Uncategorized
ദത്ത് വിവാദം;കുഞ്ഞിന്റെ ഡിഎൻഎ പരിശോധനക്കുള്ള നടപടികൾ ഇന്ന് തുടങ്ങും
ദത്തുവിവാദത്തില്‍ തിരുവനന്തപുരത്തെത്തിച്ച കുട്ടിയുടെ ഡിഎന്‍എ പരിശോധനയ്ക്ക് ഇന്ന് നോട്ടീസ് നല്‍കിയേക്കും. കുഞ്ഞിന്റെ വൈദ്യപരിശോധനയും ഇന്ന് നടത്തും. പരാതിക്കാരിയായ അനുപമയോട് നാലു മണിക്ക് ശിശു വികസന ഡയറക്ടര്‍ക്ക് മുമ്പാകെ ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഹാജരാകുമ്പോള്‍ അനുപമയ്ക്കും ഡിഎന്‍എ പരിശോധനയ്ക്ക് വിധേയയാകാനുള്ള നോട്ടീസ് നല്‍കിയേക്കും.
ഇന്നലെ രാത്രി എട്ടരയോടെ ഹൈദരാബാദില്‍നിന്നുള്ള വിമാനത്തില്‍ തിരുവനന്തപുരത്തെത്തിച്ച കുട്ടിയെ പൊലീസ് സംരക്ഷണയോടെ നഗരത്തിലെ ഒരു ശിശു സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്. ഇന്ന് വൈദ്യപരിശോധനയ്ക്ക് ശേഷം കുട്ടിയെ കേരളത്തിലെത്തിച്ചതായി ശിശുക്ഷേമ സമിതി സി ഡബ്ലിയുസിയെ അറിയിക്കും. തുടര്‍ന്നാകും ഡിഎന്‍എ പരിശോധനയ്ക്കുള്ള ഉത്തരവ് സി ഡബ്ലിയുസി പുറത്തിറക്കും. എത്രയും വേഗം പരിശോധന പൂര്‍ത്തിയാക്കാനാണ് നീക്കം.
ശിശുക്ഷേമസമിതി പ്രതിനിധി, ശിശുക്ഷേമ കൗണ്‍സിലില്‍നിന്നുള്ള ആയ, മൂന്ന് പൊലീസുദ്യോഗസ്ഥര്‍ എന്നിവരാണ് ആന്ധ്രയിലെത്തി കുഞ്ഞിനെ ഏറ്റുവാങ്ങി തിരുവനന്തപുരത്ത് എത്തിച്ചത്. ഡിഎന്‍എ ഫലം വരുന്നതുവരെ കുഞ്ഞിന്റെ സംരക്ഷണ ചുമതല ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ക്ക് ആയിരിക്കും. കുഞ്ഞിനെ കൈമാറുന്നത് സംബന്ധിച്ച് അന്തിമ വിധി വരുന്നതുവരെ കുഞ്ഞിനെ നഗരത്തിലെ ശിശു ഭവനില്‍ സംരക്ഷിക്കും.
കഴിഞ്ഞ ദിവസം ആന്ധ്രയിലെ ഒരു ജില്ലാ കേന്ദ്രത്തിലെ ശിശുക്ഷേമസമിതി ഓഫീസില്‍ വെച്ചാണ് ഏറ്റുവാങ്ങിയത്. ശനിയാഴ്ച വൈകീട്ട് ആറുമണിയോടെയാണ് സംഘം ദമ്പതിമാരെ കണ്ടത്. ഒന്നര മണിക്കൂറോളം ഇവരോട് സംസാരിച്ച ശേഷമാണ് ഏറ്റുവാങ്ങിയത്. സംഘം ആദ്യം ആന്ധ്രയിലെ ശിശുക്ഷേമസമിതി പ്രവര്‍ത്തകരുമായും സ്ഥലത്തെ പോലീസുദ്യോഗസ്ഥരുമായും ചര്‍ച്ച നടത്തിയിരുന്നു.
പരാതിക്കാരായ അനുപമ എസ് ചന്ദ്രന്‍, ഭര്‍ത്താവ് അജിത്ത് കുമാര്‍ എന്നിവരുടെ സാംപിളുകളും ശേഖരിക്കും. രാജീവ് ഗാന്ധി ബയോ ടെക്‌നോളജി സെന്ററില്‍ പരിശോധന നടത്താനാണ് സിഡബ്ല്യുസി ഉത്തരവ്. രണ്ടു ദിവസത്തിനുള്ളില്‍ പരിശോധനാ ഫലം ലഭിക്കും. കുഞ്ഞ് അനുപമയുടെയും അജിത്തിന്റെയും ആണെന്നു തെളിഞ്ഞാല്‍ കോടതിയുടെയും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെയും അനുമതിയോടെ അവര്‍ക്കു വിട്ടു കൊടുക്കും.