്കാര്‍ ആപത്ഘട്ടത്തിൽ നാടിനെ എങ്ങിനെ നയിക്കുന്നുവെന്ന് നേരിട്ട് അനുഭവമുള്ളവരാണ് ജനം. അതിലൂടെയാണ് നാടിന്റെ ഭാവിക്ക് ഇടത് തുടര്‍ഭരണം വേണം, കേരളത്തിന്റെ വികസനത്തിന് തുടര്‍ഭരണം വേണമെന്ന നിലപാട് ജനം സ്വീകരിച്ചത്. നാട്ടിൽ ഒട്ടേറെ പദ്ധതികള്‍ പൂര്‍ത്തിയാകേണ്ടതുണ്ട്. നാടിന്റെ വലിയ പ്രശ്നം തൊഴിലില്ലായ്മയാണ്. അതിന് കൂടുതൽ തൊഴിൽ അവസരം ഇവിടെയുണ്ടാകണം. നേരത്തെ ഇടത് സര്‍ക്കാര്‍ ആരംഭിച്ച ഈസ് ഓഫ് ഡൂയിങ് ബിസിനസിലൂടെയാണ് നാടിന്റെ വ്യാവസായി അന്തരീക്ഷം മാറുക.
ഇക്കാര്യത്തിൽ ഇടതുപക്ഷം പ്രകടനപത്രികയിൽ ഏതെല്ലാം തരത്തിൽ മാറ്റം വരുത്തുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അത് വെറും വീഴ്വാക്കല്ലെന്ന് ജനം പൂര്‍ണമായി ഉള്‍ക്കൊള്ളുന്നു. എൽഡിഎഫ് നടപ്പാക്കാൻ കഴിയുന്നതേ പറയൂ, പറയുന്നത് നടപ്പാക്കും എന്ന ഉറച്ച വിശ്വാസം ജനത്തിനുണ്ട്. അത് മാധ്യമങ്ങള്‍ നടത്തിയ പ്രചാരണത്തിന്റെ ഭാഗമായുണ്ടായതല്ല. ഈ നാട്ടിൽ ജീവിക്കുന്ന കുഞ്ഞുങ്ങളടക്കം എല്ലാവര്‍ക്കുമുള്ള അനുഭവവും ബോധ്യവുമാണ്. അതുകൊണ്ടാണ് നാടിന്റെ ഭാവി താത്പര്യത്തിന് എൽഡിഎഫ് തുടര്‍ ഭരണം വേണമെന്ന് ജനം തീരുമാനിച്ചത്.