കേരളം
ഇരട്ടവോട്ട് ; പ്രതിപക്ഷ നേതാവിനെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ
ഇരട്ടവോട്ട് സംബന്ധിച്ച ആരോപണങ്ങളിൽ പ്രതിപക്ഷ നേതാവിനെ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിപക്ഷ നേതാവിന്റെ വിവരശേഖരണം ശരിയായ മാർഗത്തിലൂടെയാണോ എന്ന് പരിശോധിക്കണം. ഒറ്റ ഇരട്ട വോട്ട് പോലും ഉണ്ടാകരുത്. ഇലക്ഷൻ കമ്മീഷൻ ഇതിന് ജാഗ്രത പുലർത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇരട്ടവോട്ടിന്റെ പേരിൽ സമൂഹമാധ്യമങ്ങളിലൂടെ കേരളത്തെ അപമാനിക്കുകയാണ് പ്രതിപക്ഷ നേതാവ് ചെയ്യുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ത്രിപുരയിലെ അട്ടിമറി കേരളത്തിലും ആവർത്തിക്കുമെന്ന ബിജെപി നേതാക്കളുടെ പ്രസ്താവന ഗൗരവതരമെന്ന് മുഖ്യമന്ത്രി. കേരളത്തിൽ ഒരു സീറ്റിൽ പോലും വിജയസാധ്യത ഉറപ്പിക്കാൻ പറ്റാത്ത പാർട്ടിയാണ് ബിജെപി. എന്നിട്ടും ബിജെപി നേതാക്കൾ ഇത്തരം ഭീഷണി മുഴക്കുന്നത് എന്ത് ഉദ്ദേശത്തിലാണെന്നത് ഗൗരവമുള്ള കാര്യമാണ്.
അട്ടിമറി നടത്തിക്കളയാം എന്ന് കരുതിയാണ് പുറപ്പാടെങ്കിൽ സംഘപരിവാർ സ്വപ്നം കാണാത്ത തിരിച്ചടി കേരളം നൽകും. ആർഎസ്എസിന്റെ വർഗീയ നീക്കങ്ങൾക്ക് വളർന്ന് പൊങ്ങാൻ പറ്റിയ ഇടമല്ല കേരളം. അത് ഈ തെരഞ്ഞെടുപ്പ് ആവർത്തിച്ച് വ്യക്തമാക്കും. ത്രിപുരയിൽ കോൺഗ്രസിനെ അപ്പാടെ വിഴുങ്ങിയാണ് ബിജെപി ജയിച്ച് കേറിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേ സമയം സംസ്ഥാനത്ത് കൊവിഡിന്റെ രണ്ടാം തരംഗം തുടങ്ങിയെന്ന് മുന്നറിയിപ്പ് നൽകി മുഖ്യമന്ത്രി.കുറച്ച് ദിവസമായി രോഗികൾ കുറയുന്നില്ല. രോഗവ്യാപനമുണ്ടാകാൻ സാധ്യതയെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി. സംസ്ഥാനത്ത് ദിനംപ്രതി കൊവിഡ് രോഗികൾ കുതിച്ചുയരുന്ന സാഹചര്യത്തിൽ മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ധരും രംഗത്ത് എത്തിയിരുന്നു.