കേരളം
കുട്ടികളോട് വീണ്ടും കൊടും ക്രൂരത; മലപ്പുറത്ത് ഇതര സംസ്ഥാന ദമ്പതികൾ ഭക്ഷണം പോലും നൽകാതെ പൂട്ടിയിട്ട കുട്ടികളെ രക്ഷപ്പെടുത്തി
മമ്പാട് ഇതര സംസ്ഥാന ദമ്പതികൾ പൂട്ടിയിട്ട കുട്ടികളെ രക്ഷപ്പെടുത്തി. നാട്ടുകാരും പോലീസും ചേർന്നാണ് കുട്ടികളെ രക്ഷപ്പെടുത്തിയത്. ആറും നാലും വയസ് പ്രായമുള്ള കുട്ടികളെയായിരുന്നു മാതാപിതാക്കൾ പൂട്ടിയിട്ടത്. സംഭവത്തിൽ തങ്കരാജ്, മാരിയമ്മ എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു.
ദിവസങ്ങളായി കുട്ടികൾക്ക് ഭക്ഷണം നൽകിയിരുന്നില്ലെന്ന് നാട്ടുകാർ പറഞ്ഞു. അവശനിലയിലായ കുട്ടികളെ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭക്ഷണം നൽകാതെ കുട്ടികളെ വീട്ടിൽ പൂട്ടിയിട്ട് ദമ്പതികൾ പുറത്തുപോകുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ പഞ്ചായത്ത് അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. അധികൃതർ പൂട്ട് തകർത്ത് കയറി പരിശോധിച്ചപ്പോൾ അവശനിലയിലായ കുട്ടികളെയാണ് കണ്ടെത്തിയത്. തുടർന്ന് നിലമ്പൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ആശുപത്രിയിൽ എത്തിച്ച കുട്ടികൾക്ക് വെള്ളവും ബിസ്കറ്റും മറ്റും നൽകി. ഇതോടെ കുട്ടികളുടെ നില അൽപം മെച്ചപ്പെട്ടു. ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ കുട്ടികളുടെ ദേഹത്ത് അടിയേറ്റ പാടുകൾ കണ്ടെത്തി. കുട്ടികളുടെ അമ്മ മരണപ്പെട്ടുപോയതിനാൽ തങ്കരാജ് രണ്ടാമത് വിവാഹം കഴിച്ചയാളാണ് മാരിയമ്മ എന്ന് നാട്ടുകാർ പറയുന്നു.