കേരളം
സംസ്ഥാനത്തെ കോവിഡ് സാഹചര്യം വിലയിരുത്താൻ കോവിഡ് അവലോകനയോഗം ഇന്ന്
സംസ്ഥാനത്തെ കോവിഡ് സാഹചര്യം വിലയിരുത്തുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ഇന്ന് അവലോകന യോഗം ചേരും. ഉച്ച കഴിഞ്ഞ് മൂന്ന് മണിക്കാണ് യോഗം. രോഗികളുടെ എണ്ണം കുറയുന്ന പശ്ചാത്തലത്തില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിക്കാന്‍ സാധ്യതയുണ്ട്. ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് (ടിപിആര്‍) പരിഗണിച്ചാകും തീരുമാനം.
ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുവദിക്കണമെന്ന ആവശ്യം പരിഗണിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹോട്ടലുടമകളുടെ ഏറെ നാളത്തെ ആവശ്യമാണിത്. ബാറുടമകളും സമാനകാര്യം ഉന്നയിച്ചിട്ടുണ്ട്. തിയേറ്ററുകള്‍ തുറക്കുന്ന കാര്യത്തിലും ചര്‍ച്ച ഉണ്ടായേക്കും. എന്നാല്‍ ടിപിആര്‍ കുറയാതെ തുടരുന്നത് ഇളവുകള്‍ അനുവദിക്കുന്നതിന് തടസമാകാനിടയുണ്ട്.
അതേ സമയം സംസ്ഥാനത്ത് ഇന്നലെ 17,983 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. വിവിധ ജില്ലകളിലായി 1.62 ലക്ഷം പേരാണ് ചികിത്സയില്‍ കഴിയുന്നത്. തൃശൂര്‍, എറണാകുളം ജില്ലകളിലാണ് രോഗവ്യാപനം രൂക്ഷമായി തുടരുന്നത്. പ്രതിവാര ഇന്ഫെക്ഷന് പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 422 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 841 വാര്‍ഡുകളാണുള്ളത്.