കേരളം
മാലിന്യം വിറ്റ് നേടിയത് കോടികൾ; മാതൃകയായി ക്ലീന്‍ കേരള കമ്പനി
മാലിന്യം വിറ്റ് വന്‍ ലാഭം നേടി ക്ലീന്‍ കേരള കമ്പനി ലിമിറ്റഡ്. വെറും 20 മാസത്തിനുള്ളില്‍ അഞ്ച് കോടി രൂപയാണ് കമ്പനി ലാഭമുണ്ടാക്കിയിരിക്കുന്നത്. മാലിന്യം ശേഖരിച്ച് അവ ഉണക്കി സംസ്‌കരിക്കുന്നതിനും വില്‍ക്കുന്നതിനുമായി സര്‍ക്കാര്‍ ചുമതലപ്പെടുത്തിയ സ്ഥാപനമാണ് ക്ലീന്‍ കേരള ലിമിറ്റഡ്. സംസ്ഥാന സര്‍ക്കാരിന്റെയും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെയും സംയുക്ത സംരഭമായ ഈ സ്ഥാപനം 2021 ജനുവരിയിലാണ് പ്രവര്‍ത്തനം ആരംഭിച്ചത്.
സംസ്ഥാന സർക്കാരിന്റെയും സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും സംയുക്ത സംരംഭമാണ് ക്ലീൻ കേരള കമ്പനി ലിമിറ്റഡ്. ഉണങ്ങിയ മാലിന്യം സംസ്‌കരിക്കുന്നതിലും വിൽക്കുന്നതിലുമാണ് കമ്പനി ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. 2021 ജനുവരിയിൽ പ്രവർത്തനം ആരംഭിച്ച സ്ഥാപനം 20 മാസത്തിനുള്ളിൽ 5 കോടി രൂപയാണ് ലാഭം നേടിയിരിക്കുന്നത്.
ഇതു വരെയുള്ള കണക്കനുസരിച്ച് സികെസിഎൽ 5 കോടി രൂപ ലാഭം നേടിയെന്ന് എംഡി സുരേഷ് കുമാർ ദ ന്യൂ ഇന്ത്യൻ എക്സ്പ്രെസ്സിനോട് പറഞ്ഞു. ഹരിത കർമ സേന വഴി (Haritha Karma Sena (HKS)) മൊത്തം 7,382 ടൺ മാലിന്യങ്ങൾ ശേഖരിച്ചു . ഉണങ്ങിയതും പുനരുപയോഗിക്കാവുന്നതുമായ പ്ലാസ്റ്റിക്, ഗ്ലാസ്, ഇ-മാലിന്യം എന്നിവ ഇതിൽ ഉൾപ്പെടുന്നു. 2021 ജനുവരി മുതൽ 2022 ഓഗസ്റ്റ് വരെയുള്ള കാലയളവിൽ സംസ്ഥാനത്തുടനീളമുള്ള സന്നദ്ധപ്രവർത്തകർ, ഈ മാലിന്യം വൃത്തിയാക്കി സംസ്ഥാനത്തിനകത്തും പുറത്തുമുള്ള കമ്പനികൾക്ക് വിറ്റു. 2021 ജനുവരി മുതലുള്ള 20 മാസങ്ങളിൽ, മാലിന്യം ശേഖരിക്കുന്നതിനായി സികെസിഎൽ ഹരിത കർമ സേനക്ക് 4.5 കോടി രൂപ നൽകിയെന്നും എംഡി സുരേഷ് കുമാർ പറഞ്ഞു. അന്തിമ ഓഡിറ്റ് റിപ്പോർട്ടുകൾ ലഭിച്ചാൽ മാത്രമേ ലാഭം സംബന്ധിച്ച് കൂടുതൽ വ്യക്ത ലഭിക്കുകയുള്ളൂ എന്നും അദ്ദേഹം വ്യക്തമാക്കി. പുനരുപയോഗിക്കാനാവാത്ത 49,672 ടൺ മാലിന്യങ്ങളും കമ്പനി ശേഖരിച്ചിട്ടുണ്ട്.
2012-13 സാമ്പത്തിക വർഷത്തിൽ 10 കോടി രൂപയുടെ മൂലധനവുമായി സികെസിഎൽ ഔദ്യോഗികമായി രൂപീകരിച്ചെങ്കിലും കഴിഞ്ഞ വർഷമാണ് കമ്പനി പ്രവർത്തനം ആരംഭിച്ചത്.സംസ്ഥാന സർക്കാരിന് ക്ലീൻ കേരള കമ്പനി ലിമിറ്റഡിൽ 26 ശതമാനം ഓഹരിയുണ്ട്, ബാക്കി 74 ശതമാനം തദ്ദേശ സ്ഥാപനങ്ങൾക്കിടയിൽ വിഭജിക്കപ്പെട്ടിരിക്കുകയാണ്. സംസ്‌ഥാനത്തുടനീളം മാലിന്യ സംസ്‌കരണ പ്ലാന്റുകൾ സ്ഥാപിക്കുന്നതിനുള്ള റീബിൽഡ് കേരള പദ്ധതിയിൽ നിന്ന് കമ്പനിക്ക് 53.5 കോടി രൂപ ലഭിച്ചു. ഇതു വഴി 1,972 ടൺ ഇ-മാലിന്യം ശേഖരിച്ച് റീസൈക്ലിംഗ്, പ്രോസസ്സിംഗ് യൂണിറ്റുകളിലേക്ക് വിറ്റു. 583.05 ടൺ ഗ്ലാസ് മാലിന്യങ്ങളും 42 ടൺ പാഴ് തുണികളും ശേഖരിച്ച് സംസ്കരിച്ച് വിറ്റഴിക്കുകയും ചെയ്തു. കൂടാതെ, സംസ്കരിച്ച് പുനരുപയോഗിക്കാൻ സാധിക്കുന്ന 2,872 ടൺ പ്ലാസ്റ്റിക്, രാജ്യത്തുടനീളമുള്ള 5,142.92 കിലോമീറ്റർ റോഡുകൾ നിർമ്മിക്കാനും ഉപയോഗിച്ചു.
ജില്ലാതലത്തിൽ ഡ്രൈ വേസ്റ്റ് പ്രോസസ്സിംഗ് യൂണിറ്റുകൾ, തരംതിരിക്കാനുള്ള സൗകര്യങ്ങൾ, ഗ്ലാസ് മാലിന്യം തരംതിരിക്കാനുള്ള യൂണിറ്റുകൾ എന്നിവ സ്ഥാപിക്കാനുള്ള തയ്യാറെടുപ്പിലാണ് കമ്പനിയെന്ന് സുരേഷ് കുമാർ പറഞ്ഞു.14 ജില്ലകളിലും അതിനാവശ്യമായ സ്ഥലം കണ്ടെത്തിയതായും അദ്ദേഹം പറഞ്ഞു.
പത്തനംതിട്ടയിലും ആലപ്പുഴയിലും റീസൈക്ലിംഗ് യൂണിറ്റിന്റെ നിർമാണം പുരോഗമിക്കുകയാണ്. തൃശൂരിലെ പ്ലാന്റ് അന്തിമഘട്ടത്തിലാണ്. ഇത് രണ്ട് മാസത്തിനകം ഉദ്ഘാടനം ചെയ്യാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സുരേഷ് കുമാർ പറഞ്ഞു. ഒരു ടണ്ണിലധികം പ്ലാസ്റ്റിക് ഈ യൂണിറ്റുകളിൽ ശേഖരിച്ച് റീസൈക്കിൾ ചെയ്യാനാകുമെന്നും അദ്ദേഹം പറഞ്ഞു.