Connect with us

കേരളം

ഇന്നത്തെ വാർത്താ സമ്മേളനത്തിന്റെ വിശദരൂപം; സ്ഥിതി വിശദീകരിച്ച് മുഖ്യമന്ത്രി

Published

on

2ee1dd4c c280 11ea bed6 81066a26d6e8

കോവിഡ് വ്യാപനം ഗണ്യമായി കുറയാത്ത സ്ഥിതിയാണ് സംസ്ഥാനത്തുള്ളത്. കഴിഞ്ഞ 3 ദിവസത്തെ ശരാശരി ടിപിആര്‍ 10.5 ശതമാനം ആണ്. 10.2 ല്‍ നിന്നാണ് ഉയര്‍ന്നത്. ഇന്ന് 14,087 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 1,31,682 പരിശോധന നടത്തിയപ്പോഴാണിത്. 109 മരണങ്ങളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ആകെ 1,15,226 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്.

അനന്തമായി ലോക്ക് ഡൌണ്‍ അടക്കമുള്ള നിയന്ത്രണങ്ങള്‍ കൊണ്ട് പോകാനാവില്ല. എത്രയും വേഗം സാധാരണ നിലയിലേക്ക് എത്തേണ്ടതുണ്ട്. അതിനുള്ളസാഹചര്യമൊരുക്കുകയാണ് പ്രധാനം. അതുകൊണ്ടാണ് നിയന്ത്രണങ്ങളില്‍ ഘട്ടം ഘട്ടമായി ഇളവുകള്‍ വരുത്തുന്നത്. ആ ഇളവുകള്‍ ദുരുപയോഗം ചെയ്യപ്പെടുന്ന പ്രവണത അനുവദിക്കില്ല.
കോവിഡ് രണ്ടാംതരംഗം മറ്റ് സംസ്ഥാനങ്ങളില്‍ കെട്ടടങ്ങി തുടങ്ങിയെങ്കിലും കേരളത്തിലെന്തുകൊണ്ടാണ് രോഗികളുടെ എണ്ണത്തില്‍ കുറവ് വരാത്തതെന്ന് പലരും ആശങ്കപ്പെടുന്നുണ്ട്. പൊതുജനാരോഗ്യ തത്വങ്ങളനുസരിച്ച് പരിശോധിച്ചാല്‍ ഇതില്‍ അത്ഭുതപ്പെടേണ്ടതില്ല. അമിതമായി ഭയപ്പെടേണ്ടതില്ലെന്നും കാര്യങ്ങള്‍ നിയന്ത്രണത്തിലാണെന്നും ആത്മവിശ്വാസത്തോടെ നമുക്ക് പറയാന്‍ കഴിയും

മാര്‍ച്ച് മധ്യത്തില്‍ മറ്റ് സംസ്ഥാനങ്ങളില്‍ ആരംഭിച്ച കോവിഡ് രണ്ടാംതരംഗം കേരളത്തില്‍ അല്പം വൈകി മെയ് മാസത്തോടെയാണ് പ്രത്യക്ഷപ്പെട്ടത്. ഒരു ഘട്ടത്തില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 29 ശതമാനം വരെ ഉയര്‍ന്നു. പ്രതിദിന രോഗികളുടെ എണ്ണം നാല്പതിനായിരത്തിന് മുകളിലായിരുന്നു. പിന്നീട് ടെസ്റ്റ് പോസ്റ്റിറ്റിവിറ്റി നിരക്ക് കുറഞ്ഞ് ഇപ്പോള്‍ 10 നടുത്ത് ഏതാനും ദിവസങ്ങളിലായി വലിയ മാറ്റമില്ലാതെ നില്‍ക്കുന്നു.

പുതുതായി രോഗബാധിതരാകുന്നവരുടെ എണ്ണം ഇപ്പോള്‍ 10-14 ആയിരമായികുറഞ്ഞിട്ടുണ്ടെങ്കിലും ടി പി ആര്‍ താഴാതെ നില്‍ക്കുന്നു. രോഗികളുടെ എണ്ണത്തിലുണ്ടായ വര്‍ധനയ്ക്കനുപാതമായി മരണമടയുന്നവരുടെ എണ്ണത്തിലും വര്‍ധനവുണ്ടായിട്ടുണ്ട്.
രോഗികളുടെ എണ്ണം ഏറ്റവും കൂടിയിരുന്ന അവസരത്തില്‍ പോലും കോവിഡ് ആശുപത്രികളിലും ഐ സി യു കളിലും രോഗികള്‍ക്ക് ഉചിതമായ ചികിത്സ നല്‍കാനായിട്ടുണ്ട്. കോവിഡ് ആശുപത്രികിടക്കളുടെ 60 -70 ശതമാനത്തില്‍ കൂടുതല്‍ ഒരിക്കലും ഉപയോഗിക്കേണ്ടി വന്നിട്ടില്ല. മൊത്തം രോഗികളില്‍ 90 ശതമാനത്തോളം പേര്‍ക്ക് സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യ ചികിത്സ നല്‍കിവരുന്നു. മറ്റൊരു സംസ്ഥാനത്തിനും കൈവരിക്കാന്‍ കഴിയാത്ത നേട്ടമാണിത്.

കാസ്പില്‍ (കാരുണ്യ ആരോഗ്യ സുരക്ഷപദ്ധതി) ചേര്‍ന്നിട്ടുള്ള 252 ഓളം സ്വകാര്യ ആശുപത്രികളില്‍ ചികിത്സ നല്‍കുന്നുണ്ട്. . മറ്റ് സ്വകാര്യ ആശുപത്രികളിലെ ചികിത്സാ ചെലവ് സര്‍ക്കാര്‍ നിയന്ത്രിച്ചിട്ടുമുണ്ട്. സര്‍ക്കാര്‍ സ്വകാര്യ മേഖലകള്‍ തികഞ്ഞ സഹകരണത്തോടെയാണ് കോവിഡിനെ നേരിടാന്‍ ശ്രമിച്ച് വരുന്നത്.

ഗുരുതരമായ രോഗലക്ഷണമില്ലാതെ സമ്പര്‍ക്കവിലക്കില്‍ കഴിയേണ്ടിവരുന്നവര്‍ക്ക് അതിനുള്ള സൗകര്യം വീടുകളിലില്ലെങ്കില്‍ അവര്‍ക്ക് മാറി താമസിക്കാനാണ് ഗാര്‍ഹിക പരിചരണ കേന്ദ്രങ്ങള്‍ (ഡൊമിസിലിയറി കെയര്‍ സെന്‍റര്‍ ) സംഘടിപ്പിച്ചത്. ഒന്നാം തരംഗത്തിന്‍റെ അവസാനത്തോടെ ഐ സി എം ആര്‍ നടത്തിയ സീറോ പ്രിവലന്‍സ് പഠനമനുസരിച്ച് രോഗവ്യാപനനിരക്ക് മറ്റ് സംസ്ഥാനങ്ങളുടേതിന്‍റെ (21.6) ഏതാണ്ട് പകുതിമാത്രം (11.4) മാത്രമായിരുന്നു കേരളത്തില്‍ രേഖപ്പെടുത്തിയത്. അത് കൊണ്ട് തന്നെ രണ്ടാം തരംഗത്തില്‍ രോഗസാധ്യതയുള്ളവര്‍ സംസ്ഥാനത്ത് കൂടുതലായിരുന്നു. അതുകൊണ്ടാണ് രണ്ടാം തരംഗത്തില്‍ രോഗികളുടെ എണ്ണം വര്‍ധിച്ചത്. ആ സാഹചര്യത്തില്‍ ടെസ്റ്റിംഗിന്‍റെ എണ്ണം ഗണ്യമായി വര്‍ധിപ്പിച്ചിട്ടുമുണ്ട്.

ഐസിഎംആറിന്‍റെ സെറോ പ്രിവലന്‍സ് പഠനം ഇന്ത്യയിലെ പല നഗരങ്ങളിലും 70 മുതല്‍ 80 ശതമാനം പേര്‍ക്ക് രോഗം വന്നു പോയി എന്ന് കണ്ടെത്തിയിട്ടുണ്ട്.
കോവിഡ് പോലൊരു മഹാമാരിയെ നേരിടുന്ന ഘട്ടത്തില്‍ മരണങ്ങളുടെ റിപ്പോര്‍ട്ടിംഗ് അത്ര അനായാസമായി ചെയ്യാവുന്ന ഒന്നല്ല. എങ്കിലും മിക്ക സംസ്ഥാനങ്ങളേക്കാള്‍ മെച്ചപ്പെട്ട രീതിയില്‍ റിപ്പോര്‍ടിംഗ് ചെയ്ത സംസ്ഥാനമാണ് കേരളം എന്ന് ഐസിഎംആര്‍ന്‍റെ പഠനങ്ങള്‍ തെളിയിക്കുന്നു. ഒരുദാഹരണം മധ്യപ്രദേശാണ്. അധിക മരണങ്ങള്‍ കണ്ടെത്താന്‍ ഈ മെയ് മാസത്തില്‍ നടത്തിയ എക്സസ് ഡെത്ത് അനാലിസിസ് പ്രകാരം 2019 മെയ് മാസത്തേക്കാള്‍ 1,33,000 അധിക മരണങ്ങളാണ് മധ്യപ്രദേശില്‍ ഉണ്ടായതായി കണക്കാക്കപ്പെട്ടത്. എന്നാല്‍ 2461 മരണങ്ങള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. റിപ്പോര്‍ട്ട് ചെയ്തതിന്‍റെ 54 ഇരട്ടിയാണ് അവിടെ സംഭവിച്ച മരണങ്ങളുടെ കണക്ക് എന്ന് കാണാം. അത്തരം പ്രശ്നങ്ങള്‍ നമ്മുടെ സംസ്ഥാനത്തില്ല.

കോവിഡിന്‍റെ ആദ്യ തരംഗ സമയത്തു ഇന്ത്യയില്‍ ഒന്നാകെ 21 പേരില്‍ രോഗബാധ ഉണ്ടാകുമ്പോള്‍ ആയിരുന്നു ഒരു കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. നമ്മുടെ തൊട്ടടുത്ത സംസ്ഥാനങ്ങളില്‍ ഏകദേശം 30 കേസുകള്‍ ഉണ്ടാകുമ്പോള്‍ ആയിരുന്നു ഒരു കേസ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. എന്നാല്‍ കേരളത്തില്‍ 3 കേസുകള്‍ ഉണ്ടാകുമ്പോള്‍ തന്നെ ഒരു കേസ് റിപ്പോര്‍ട്ട് ചെയ്യാന്‍ നമുക്കു സാധിച്ചു. ആ ജാഗ്രതയാണ് നാം ഇപ്പോഴും തുടരുന്നത്.

രണ്ടാംതരംഗത്തില്‍ രോഗവ്യാപന സാധ്യത വളരെയെറെയുള്ള ഡെല്‍റ്റ വൈറസ് വകഭേദമാണ് കേരളത്തില്‍ എത്തിയത്. ജനസാന്ദ്രത കൂടുതലായതുകൊണ്ട് ഡെല്‍റ്റ വൈറസ് വ്യാപനം കേരളത്തില്‍ കൂടുതലായി സംഭവിച്ചു. മാത്രമല്ല ഗ്രാമനഗരങ്ങള്‍ പരസ്പരം ബന്ധപ്പെട്ട് തുടര്‍ച്ചയായി നിലനില്‍ക്കുന്നത് കൊണ്ട് രോഗം അതിവേഗം സംസ്ഥാനമൊട്ടാകെ പടര്‍ന്ന്പിടിക്കുന്ന സാഹചര്യമുണ്ടായി.
ഡെല്‍റ്റ വൈറസ്, രോഗം വന്ന് ഭേദമായവരിലും വാക്സിനേഷന്‍ എടുത്തവരിലുമുള്ള രോഗപ്രതിരോധത്തെ പരിമിതമായി മറികടക്കുന്നതിനാല്‍ രോഗം ഭേദമായവര്‍ക്ക് റീ ഇന്‍ഫക്ഷനും വാക്സിന്‍ എടുത്തവര്‍ക്ക് ബ്രേക്ക് ത്രൂ ഇന്‍ഫക്ഷനും വരാനിടയായി. ഇപ്പോള്‍ പോസിറ്റീവാകുന്നവരില്‍ പലരും ഈ വിഭാഗത്തില്‍ പെട്ടവരാണ്. ഇവര്‍ക്ക് ഗുരുതരമായ രോഗലക്ഷണമുണ്ടാവില്ലെന്നതും മരണ സാധ്യത ഇല്ലെന്നതും ആശ്വാസകരമാണ്.

രോഗം പിടിപെടാതെ പരാമവധി ആളുകളെ സംരക്ഷിക്കുക എന്ന നയമാണ് നമ്മുടെ സംസ്ഥാനം ആദ്യം മുതല്‍ സ്വീകരിച്ചത്. എല്ലാവർക്കും രോഗം വന്ന് സാമൂഹിക പ്രതിരോധ ശേഷി ആര്‍ജിക്കുക എന്നതല്ല, മറിച്ചു വാക്സിന്‍ ലഭ്യമാകുന്നത് വരെ രോഗം പരമാവധി ആളുകള്‍ക്ക് വരാതെ നോക്കി മരണങ്ങള്‍ കഴിയുന്നത്ര തടയുക എന്ന നയമാണ് നാം പിന്തുടര്‍ന്നത്. രോഗത്തെ നിയന്ത്രണാതീതമായി പടര്‍ന്ന് പിടിക്കാന്‍ വിട്ടാല്‍ അതു പെട്ടെന്ന് ഉച്ചസ്ഥായിയില്‍ എത്തി പെട്ടെന്ന് തന്നെ വ്യാപനം കുറയും. അത്തരത്തില്‍ കുറെയേറെ മരണങ്ങള്‍ ഉണ്ടാകുന്നത് നോക്കാതെ രോഗവ്യാപനം പെട്ടെന്ന് കുറയ്ക്കാന്‍ അല്ല സംസ്ഥാനം ശ്രമിച്ചത്. മറിച്ച് പരമാവധി ജീവനുകള്‍ സംരക്ഷിക്കാന്‍ ആണ്. ആളുകള്‍ക്ക് വാക്സിനേഷന്‍ നല്‍കി സാമൂഹിക പ്രതിരോധം നേടാനാണ് ശ്രമിക്കുന്നത്.

18 വയസ്സിനു മുകളില്‍ ഉള്ള 43 ശതമാനം ആളുകള്‍ക്ക് ഇതിനകം ഒരു ഡോസ് വാക്സിന്‍ നല്‍കിക്കഴിഞ്ഞു. 12 ശതമാനം ആളുകള്‍ക്കു രണ്ടാമത്തെ ഡോസ് വാക്സിനും നല്‍കി. ഏറ്റവും വേഗത്തില്‍ വാക്സിനേഷന്‍ ചെയ്യുന്ന സംസ്ഥാനമാണ് കേരളം.
കേന്ദ്രത്തില്‍ നിന്നും കിട്ടുന്ന മുറക്ക് ഒട്ടും പാഴാക്കാതെ വാക്സിന്‍ വിതരണം ചെയ്യുന്നതില്‍ മറ്റ് സംസ്ഥാനങ്ങളെക്കാള്‍ നാം മുന്‍പന്തിയിലാണ്. ഇക്കാര്യത്തില്‍ കേന്ദ്രം കേരളത്തെ അഭിനന്ദിച്ചിട്ടുമുണ്ട്. ഇപ്പോള്‍ സ്വകാര്യ ആശുപത്രികള്‍ വഴിയും വാക്സിന്‍ വിതരണം ആരംഭിച്ചിട്ടുണ്ട്. കോവിഷീല്‍ഡ്, കോവാക്സിന്‍ വാക്സിനുകള്‍ക്ക് പുറമേ റഷ്യയുടെ സ്പുട്ട്നിക്ക് വാക്സിനും ചില ആശുപത്രികള്‍ നല്‍കിവരുന്നു. അധികം വൈകാതെ ഇന്ത്യന്‍ അമേരിക്കന്‍ കമ്പനികളുടെ മറ്റ് വാക്സിനുകളും ലഭ്യമായി തുടങ്ങുമെന്ന് പ്രതീക്ഷിക്കുന്നു.

18 വയസ്സിന് മുകളില്‍ 43 ശതമാനം പേര്‍ക്കാണ് വാക്സിന്‍ നല്‍കിയത്. അത് 70 ശതമാനമെങ്കിലും ആയാല്‍ മാത്രമേ ഹേര്‍ഡ് ഇമ്യൂണിറ്റി കരസ്ഥമാക്കാനാകൂ എന്നാണ് വിദഗ്ധര്‍ പറയുന്നത്. വാക്സിനേഷന്‍ എടുക്കാതെ രോഗം വന്ന് മാറിയവരുടെ കണക്ക് കുടി എടുത്താല്‍ 60 ശതമാനം പേരെങ്കിലും ഇപ്പോള്‍ ഹേഡ് ഇമ്യൂണിറ്റി കൈവരിച്ച് കാണും. 15ശതമാനം പേര്‍ക്ക് കൂടി വാക്സിനേഷന്‍ എത്രയും പെട്ടെന്ന് തന്നെ നല്‍കാനാനുള്ള നടപടികള്‍ എടുക്കും

നാഷണല്‍ ടെക്നിക്കല്‍ അഡ്വൈസറി ഗ്രൂപ് ഓണ്‍ ഇമ്മ്യൂണൈസേഷന്‍റെ ശുപാര്‍ശ പ്രകാരം ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും വാക്സിന്‍ എടുക്കുന്നതിനുള്ള അനുമതി നല്‍കിയിട്ടുണ്ട്. ഗര്‍ഭ കാലത്ത് കോവിഡ് രോഗബാധയുണ്ടായാല്‍ കുഞ്ഞിനു പൂര്‍ണവളര്‍ച്ചയെത്തുന്നതിനു മുന്‍പ് തന്നെ പ്രസവം ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതല്‍ ആണെന്നാണ് ശാസ്ത്രീയ പഠനങ്ങള്‍ നല്‍കുന്ന സൂചന. അതിനു പുറമേ ഗര്‍ഭിണികള്‍ കോവിഡ് ബാധിതരായാല്‍ ഐസിയു വെന്‍റിലേറ്റര്‍ സൗകര്യങ്ങള്‍ നല്‍കേണ്ടതിനുള്ള സാധ്യതയും കൂടുതലാണ്. അതുകൊണ്ട്, വാക്സിന്‍ സ്വീകരിക്കാനുള്ള അനുമതി ലഭിച്ച പുതിയ സാഹചര്യത്തില്‍ ഗര്‍ഭിണികള്‍ വാക്സിന്‍ എടുക്കുന്നതിന് തയ്യാറാകണം. വാക്സിന്‍ നല്‍കുന്നതിനുള്ള മാര്‍ഗരേഖ ഉടനെ പ്രസിദ്ധപ്പെടുത്താന്‍ കഴിയും.

ലഘൂകരിച്ച ലോക്ക് ഡൌണ്‍ വിജയിപ്പിക്കുന്നതോടൊപ്പം അര്‍ഹമായ മുറക്ക് വാക്സിന്‍ സ്വീകരിക്കാനും സൂക്ഷ്മതലത്തില്‍ കോവിഡ് പെരുമാറ്റചട്ടങ്ങള്‍ പാലിക്കാനും എല്ലാവരും ശ്രദ്ധിച്ചാല്‍ നമുക്ക് മഹാമാരിയെ നിയന്ത്രണവിധേയമാക്കി മൂന്നാം തരംഗം ഒഴിവാക്കാന്‍ കഴിയും.

മാസ്ക് മാറ്റുന്ന അവസരങ്ങളില്‍ (ആഹാരവും പാനീയങ്ങളും കഴിക്കുമ്പോള്‍) ശരീരംദൂരം പാലിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. വാക്സിന്‍ എടുത്തവര്‍ ബ്രേക്ക് ത്രൂ ഇന്‍ഫക്ഷന്‍ ഒഴിവാക്കാനും മറ്റുള്ളവരിലേക്ക് രോഗം പരത്താതിരിക്കാനും മാസ്ക് ധരിക്കണം. വാക്സിന്‍ എടുത്തവര്‍ രോഗവാഹകരാവാന്‍ സാധ്യതയുണ്ട്. അടഞ്ഞമുറികള്‍, പ്രത്യേകിച്ച് എ.സി മുറികള്‍ ഉപയോഗിക്കരുത്, മുറികളുടെ ജനാലകള്‍ തുറന്നിട്ട് വായുസഞ്ചാരം ഉറപ്പാക്കണം. ചെറുതും വലുതുമായ കൂടിചേരലുകളും ഒഴിവാക്കണം.

മദ്യവില്പന സ്ഥാപനങ്ങള്‍ക്ക് മുന്നിലുള്ള ക്യു പലപ്പോഴും പ്രശ്നമാവുകയാണ്. മുന്‍കൂട്ടി തുക അടച്ച് പെട്ടെന്ന് കൊടുക്കാന്‍ പാകത്തില്‍ പ്രത്യേക കൗണ്ടര്‍ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ട്. തിരക്കുള്ള സ്ഥലങ്ങളില്‍ കൗണ്ടറുകളുടെ എണ്ണം കൂട്ടുകയും ചെയ്യും.

വാക്സിനേഷന്‍ പൂര്‍ത്തിയാവും വരെ ശക്തമായ നടപടികള്‍ തുടരും. രണ്ട് ഡോസ് വാക്സിനേഷന്‍ അല്ലെങ്കില്‍ 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ള പരമാവധി അയ്യായിരം ആളുകളെ വെര്‍ച്ച്വല്‍ ക്യു സംവിധാനം ഉപയോഗിച്ച് ദിവസേന ശബരിമല മാസപൂജയ്ക്ക് പ്രവേശനം അനുവദിക്കും.

കോവിഡ് കാലത്ത് പ്രമേഹ രോഗികളുടെ എണ്ണം വര്‍ദ്ധിച്ചു വരുന്നതായി ചില പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. കോവിഡ് ബാധിതരില്‍ അല്പ കാലത്തിനു ശേഷം പ്രമേഹം പുതുതായി ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് പ്രശസ്ത മെഡിക്കല്‍ ജേര്‍ണല്‍ ആയ ലാന്‍സെറ്റില്‍ മെയ് മാസത്തില്‍ പ്രസിദ്ധീകരിച്ച പഠനം വ്യക്തമാക്കുന്നു. കോവിഡ് ബാധിക്കാത്തവരേക്കാള്‍ 39 ശതമാനം അധിക സാധ്യതയാണ് കോവിഡ് ബാധിച്ചവരില്‍ കണ്ടെത്തിയത്.
അതുകൊണ്ട്, 18 വയസ്സിനു താഴെയുള്ള കുട്ടികളില്‍ കോവിഡ് രോഗബാധയ്ക്ക് ശേഷം പ്രമേഹത്തിന്‍റെ ലക്ഷണങ്ങള്‍ കണ്ടെത്തിയാല്‍ സാമൂഹ്യ സുരക്ഷ മിഷന്‍റെ കീഴിലുള്ള മിഠായി പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യണം. ടൈപ് 1 ഡയബറ്റിസ് ബാധിതരായ കുട്ടികള്‍ക്ക് വേണ്ടി സര്‍ക്കാര്‍ നടപ്പിലാക്കി വരുന്ന പദ്ധതിയാണത്. ഈ പദ്ധതി വഴി കുട്ടികള്‍ക്ക് സൗജന്യചികിത്സയും മാനസികാരോഗ്യ പിന്തുണയും നല്‍കും.

സംസ്ഥാനത്ത് 18 വയസിന് മുകളിലുള്ള 43 ശതമാനം പേര്‍ക്കാണ് (1,14,54,325) (ഇന്നലത്തെ കണക്ക്) ആദ്യഡോസ് വാക്സിന്‍ നല്‍കിയത്. 16.49 ശതമാനം പേര്‍ക്ക് (39,58,115) രണ്ടാം ഡോസ് വാക്സിന്‍ നല്‍കിയിട്ടുണ്ട്. ഒന്നും രണ്ടും ഡോസ് ചേര്‍ത്ത് ആകെ 1,54,12,440 പേര്‍ക്കാണ് വാക്സിന്‍ നല്‍കിയത്. സംസ്ഥാനത്ത് ആകെ 1,46,14,580 ഡോസ് വാക്സിനാണ് ലഭിച്ചത്. അതില്‍ 12,04,960 ഡോസ് കോവിഷീല്‍ഡ് വാക്സിനും 1,37,580 ഡോസ് കോവാക്സിനും ഉള്‍പ്പെടെ ആകെ 13,42,540 ഡോസ് വാക്സിനാണ് സംസ്ഥാനം വാങ്ങിയത്. 1,18,31,810 ഡോസ് കോവിഷീല്‍ഡ് വാക്സിനും 14,40,230 ഡോസ് കോവാക്സിനും ഉള്‍പ്പെടെ ആകെ 1,32,72,040 ഡോസ് വാക്സിന്‍ കേന്ദ്രം നല്‍കിയതാണ്.
പ്രതിദിനം രണ്ടര മുതല്‍ 3 ലക്ഷം വരെ പേര്‍ക്ക് വാക്സിന്‍ നല്‍കാനാണ് സംസ്ഥാനം ശ്രമിക്കുന്നത്.

സംസ്ഥാനത്തെ പാര്‍ശ്വവത്ക്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ വാക്സിനേഷന്‍ രജിസ്ട്രേഷനായി ‘വേവ്’ (വാക്സിന്‍ സമത്വത്തിനായി മുന്നേറാം) എന്ന പേരില്‍ ക്യാമ്പയിന്‍ ആരംഭിച്ചു. സ്വന്തമായി രജിസ്റ്റര്‍ ചെയ്യാന്‍ അറിയാത്തവരും സൗകര്യമില്ലാത്തവരുമായ ബി.പി.എല്‍. വിഭാഗത്തില്‍പ്പെട്ടവരെ വാക്സിനേഷന്‍റെ ഭാഗമാക്കി മാറ്റാനാണ് ഈ പദ്ധതി. ആശാവര്‍ക്കര്‍മാരുടെ സേവനം ഉപയോഗിച്ചാണ് ക്യാമ്പയിന്‍ . വാര്‍ഡ് തലത്തിലായിരിക്കും രജിസ്ട്രേഷന്‍. ജൂലൈ 31നകം ഇത്തരക്കാരുടെ രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കാനാണ് ശ്രമിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുളളില്‍ സംസ്ഥാനത്ത് മാസ്ക് ധരിക്കാത്ത 10,047 പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. സാമൂഹിക അകലം പാലിക്കാത്തതിന് 5,790 പേര്‍ക്കെതിരെ നിയമനടപടി സ്വീകരിച്ചു. പിഴയായി 31,65,500 രൂപയാണ് ഇക്കഴിഞ്ഞ ദിവസം ഈടാക്കിയത്.

കേരളത്തില്‍ സിക വൈറസ് രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. സിക കേരളത്തിലെത്തിയത് തീരെ അപ്രതീക്ഷിതമായല്ല, ഡങ്കി, ചിക്കുന്‍ ഗുനിയ, തുടങ്ങിയ വൈറസ് രോഗങ്ങളെ പോലെ ഈഡിസ് ഈജിപ് തൈ, ഈഡിസ് ആല്‍ബോപിക്റ്റസ് കൊതുകുകള്‍ പരത്തുന്ന രോഗമാണ് സിക. കേരളത്തില്‍ ഈഡിസ് ഈജിപ്തൈ കൊതുക് സാന്ദ്രത വളരെ കൂടുതലാണ്. ഗുരുതരമായ രോഗമല്ലെങ്കിലും സിക രോഗത്തിന്‍റെ പ്രധാനപ്രശ്നം ഗര്‍ഭിണികളെ ബാധിച്ചാല്‍ ഗര്‍ഭസ്ഥ ശിശുക്കള്‍ക്ക് തലച്ചോറിന്‍റെ വളർച്ച മുരടിക്കുന്ന മൈക്രോകെഫലി എന്ന വൈകല്യം ഉണ്ടാകാന്‍ സാധ്യതയുണ്ട് എന്നതാണ്. അപൂര്‍വ്വമായി സുഷുമ്ന നാഡിയെ ബാധിക്കുന്ന ഗില്ലന്‍ ബാരി സിന്‍ഡ്രോം സിക രോഗികളില്‍ കണ്ടിട്ടുണ്ട്. കേരളത്തില്‍ സിക കണ്ടെത്തിയ വനിത പ്രസവിച്ച കുട്ടിയില്‍ ആരോഗ്യപ്രശ്നമൊന്നും കണ്ടെത്തിയിട്ടില്ലെന്നത് ആശ്വാസകരമാണ്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു.

കെട്ടിക്കിടക്കുന്ന വെള്ളത്തിലാണ് ഈഡിസ് കൊതുകുകള്‍ വളരുന്നത്. ഇത്തരം കൊതുകുകള്‍ അധികദൂരം പറക്കാറില്ല. അതുകൊണ്ട് വീടുകളുടെ പരിസരത്ത് തന്നെയുണ്ടാവും. വീട്ടിലും ചുറ്റുപാടും കെട്ടിക്കിടക്കുന്ന വെള്ളം നീക്കം ചെയ്യേണ്ടതുണ്ട്. കൊതുക് പെറ്റ് പേരുകാന്‍ സാധ്യതയുള്ള ഉറവിടങ്ങള്‍ ഇല്ലാതാക്കലാണ് പ്രധാനമായും വേണ്ടത്. വീട്ടിലും പരിസരത്തിലും കെട്ടിക്കിടക്കുന്ന വെള്ളം നീക്കം ചെയ്യാനുള്ള ഡ്രൈ ഡേ ആഴ്ചയിലൊരു ദിവസം നിര്‍ബന്ധമായും എല്ലാ വീടുകളിലും നടത്തിയിരിക്കണം.
കൊതുകു വല ഉപയോഗിച്ചും, ശരീരം മുഴുവന്‍ മൂടുന്ന വസ്ത്രം ധരിച്ചും, കൊതുകിനെ അകറ്റുന്ന തിരികളും ലേപനങ്ങളും ഉപയോഗിച്ചും കൊതുകു കടിയില്‍ നിന്നും രക്ഷ തേടേണ്ടതാണ്. വൈകുന്നേരങ്ങളിലും രാവിലെയുമാണ് ഈ കൊതുകള്‍ വീട്ടിലേക്ക് കടന്ന് മനുഷ്യരെ കടിക്കുന്നത്. വൈകുന്നേരം മുതല്‍ രാവിലെ വരെ വീടുകളുടെ കതകും ജനാലകളും അടച്ചിടാനോ, തുറന്നിടുകയാണെങ്കില്‍ കൊതുകുവലകള്‍ ഉപയോഗിച്ച് മറയ്ക്കാനോ ശ്രമിക്കേണ്ടതാണ്.

പ്രാണീ ജന്യ രോഗനിയന്ത്രണത്തിനായി ഹെല്‍ത്ത് സര്‍വീസസിന്‍റെ കീഴില്‍ സംസ്ഥാനതലത്തിലും ജില്ലാതലത്തിലും പ്രവര്‍ത്തിക്കുന്ന വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റ് കളുടെ പ്രവര്‍ത്തനം കൂടുതല്‍ ശക്തിപ്പെടുത്തും. ചേര്‍ത്തലയിലും കോഴിക്കോടും പ്രവര്‍ത്തിക്കുന്ന കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ സെന്‍റര്‍ ഫോര്‍ ഡിസീസ് കണ്‍ ട്രോളിന്‍റെയും ഇന്ത്യന്‍ കൌണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കോട്ടയത്തെ വെക്ടര്‍ കണ്‍ട്രോള്‍ റിസര്‍ച്സെന്‍ററിന്‍റെ സഹായവും കൊതുക് നിയന്ത്രണത്തിനായി പ്രയോജനപ്പെടുത്തും.

സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടും സജീവമായിരിക്കുകയാണ്. അടുത്ത ദിവസങ്ങളില്‍ കേരളത്തില്‍ വ്യാപകമായി മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ പ്രവചനം. ചിലയിടങ്ങളില്‍ അതിതീവ്ര മഴയ്ക്കുള്ള സാധ്യതയുണ്ട്. ഇന്ന് എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
പത്തനംതിട്ട, കോട്ടയം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ എന്നീ ജില്ലകളില്‍ ഇന്നും മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍ നാളെയും കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍ ജൂലൈ 12 നും അതിശക്തമായ മഴ മുന്നറിയിപ്പും ഓറഞ്ച് അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

റെഡ്, ഓറഞ്ച് അലെര്‍ട്ടുകള്‍ പ്രഖ്യാപിക്കപ്പെട്ട ജില്ലകളില്‍ അപകട സാദ്ധ്യതകള്‍ ലഘൂകരിക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തീകരിക്കാന്‍ കളക്ടര്‍മാര്‍ക്കും ബന്ധപ്പെട്ട വകുപ്പുകള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അതിതീവ്ര മഴ ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും വെള്ളക്കെട്ടുകള്‍ക്കും മിന്നല്‍ പ്രളയങ്ങള്‍ക്കും കാരണമായേക്കാമെന്ന് ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

പമ്പ, മണിമലയാര്‍, അച്ചന്‍കോവിലാര്‍ തുടങ്ങിയ നദികളുടെ ചില മേഖലകളില്‍ ജലനിരപ്പുയരുന്ന സാഹചര്യത്തില്‍ നദിക്കരകളില്‍ താമസിക്കുന്ന ആളുകള്‍ പ്രത്യേകമായി ജാഗ്രത പാലിക്കണം. വടക്കന്‍ കേരളത്തിലെ മലയോര മേഖലകളില്‍ മുന്‍വര്‍ഷങ്ങളില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായ പ്രദേശങ്ങളില്‍ ഉള്ളവരും ഉരുള്‍പൊട്ടല്‍ സാധ്യതാ പ്രദേശങ്ങളില്‍ താമസിക്കുന്നവരും അധികൃതര്‍ ആവശ്യപ്പെടുന്ന ഘട്ടത്തില്‍ മാറി താമസിക്കാന്‍ തയ്യാറാവണം.

മണിക്കൂറില്‍ 45 മുതല്‍ 55 കിലോ മീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റ് വീശാനും മോശം കാലാവസ്ഥക്കും സാധ്യതയുള്ളതിനാല്‍ ജൂലൈ 14 വരെ കേരള തീരത്ത് നിന്ന് മല്‍സ്യതൊഴിലാളികള്‍ കടലില്‍ പോകാന്‍ പാടുള്ളതല്ല ഉയര്‍ന്ന തിരമാലക്കും കടല്‍ക്ഷോഭത്തിനും സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് ഉള്ളതിനാല്‍ തീരദേശ വാസികളും ജാഗ്രത പാലിക്കണം.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

vdksu.jpg vdksu.jpg
കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

wynd mohanlal.jpeg wynd mohanlal.jpeg
കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

major sita shelke.jpg major sita shelke.jpg
കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

20240803 092746.jpg 20240803 092746.jpg
കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

images 20.jpeg images 20.jpeg
കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

samakalikamalayalam 2024 08 b05010a7 6d4b 442b 8f6a 81506e94a17f satelite image.jpg samakalikamalayalam 2024 08 b05010a7 6d4b 442b 8f6a 81506e94a17f satelite image.jpg
കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

20240802 100503.jpg 20240802 100503.jpg
കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

20240802 093256.jpg 20240802 093256.jpg
കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

rescue wayanad.jpg rescue wayanad.jpg
കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

GT4EY37WIAEfp3g.jpeg GT4EY37WIAEfp3g.jpeg
കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ