കേരളം
കെ റെയിലിൽ പ്രതിപക്ഷത്തെ വെല്ലുവിളിച്ച് മുഖ്യമന്ത്രി
കെ റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷത്തെ വെല്ലുവിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ആര് പറയുന്നതാണ് ജനം കേൾക്കുന്നതെന്ന് കാണാം എന്നാണ് മുഖ്യമന്ത്രിയുടെ വെല്ലുവിളി. സർക്കാർ പൂർണ തോതിൽ നാട്ടിൽ ഇറങ്ങി പദ്ധതി വിശദീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വികസനം അനുമദിക്കില്ല എന്ന ദുശ്ശാഠ്യമാണ് പ്രതിപക്ഷത്തിനെന്നും അദ്ദേഹം കുറ്റപ്പെടുത്തി. യുഡിഎഫ് വിചാരിച്ചാൽ കുറച്ച് ആളുകളെ ഇറക്കാനാകും. ഭൂമി നഷ്ടപ്പെടുന്നവരുടെ വിഷമം സർക്കാർ മനസ്സിലാക്കുന്നുണ്ടെന്നും നാലിരട്ടി നഷ്ടപരിഹാരമെന്നത് വെറും വാക്കല്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. കണ്ണൂർ പാനൂരിൽ പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിൽവർ ലൈൻ അനുവദിച്ചു കൂടായെന്ന നിലപാടാണ് കോൺഗ്രസിനും ബിജെപിക്കുമുള്ളത്. എല്ലാ വിഭാഗം ജനങ്ങളും പദ്ധതിയെ സ്വാഗതം ചെയ്യുന്നു. സിൽവർ ലൈൻ വേണ്ട ആകാശപാത മതി എന്നാണ് പ്രതിപക്ഷം പറയുന്നത്. ഭൂമി നഷ്ടപ്പെടുന്നവരുടെ വിഷമം സർക്കാർ മനസിലാക്കുന്നു. ഭൂമി നഷ്ടപ്പെടുന്നവർക്ക് 4 ഇരട്ടി നഷ്ടപരിഹാരം വെറും വാക്ക് അല്ല. ഭാവിതലമുറയ്ക്ക് വേണ്ടിയുള്ള വികസനം അനുവദിക്കില്ല എന്ന ദുശാഠ്യം ആണ് പ്രതിപക്ഷത്തിനുള്ളത്. കോൺഗ്രസും ബിജെപിയും കൈകോർത്തു കൊണ്ട് വികസനത്തെ എതിർക്കുകയാണ്.
യു ഡി എഫ് വിചാരിച്ചാൽ കുറച്ച് ആളുകളെ ഇറക്കാനാകും. പക്ഷെ അവരുടെ നേതാക്കൾ തന്നെ സ്വകാര്യമായി പദ്ധതിയെ അനുകൂലിച്ച് സംസാരിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. പൗര പ്രമുഖർ സർക്കാരിൻ്റെ അഭിപ്രായത്തിന് കയ്യടിക്കുന്നവരല്ല. സർക്കാർ പൂർണ്ണ തോതിൽ നാട്ടിൽ ഇറങ്ങി പദ്ധതി വിശദീകരിക്കും. ആര് പറയുന്നതാണ് ജനം അംഗീകരിക്കുക എന്ന് കാണാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗോ ഗോ വിളി നടത്തുന്നവരോട്, ആ പിപ്പിടി വിദ്യയൊന്നും ഇങ്ങോട്ട് വേണ്ടെന്നും പിണറായി വിജയന്‍ പറഞ്ഞു.
സിപിഎമ്മിന്റെ ഇടപെടൽ ശേഷിയെ ഭരണവർഗ്ഗം ഭയപ്പെടുന്നുവെന്നും പിണറായി വിജയൻ പറഞ്ഞു. ബംഗാളും ത്രിപുരയും ഇതിന് ഉദാഹരണമാണ്. സി പി എമ്മിനെ ദുർബലപ്പെടുത്താൻ ശ്രമം നടക്കുന്നു. രാജ്യത്ത് വിവിധ വിഭാഗങ്ങൾക്ക് നേരെ ആക്രമണം നടക്കുന്നു. ആർ എസ് എസ് അജണ്ട നടപ്പാക്കുകയാണ് കേന്ദ്ര സർക്കാർ ചെയ്യുന്നത്. ബി ജെ പി ഗവൺമെന്റ് എന്തായി മാറുമെന്ന് മുന്നറിയിപ്പ് നൽകിയ പാർട്ടിയാണ് സി പി എം. സഹോദരങ്ങളിൽ പോലും പകയും വിദ്വേഷവും സൃഷ്ടിക്കാൻ ആർ എസ് എസിന് അറിയാം. ഒറ്റക്കെട്ടായി യോജിച്ച് ഇടപെടുന്നുവെന്നും അദ്ദേഹം പറഞ്ഞു.