ദേശീയം
പാക് നുഴഞ്ഞുകയറ്റ ശ്രമം തകര്‍ത്തു; ഒരു സൈനികന് വീരമൃത്യു
ജമ്മു കശ്മീരിലെ കുപ്വാര ജില്ലയില്‍ നിയന്ത്രണ രേഖയില്‍ പാകിസ്ഥാന് ബോര്‍ഡര്‍ ആക്ഷന്‍ ടീം നടത്തിയ നുഴഞ്ഞകയറ്റ ശ്രമം തകര്‍ത്തതായി സൈന്യം. ഏറ്റുമുട്ടലില്‍ ഒരു സൈനികന് വീരമൃത്യു സംഭവിച്ചതായും ക്യാപ്റ്റന്‍ ഉള്‍പ്പെടെ നാലു പേര്‍ക്ക് പരിക്കേറ്റതായും സൈന്യം അറിയിച്ചു. പാകിസ്ഥാന് പക്ഷത്തെ ഒരാള്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു.
പുലര്‍ച്ചെ 2:30 ഓടെ എല്‍ഒസിക്ക് സമീപം കുംകാടിയില്‍ സൈനിക പോസ്റ്റിന് നേരെയാണ് ആക്രമണമുണ്ടായത്. പാകിസ്ഥാന്റെ ബോര്‍ഡര്‍ ആക്ഷന്‍ ടീമിന്റെ (ബിഎടി) ആക്രമണമാണിതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
വടക്കന്‍ കശ്മീര്‍ ജില്ലയിലെ ട്രെഹ്ഗാം സെക്ടറിലെ കുംകഡി പോസ്റ്റിന് സമീപം മൂന്നംഗ നുഴഞ്ഞുകയറ്റ സംഘം ഗ്രനേഡ് എറിയുകയും പോസ്റ്റിന് നേരെ വെടിയുതിര്‍ക്കുകയുമായിരുന്നു. ഇതേതുടര്‍ന്ന് സൈന്യം തിരിച്ചടിച്ചു, ഇരുവിഭാഗവും തമ്മില്‍ വെടിവയ്പുണ്ടായി, ഏറ്റുമുട്ടലില്‍ അഞ്ച് സൈനികര്‍ക്ക് പരിക്കേറ്റതായും അവരില്‍ ഒരാള്‍ പിന്നീട് മരിച്ചതായും സൈനീക വൃത്തങ്ങള്‍ അറിയിച്ചു.
ആക്രമണത്തില്‍ ക്യാപ്റ്റന്‍ ഉള്‍പ്പെടെ പരിക്കേറ്റ സൈനികരെ ആശുപത്രിയിലേക്ക് മാറ്റി, പരിക്കേറ്റ സൈനികരില്‍ ഒരാളുടെ നില അതീവഗുരുതരമാണെന്നും സൈന്യം അറിയിച്ചു.