കേരളം
സൂക്ഷിക്കണം; ക്ലബ് ഹൗസ് സ്വന്തം ഹൗസ് അല്ല
ഏതാനും മാസങ്ങളായി ആൻഡ്രോയ്ഡിലും ഐ ഒ എസ് ഇലും വളരെ വേഗം പ്രസിദ്ധമായി കൊണ്ടിരിക്കുന്ന ഒരു ആപ്ലിക്കേഷനാണ് ക്ലബ് ഹൗസ്. മാർച്ച് 2020 നാണ് ക്ലബ് ഹൗസ് എന്ന പേരിൽ ഐ ഒ എസിൽ മാത്രം ലഭ്യമാക്കിയ ഈ ആപ്ലിക്കേഷൻ പ്രചാരത്തിൽ വന്നത്.
മെയ് 2021 നാണ് ആൻഡ്രോയിഡ് ഫോണുകളിൽ ഈ ആപ്ലിക്കേഷൻ ലഭ്യമായി തുടങ്ങിയത്. നിലവിൽ മറ്റൊരാൾ ഇൻവൈറ്റ് ചെയ്താൽ മാത്രമേ ഈ ആപ്ലിക്കേഷൻ ഉപയോഗിക്കാൻ സാധിക്കുകയുള്ളൂ. പക്ഷേ ഒരാൾക്ക് 8 പേരെ വരെ ഇൻവൈറ്റ് ചെയ്യാൻ സാധിക്കുന്നതിനാൽ വളരെ പെട്ടെന്നാണ് ചുരുങ്ങിയ മാസങ്ങൾ കൊണ്ട് തന്നെ ലക്ഷക്കണക്കിന് ആളുകൾ ഈ ആപ്ലിക്കേഷനിലേക്ക് തിരിഞ്ഞത്.
സംഭവം അമേരിക്കൻ സ്വദേശി ആണെങ്കിലും മലയാളികൾക്ക് ക്ലബ്ഹൗസ് നന്നേ പിടിച്ചു എന്ന് ആപ്പിന് ലഭിക്കുന്ന സ്വീകാര്യത വ്യക്തമാക്കുന്നു.
വർത്തമാനം പറയാനുള്ള ഒരു സൈബറിടം എന്ന് വേണമെങ്കിൽ ചുരുക്കത്തിൽ പറയാം. ചായക്കടയിലെ ചൂടുപിച്ച രാഷ്ട്രീയ ചർച്ചയും, കൂട്ടുകാർ കൂടിയുള്ള ഗോസ്സിപ് ചർച്ചകളും, ഒരു സിനിമയെപ്പറ്റിയുള്ള കൂലംകഷമായ വാദങ്ങളും പ്രതിവാദങ്ങളും എന്ന് വേണ്ട ഏതു വിഷയത്തെപ്പറ്റിയും ക്ലബ്ഹൗസിൽ സംസാരിക്കാം, കേൾവിക്കാരനാവാം.
താല്പര്യമുള്ള വിവിധ വിഷയങ്ങളെക്കുറിച്ച് ചർച്ചകൾ സംഘടിപ്പിക്കാനും, മറ്റുള്ളവർ സഘടിപ്പിക്കുന്ന ചർച്ചകളിൽ ശ്രോതാക്കളാവാനും, സംസാരിക്കാനുമുള്ള അവസരം ആപ്പ് നൽകുന്നു. ചർച്ചയുടെ വേദിയെ റൂം എന്നാണ് ക്ലബ്ഹൗസിൽ പറയുക. ആർക്കും ഒരു റൂം തുടങ്ങാം. 5000 അംഗങ്ങളെവരെ ഒരു റൂമിൽ ആ ചർച്ച സംഘടിപ്പിക്കുന്ന വ്യക്തിയാണ് മോഡറേറ്റർ. ഈ വ്യക്തിക്കാണ് ആരാണ് റൂമിൽ സംസാരിക്കേണ്ടത് എന്നത് സംബന്ധിച്ച് തീരുമാനം എടുക്കാൻ സാധിക്കുക. ഓപ്പൺ റൂമുകളിൽ ലോകത്തെവിടെയുമുള്ള ക്ലബ്ഹൗസ് ഉപഭോക്താക്കൾക്ക് പങ്കെടുക്കാം.
ക്ലബ് ഹൗസ് വിജ്ഞാനപ്രദമായ നല്ല രീതിയിൽ ഉപയോഗിക്കുന്ന ഒരുപാട് ആളുകളുണ്ട്. ഇംഗ്ലീഷ് സംസാരിക്കുവാനും, പ്രസംഗിക്കുവാനും, ആനുകാലിക വിഷയങ്ങളിൽ അഭിപ്രായം പറയുവാനും കേൾക്കുവാനും, പാട്ടുപാടുവാനും, മിമിക്രി പറയുവാനും, വിവിധ വിഷയങ്ങളിൽ വിദഗ്ധരോട് ചോദിക്കുവാനും, ജീവിതത്തിൽ പലയിടങ്ങളിലും വിജയിച്ചവരുടെ വിദഗ്ധ അഭിപ്രായങ്ങൾ കേൾക്കുവാനും, സിനിമാ നിരൂപണങ്ങൾ, ആനുകാലിക രാഷ്ട്രീയ വിഷയങ്ങൾ എന്നിവയൊക്കെ സംസാരിക്കുവാനും മറ്റുള്ളവരുടെ അനുഭവങ്ങളും വീക്ഷണങ്ങളും കേൾക്കുവാനും നല്ല രീതിയിൽ ഈ ചാറ്റ് റൂമുകൾ ഉപയോഗിക്കുന്നവർ നിരവധിയുണ്ട്. ഇതു തന്നെയാണ് ഈ ആപ്ലിക്കേഷന്റെ ഏറ്റവും വലിയ വിജയരഹസ്യം. ആളുകൾക്ക് തുറന്നു സംസാരിക്കുവാനും ലോകത്തിലെ ഏതൊരു കാര്യത്തെക്കുറിച്ച് അഭിപ്രായം പറയുവാനും ഉള്ള ഒരു ഇടം. ഇത് വളരെ നല്ല രീതിയിൽ ഉപയോഗിച്ച് സ്വന്തം കഴിവുകളും പ്രാവീണ്യവും വളർത്തിയെടുക്കുന്നവർ ഒരുപാടുണ്ട്.
പക്ഷേ മലയാളികൾക്കിടയിലെ ഞെട്ടിക്കുന്ന ഒരു വസ്തുത വേറെയാണ്.
സിംഗിൾ ആയി വരൂ കമ്മിറ്റഡ് ആയി പോകാം, ഡിസ്പ്ലേ പിക്ചർ കണ്ടു പ്രണയം തുറന്നു പറയാം, പ്രൊപ്പോസ് ചെയൂ, പ്രൊപ്പോസൽ ചലഞ്ച് ഗെയിം, സൗഹൃദം പ്രണയം, സെക്സ് ആണുങ്ങൾ അല്ലാത്തവർ മിണ്ടും, സിംഗിൾ ആയി വന്നു മിംഗിൾ ആയി പോകാം, ഡി പി നോക്കി പ്രൊപ്പോസ് ചെയ്യാനുള്ള അവസരം എന്നിങ്ങനെ എണ്ണിയാൽ തീരാത്ത ഗ്രൂപ്പുകളാണ് മലയാളികളെ ആകർഷിക്കുവാൻ ആയി ഈ ആപ്ലിക്കേഷനിൽ ഓരോ ദിവസവും ഉണ്ടായിക്കൊണ്ടിരിക്കുന്നത്. പല ഗ്രൂപ്പുകളിലും കയറി നോക്കുമ്പോൾ കൂടുതലും ഉള്ളത് പ്ലസ് വണ്ണിനും പ്ലസ്ടുവിനും 18 വയസ്സ് തികയാത്ത ആളുകളും ഒക്കെയാണ്.
സ്വന്തം വിവരങ്ങൾ ആയിരക്കണക്കിന് ആളുകളുടെ മുമ്പിൽ പബ്ലിക് ആയി വിളിച്ചു പറയുന്നതിന് യാതൊരു മടിയുമില്ലാത്ത ആൺകുട്ടികളെയും പെൺകുട്ടികളെയും ഒരു പോലെ ഇങ്ങനെ പല വോയിസ് റൂമുകളിലും കാണാം. കൂടുതലാളുകളും സ്വന്തം അഡ്രസ്സും വീടിരിക്കുന്ന സ്ഥലം വരെ പറഞ്ഞുകൊടുക്കുന്നതായിട്ട് പലപ്പോഴും കേൾക്കുന്നുണ്ട്. ഓരോ ഗ്രൂപ്പിൽ ഉള്ള ആളുകളുടെ പ്രൊഫൈൽ കാണുവാനും നമ്പർ എടുക്കുവാനും പേർസണൽ ആയി മെസ്സേജ് ചെയ്യുവാനുമുള്ള സൗകര്യങ്ങളൊക്കെ ഉണ്ടെന്നിരിക്കെ നമ്മുടെ വ്യക്തി സ്വാതന്ത്ര്യത്തെയും സ്വകാര്യതയും മറ്റുള്ളവർക്ക് മുമ്പിൽ തുറന്നു കാണിക്കുന്ന ഒരു വലിയ പ്രശ്നം ഭാവിയിൽ കാത്തിരിക്കുന്നത് പലരും ഓർക്കുന്നില്ല. ഇങ്ങനെ കൊടുക്കുന്ന വിവരങ്ങൾ ദുരുദ്ദേശം പരമായി ഉപയോഗിക്കുന്ന ഒരുപാട് ആളുകൾ ഈ റൂമുകളിൽ തന്നെ ഉണ്ട് എന്ന് മനസ്സിലാക്കാത്ത നമ്മുടെ കുട്ടികൾ ചെന്ന് ചാടുന്നത് വലിയ ചതിക്കുഴികളിൽ ആയിരിക്കും.
വോയിസ് വീഡിയോ റെക്കോർഡ് ചെയ്യാൻ ആപ്ലിക്കേഷൻ അനുവദിക്കുന്നില്ല എന്ന് പറയുന്നുണ്ടെങ്കിലും മറ്റൊരു ഫോൺ വെച്ചോ, വോയിസ് റെക്കോർഡ് ചെയ്യുന്ന നിരവധി ആപ്ലിക്കേഷനുകൾ വച്ചോ, സ്ക്രീൻ റെക്കോർഡർ ഒക്കെ ഉപയോഗിച്ച് ഈ പറയുന്ന കാര്യങ്ങളെല്ലാം റെക്കോർഡ് ചെയ്ത് എടുക്കാൻ നിഷ്പ്രയാസം സാധിക്കുന്നതാണ്. ഇതിന് ഉത്തമ ഉദാഹരണമാണ് ഈ അടുത്ത ദിവസങ്ങളിൽ ഈ ആപ്ലിക്കേഷനുകളിൽ സംസാരിച്ച പലരുടെയും വോയിസുകൾ റെക്കോർഡ് ചെയ്തു ഷെയർ ചെയ്യപ്പെടുന്നത്. ഏറ്റവും അപകടകരമായ വസ്തുത സ്കൂൾ പ്രവർത്തിക്കുന്ന, ഓൺലൈൻ ക്ലാസുകൾ ഉള്ള സമയങ്ങളിൽ വരെ പല കുട്ടികളും ഈ പറയുന്ന ഗ്രൂപ്പുകളിൽ ഒക്കെ സജീവമായി പങ്കെടുക്കുന്നു എന്നതാണ്.
പ്രായത്തിന്റെ പക്വത കുറവ് വെച്ച് നിരവധി കുട്ടികൾ പരസ്പരം ക്ഷണിച്ച് ഈ ആപ്ലിക്കേഷനിൽ ജോയിൻ ചെയ്യുമ്പോൾ ആദ്യമൊക്കെ തമാശയായി തോന്നുമെങ്കിലും പിന്നീട് അവരുടെ ജീവിതം തന്നെ മാറ്റി മറിക്കുന്ന പലവിധ അവസ്ഥകളിലും അനാവശ്യ ഗ്രൂപ്പുകളിൽ ചേരുന്നതുവഴി ഇത് എത്തിച്ചേരുവാൻ ഇടയാക്കും.
മാതാപിതാക്കൾ സൂക്ഷിച്ചുകൊണ്ട് പ്രായപൂർത്തി ആവാത്ത കുട്ടികളുടെ ഫോണുകളിൽ ഈ ആപ്ലിക്കേഷൻ ഉണ്ടോ, അവർ ഏതു രീതിയിൽ ആണ് അത് ഉപയോഗിക്കുന്നത് എന്ന് ശ്രദ്ധിക്കേണ്ടതാണ്. ഇനി അതിന് സാധിക്കുന്നില്ലെങ്കിൽ കുട്ടികൾ ആവശ്യമുള്ള വോയ്‌സ് റൂമുകളിൽ മാത്രം കയറുന്നു എന്ന് ഉറപ്പുവരുത്തണം. കുട്ടികളുടെ ഭാവിയും സുരക്ഷിതത്വവും എക്കാലത്തും മാതാപിതാക്കളുടെ മാത്രം ചുമതലയാണ്. നമ്മുടെ പുതുതലമുറയിലെ കുട്ടികളെ ചതിക്കുഴിയിൽ വീഴാതിരിക്കാൻ ഏറ്റവും അധികം ശ്രദ്ധിക്കേണ്ട ഒരു സമയമാണ് ഇത്.
ഇപ്പോഴത്തെ ഒരു ചെറിയ അശ്രദ്ധ ഭാവിയിലേക്കുള്ള വലിയ ഒരു കുരുക്കായി മുമ്പിൽ നിൽക്കുന്ന അവസ്ഥ നമ്മുടെ യുവതലമുറയ്ക്ക് ഉണ്ടാവാതിരിക്കട്ടെ.
ഓരോ അപ്ലിക്കേഷനുകളുടെയും ഉപയോഗവും, അത് ദുരുപയോഗം ചെയ്യുവാനും ഉള്ള സാഹചര്യങ്ങൾ രക്ഷിതാക്കളും കുട്ടികളും ഒരേപോലെ അറിയേണ്ടതും ബോധവാന്മാർ ആയിരിക്കേണ്ടതുമാണ്. പലതരത്തിലുള്ള ചൂഷണങ്ങൾ നടക്കുന്ന സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ഈ ആപ്ലിക്കേഷൻ മാത്രമല്ല ഏതൊരു ആപ്ലിക്കേഷനും നല്ല രീതിയിൽ ഉപയോഗിച്ചില്ലെങ്കിൽ ഫലം ഇതുതന്നെയാകാം. പരസ്പരം സംവദിക്കാനും കണ്ടുമുട്ടാനും ഒരുപാട് ആപ്ലിക്കേഷനുകൾ ഇപ്പോൾ ലഭ്യമാണ് ഇവയൊക്കെ നല്ല രീതിയിൽ ഉപയോഗിക്കാൻ നമുക്ക് സാധിക്കട്ടെ.