കേരളം
മെഴുകുതിരി കത്തിക്കുന്നതിനിടെ വസ്ത്രത്തിന് തീപിടിച്ചു; പ്ലസ് ടു വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം
കൊല്ലത്ത് പൊള്ളലേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന പ്ലസ് ടു വിദ്യാർത്ഥിനി മരിച്ചു. ശാസ്താംകോട്ട കുന്നത്തൂര്‍ പടിഞ്ഞാറ് കളീലില്‍മുക്ക് തണല്‍ വീട്ടില്‍ പരേതനായ അനിലിന്റെയും റെയില്‍വേ ജീവനക്കാരിയായ ലീനയുടെയും മകള്‍ മിയയാ(17)ണ് മരിച്ചത്. മെഴുകുതിരി കത്തിച്ചുവയ്ക്കുന്നതിനിടയിൽ വസ്ത്രത്തിന് തീ പിടിക്കുകയായിരുന്നു. കഴിഞ്ഞ 14-നാണ് സംഭവമുണ്ടാകുന്നത്.
രാത്രി വൈദ്യുതി നിലച്ചപ്പോൾ കത്തിച്ചുവച്ച മെഴുകുതിരി ഉരുകി വീണ് വസ്ത്രത്തിൽ തീപടരുകയായിരുന്നു.സംഭവസമയം കുട്ടിമാത്രമേ വീട്ടിലുണ്ടായിരുന്നുള്ളു. വീടിന്റെ മുകളിലെ ബാല്‍ക്കണിയില്‍ ദേഹത്ത് തീ ആളിപ്പടര്‍ന്ന നിലയില്‍ അയല്‍വാസികളാണ് മിയയെ കാണുന്നത്. മിയയെ ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു.
പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. തിങ്കളാഴ്ച ഉച്ചയ്ക്ക് മരിച്ചു.
മൈനാഗപ്പള്ളി റെയില്‍വേ ഗേറ്റ്കീപ്പറായ ലീന ഡ്യൂട്ടിയിലായിരുന്നു. മിയയുടെ അച്ഛന്‍ അനില്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് വാഹനാപകടത്തില്‍ മരിച്ചു. പിഎസ് സി വഴി ക്ലാര്‍ക്കായി നിയമനം ലഭിച്ച ലീന അടുത്തിടെ റെയില്‍വേ ജോലി രാജിവെച്ചു തിരുവനന്തപുരത്ത് പുതിയ ജോലിയില്‍ പ്രവേശിച്ചിരുന്നു.