കേരളം
നെയ്യാറ്റിന്‍കര സംഭവത്തില്‍ മുഖ്യമന്ത്രിയുടെ ഇടപെടല്‍
കോടതി ഉത്തരവ് പ്രകാരം വസ്തു ഒഴിപ്പിക്കാനെത്തിയവര്‍ക്ക് മുന്നില്‍ പെട്രോളൊഴിച്ച് തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച ഗൃഹനാഥനും ഭാര്യയും മരിച്ച സംഭവത്തില്‍ അടിയന്തര ഇടപെടലിന് മുഖ്യമന്ത്രിയുടെ നിര്‍ദേശം. കുട്ടികള്‍ക്ക് വീട് വെച്ച് നല്‍കാനുള്ള നിര്‍ദേശം മുഖ്യമന്ത്രി നല്‍കി. എത്രയുംവേഗം അതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ ഭരണകൂടത്തെ ചുമതലപ്പെടുത്തി.
കുട്ടികളുടെ വിദ്യാഭ്യാസ ചെലവ് അടക്കമുള്ള ചെലവുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കും. സംരക്ഷണമടക്കമുള്ളവ ഇനി സര്‍ക്കാര്‍ നോക്കും. മുഖ്യമന്ത്രി ഇതിനുള്ള നിര്‍ദേശവും ജില്ലാ ഭരണകൂടത്തിന് നല്‍കിയിട്ടുണ്ട്. സംഭവത്തിന്റെ സാഹചര്യം സര്‍ക്കാര്‍ പരിശോധിക്കും. പോലീസ് നടപടിയില്‍ വീഴ്ച വന്നിട്ടുണ്ടോ എന്നതടക്കം സര്‍ക്കാര്‍ പരിശോധിക്കും.
Also read: തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച ദമ്പതിമാരിൽ ഭാര്യയും മരിച്ചു
നെയ്യാറ്റിന്‍കരയില്‍ കോടതി ഉത്തരവ് പ്രകാരമുള്ള ഒഴിപ്പിക്കലിനിടെ ഭാര്യയും ഭര്‍ത്താവും പൊള്ളലേറ്റു മരിച്ച സംഭവം തിരുവനന്തപുരം റൂറല്‍ എസ്പി ബി അശോകന്‍ അന്വേഷിക്കും. എത്രയും വേഗം റിപ്പോര്‍ട്ട് നല്‍കാനാണ് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ നിര്‍ദേശിച്ചിരിക്കുന്നത്.
അതിയന്നൂർ പോങ്ങിൽ നെട്ടതോട്ടം ലക്ഷം വീട് കോളനിയിൽ രാജനും ഭാര്യ അമ്പിളുമാണ് പൊള്ളലേറ്റ് മരിച്ചത്. വീട് ഒഴിപ്പിക്കാൻ വന്ന പോലീസുകാരെ ഭീഷണിപ്പെടുത്തുന്നതിനായി രാജനും ഭാര്യയും ദേഹത്ത് പെട്രോൾ ഒഴിക്കുന്നതിനിടെ കയ്യിലുണ്ടായിരുന്ന ലൈറ്റർ പൊലീസ് തട്ടിത്തെറിപ്പിച്ചപ്പോൾ തീ പിടിക്കുകയായിരുന്നു.
Also read: തിരുവനന്തപുരത്ത് തീകൊളുത്തി ആത്മഹത്യയ്ക്കു ശ്രമിച്ചയാൾ മരിച്ചു
ഗുരുതരമായി പൊള്ളലേറ്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു ഇരുവരും. രാജന്‍ ഞായറാഴ്ച രാത്രിയും അമ്പിളി തിങ്കളാഴ്ച രാത്രിയുമാണ് മരിച്ചത്. പൊലീസ് നടപടിയിൽ വ്യാപക പ്രതിഷേധം ഉയർന്നതോടെയാണ് മുഖ്യമന്ത്രി വിഷയത്തിൽ ഇടപെട്ടത്.
Also read: തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ ഗൃഹനാഥൻ തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു