കേരളം
ആണ്‍, പെണ്‍ സ്കൂളുകൾ വേണ്ട; എല്ലാ സ്കൂളുകളും മിക്സ്ഡാക്കണമെന്ന് ബാലാവകാശ കമ്മീഷൻ
സംസ്ഥാനത്തെ എല്ലാ സ്കൂളുകളും മിക്സ്ഡ് സ്കൂളുകളാക്കണമെന്ന് ബാലാവകാശ കമ്മീഷൻ. സഹവിദ്യാഭ്യാസം നടപ്പാക്കാൻ സര്‍ക്കാര്‍ കര്‍മ്മ പദ്ധതി തയ്യാറാക്കണമെന്നും ബാലാവകാശ കമ്മീഷൻ ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് വ്യാപകമായി നിലവിലുള്ള ബോയ്സ്, ഗേൾസ് സ്കൂൾ സംവിധാനം ഇനി വേണ്ട എന്നാണ് ബാലാവകാശ കമ്മീഷൻ നിര്‍ദ്ദേശിച്ചിരിക്കുന്നത്. നിലവിൽ സംസ്ഥാനത്തുള്ള എല്ലാ ഗേൾസ്/ബോയ്സ് സ്കൂളുകളും മിക്സ്ഡ് സ്കൂളുകളായി മാറ്റണമെന്നും ബാലാവകാശ കമ്മീഷൻ നിര്‍ദ്ദേശിക്കുന്നു.
സംസ്ഥാന വ്യാപകമായി ലിംഗഭേദമില്ലാതെ കുട്ടികൾ പഠിക്കുന്ന സഹവിദ്യാഭ്യാസം നടപ്പാക്കാൻ സർക്കാർ കർമ്മ പദ്ധതി ഒരുക്കണമെന്നും സ്കൂളുകളിൽ ആവശ്യമായ ഭൗതിക സാഹചര്യം ഒരുക്കണമെന്നും ബാലാവകാശ കമ്മീഷൻ നിർദ്ദേശിക്കുന്നു. ഇതിനായി പൊതുവിദ്യാഭ്യാസ വകുപ്പും എസ്ഇആർടിയും നടപടി എടുക്കണം. കമ്മീഷൻ നിര്‍ദ്ദേശത്തെക്കുറിച്ച് പഠിച്ച് മൂന്ന് മാസത്തിനകം പുരോഗതി റിപ്പോർട്ട് സമർപ്പിക്കാനും ഉത്തരവിൽ ഉണ്ട്.
ബാലാവകാശ കമ്മീഷൻ റിപ്പോര്‍ട്ടിനോടുള്ള സംസ്ഥാന സര്‍ക്കാരിൻ്റെ പ്രതികരണം എങ്ങനെയാവും എന്നതാണ് ഇനി അറിയേണ്ടത്. ശുചിമുറികൾ അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി മാത്രമേ സ്കൂളുകളെ മിക്സ്ഡ് ആക്കി മാറ്റാൻ സാധിക്കൂ.
ബാലാവകാശ കമ്മീഷൻ നിര്‍ദേശം നടപ്പാക്കാൻ സര്‍ക്കാര്‍ തീരുമാനിക്കുന്ന പക്ഷേ ലിംഗനീതി ഉറപ്പു വരുത്താനുള്ള ശ്രമങ്ങളിൽ രാജ്യത്തിന് തന്നെ മാതൃകയാവാൻ കേരളത്തിനാവും.