കേരളം
കനത്ത മഴ…; നാളെ ചിമ്മിനി അണക്കെട്ടിലെ ജലം ചെറിയ തോതിൽ തുറന്നു വിടും
ചിമ്മിനി അണക്കെട്ടിൻ്റെ സ്പിൽവേ ഷട്ടറുകൾ തുറന്ന് റൂൾ ലെവൽ പാലിക്കുന്നതിനായി ജലം ചെറിയതോതിൽ പുറത്തേക്ക് ഒഴുക്കിവിടാൻ ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ ചുമതല വഹിക്കുന്ന ജില്ലാ കളക്ടർ എസ് ഷാനവാസ് അനുമതി നൽകി ഉത്തരവിറക്കി.
നാളെ പകൽ 11 മണിക്ക് ശേഷമായിരിക്കും ചിമ്മിണി ഡാമിൽ നിന്നും അധിക ജലം പുറത്തേക്ക് ഒഴുക്കിവിടുക. ഡാമിലെ ജലം ഇപ്പോഴത്തെ അനുവദനീയ സംഭരണ ജലവിതാനമായ 60.31 മീറ്ററിന് അടുത്തെത്തിയതിനെ തുടർന്നാണ് നടപടി. തുടർച്ചയായ ദിവസങ്ങളിൽ കനത്ത മഴ ലഭിച്ചതിൻ്റെ ഫലമായി നീരൊഴുക്ക് തുടരുന്നതിനാൽ മുൻകരുതലായാണ് ജലം ചെറിയ തോതിൽ തുറന്നു വിടുന്നത്.
ചിമ്മിനി അണക്കെട്ടിൽ നിന്നും അധിക ജലം പുറത്തേക്ക് ഒഴുക്കി വിടുന്നത് മൂലം കുറുമാലിപ്പുഴയിലെയും കരുവന്നൂർ പുഴയിലെയും ജലനിരപ്പ് ഉയരുവാനും വെള്ളം കലങ്ങുവാനും സാധ്യതയുള്ളതിനാൽ പുഴകളുടെ ഇരുകരകളിലുമുള്ള ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം നൽകി.
ജനങ്ങൾ പുഴയിൽ ഇറങ്ങുന്നതിനും മത്സ്യബന്ധനം നടത്തുന്നതിനും കന്നുകാലികളെ കുളിപ്പിക്കുന്നതും നിയന്ത്രണം ഏർപ്പെടുത്തിയതായും ജില്ലാ കലക്ടർ അറിയിച്ചു.