കേരളം
അനുപമയുടെ കുഞ്ഞിനെ 5 ദിവസത്തിനുള്ളിൽ തിരികെ എത്തിക്കണമെന്ന് CWC ഉത്തരവ്
അമ്മ അറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ അനുപമയുടെ കുഞ്ഞിനെ അഞ്ച് ദിവസത്തിനുള്ളിൽ തിരികെ എത്തിക്കണമെന്ന് ഉത്തരവ്. ചൈൽഡ് വെൽഫെയർ കമ്മിറ്റിയാണ് ഇന്നലെ രാത്രി ഉത്തരവിറക്കിയത്. ശിശു ക്ഷേമ സമിതിക്ക് ഉത്തരവ് കൈമാറി.
നിലവിൽ ആന്ധ്രയിൽ ദമ്പതികളുടെ ഫോസ്റ്റർ കെയറിലാണ് കുട്ടി. കുട്ടിയെ നാട്ടിലെത്തിച്ചാൽ മാത്രമേ ഡിഎൻഎ പരിശോധന അടക്കം നടത്താൻ സാധിക്കൂ. ഈ സാഹചര്യത്തിലാണ് കുട്ടിയെ തിരികെ എത്തിക്കാൻ ചൈൽഡ് വെൽഫെയർ കമ്മിറ്റി ഉത്തരവിറക്കിയത്. സിഡബ്ല്യൂസിയുടെ ഉത്തരവ് പരിശോധിച്ച ശേഷം തുടർ നടപടി സ്വീകരിക്കുമെന്ന് ബാലാവകാശ കമ്മീഷനും വ്യക്തമാക്കി.
ശനിയാഴ്ച കേസ് കുടുംബ കോടതി പരിഗണിക്കാനിരിക്കെയാണ് ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ നീക്കം. കുഞ്ഞിന്റെ ഡിഎൻഎ പരിശോധന ഉൾപ്പെടെ നടത്തി റിപ്പോർട്ട് നൽകാൻ കോടതി ഉത്തരവിട്ടിരുന്നു. ഇതിനിടെ ഇന്ന് 11 മണിക്ക് ചൈൽഡ് വെൽഫയർ കമ്മിറ്റിക്ക് മുമ്പാകെ അനുപമ ഹാജരാകണമെന്ന് അറിയിച്ചിട്ടുണ്ട്. അതേസമയം സമരം തുടരാനാണ് അനുപമയുടെ തീരുമാനം. കുഞ്ഞിന്റെ കാര്യത്തിൽ വ്യക്തമായ ഉറപ്പ് കിട്ടും വരെ സമരം തുടരുമെന്ന് അനുപമ പറയുന്നു.
ദത്ത് വിവാദത്തിൽ ഒത്തുകളി സംശയിക്കുന്നതായി അനുപമ ആരോപണം ഉന്നയിച്ചിരുന്നു. ശിശുക്ഷേമ സമിതിയും ചൈൽഡ് വെൽഫെയർ കമ്മിറ്റിയും (സിഡബ്ല്യൂസി) പരസ്പരം പഴിചാരുകയാണെന്നും ഇവരുവരുടെയും വാദങ്ങളിൽ ആശയക്കുഴപ്പമുണ്ടെന്നും അനുപമ ചൂണ്ടിക്കാട്ടിയിരുന്നു. കേസ് പരിഗണിക്കുന്ന വഞ്ചിയൂർ കുടുംബകോടതി നിർദേശപ്രകാരമുള്ള നടപടികൾക്കായി സിഡബ്ല്യൂസിക്ക് മുമ്പാകെ ഹാജരായതിന് ശേഷമായിരുന്നു അനുപമയുടെ പ്രതികരണം.
ശിശുക്ഷേമസമിതി സെക്രട്ടറി ഷിജുഖാന്റെ മാത്രം തെറ്റെന്ന നിലയിലാണ് സിഡബ്ല്യൂസിയുടെ നിലപാട്. ഇത് പൂർണമായി അംഗീകരിക്കാനാകില്ല. സിഡബ്ല്യൂസിയുടെ ഭാഗത്തും തെറ്റ് സംഭവിച്ചിട്ടുണ്ട്. കോടതി കേസ് പരിഗണിക്കുന്ന സമയത്ത് ഡിഎൻഎ നടപടികൾ നടക്കുമെന്ന് കരുതുന്നില്ലെന്നും ശിശുക്ഷേമ സമിതിക്ക് മുന്നിലെ സമരം തുടരുമെന്നും അനുപമ പറഞ്ഞിരുന്നു.