കേരളം
കൊവിഡിലും നേട്ടം നിലനിര്‍ത്തി സിയാല്‍: രാജ്യാന്തര യാത്രക്കാരുടെ എണ്ണത്തില്‍ രാജ്യത്ത് മൂന്നാം സ്ഥാനം
കൊവിഡ് പ്രതിസന്ധിക്കിടയിലും രാജ്യത്തെ വിമാനത്താവളങ്ങളില്‍ രാജ്യാന്തര യാത്രക്കാരുടെ എണ്ണത്തില്‍ കൊച്ചി രാജ്യാന്തര വിമാനത്താവളം മൂന്നാം സ്ഥാനം നിലനിര്‍ത്തി. കഴിഞ്ഞ ജൂണ്‍ മാസത്തോടെയാണ് ചെന്നൈ വിമാനത്താവളത്തെ പിന്തള്ളി നെടുമ്ബാശേരി മൂന്നാം സ്ഥാനത്തെത്തിയത്. ഈ വര്‍ഷം ജനുവരി മുതല്‍ മെയ് വരെയുള്ള കണക്കുകള്‍ പ്രകാരമാണ് അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണത്തില്‍ സിയാല്‍ തന്നെയാണ് മൂന്നാം സ്ഥാനത്ത്.
ഈ നേട്ടം ജൂണ്‍, ജൂലൈ, ആഗസ്റ്റ് മാസങ്ങളിലും തുടരാന്‍ സിയാലിന് കഴിഞ്ഞു. ഓഗസ്റ്റ് മാസത്തെ കണക്കനുസരിച്ച് 3,98,722 യാത്രക്കാരുമായി ഡല്‍ഹി ഇന്ദിരാഗാന്ധി വിമാനത്താവളമാണ് രാജ്യാന്തര യാത്രക്കാരുടെ എണ്ണത്തില്‍ ഇപ്പോഴും ഒന്നാം സ്ഥാനത്ത്. രണ്ടാം സ്ഥാനത്തുള്ള മുംബൈ വിമാനത്താവളം വഴി 1,84,787 പേരാണ് യാത്ര ചെയ്തത്. ഇതിനിടയില്‍ 1,55,322 യാത്രക്കാരുമായാണ് നെടുമ്ബാശേരി വിമാനത്താവളം മൂന്നാം സ്ഥാനം നിലനിര്‍ത്തിയത്. അതേസമയം ഒന്നാം സ്ഥാനക്കാരായ ഡല്‍ഹി വിമാനത്തവളം വഴി യാത്ര ചെയ്തവരുടെ 50 ശതമാനം പോലും നെടുമ്ബാശേരിയിലില്ല.
എന്നാല്‍ ഏപ്രില്‍ മാസത്തില്‍ രാജ്യാന്തര യാത്രക്കാരുടെ എണ്ണത്തില്‍ സിയാല്‍ രണ്ടാം സ്ഥാനത്തെത്തിയിരുന്നു. ആഗസ്റ്റ് മാസം രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലൂടെയും യാത്ര ചെയ്തത് 1.42 കോടി യാത്രക്കാരാണ്. ജൂലൈ മാസത്തെ അപേക്ഷിച്ച് 35 ശതമാനം യാത്രക്കാരുടെ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. ഇതില്‍ 10.29 ലക്ഷം പേര്‍ രാജ്യാന്തര യാത്രക്കാരാണ്. കൊവിഡ് രോഗികള്‍ കുറഞ്ഞു വരുന്നതോടെ വിമാനത്താവളത്തിലെത്തുന്ന യാത്രക്കാരുടെ എണ്ണം അനുദിനം വര്‍ദ്ധിച്ചു വരുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
എയര്‍ ബബിള്‍ കരാറിന്റെ അടിസ്ഥാനത്തില്‍ ഗള്‍ഫ് നാടുകള്‍ ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളിലേക്ക് വിമാന സര്‍വീസുകളുടെ എണ്ണം വര്‍ദ്ധിച്ചതാണ് യാത്രക്കാരുടെ എണ്ണം വര്‍ദ്ധിക്കാനും കാരണമായത്. കൂടാതെ യൂറോപ്പിലേക്ക് നേരിട്ട് സര്‍വീസ് നടത്തുന്ന സംസ്ഥാനത്തെ ഏക വിമാനത്താവളമാണ് നെടുമ്ബാശേരി. രാജ്യത്ത് അഭ്യന്തര സര്‍വീസ് നടത്തുന്ന വിമാന കമ്ബനികള്‍ക്ക് കൊവിഡിന് മുമ്ബ് ഉണ്ടായിരുന്നതിന്റെ 72.05 ശതമാനം വരെ സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ ആഗസ്റ്റില്‍ അനുമതി നല്‍കിയിരുന്നു. സെപ്തംബറില്‍ ഇത് 85 ശതമായി ഉയര്‍ത്തിയിട്ടുണ്ട്.