ദേശീയം
ഡല്‍ഹിയില്‍ 40 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ കുട്ടി വീണു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു
ഡല്‍ഹിയില്‍ 40 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ കുട്ടി വീണു. ഡല്‍ഹി ജല്‍ ബോര്‍ഡ് വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ലാന്റിന്റെ കുഴല്‍ക്കിണറിലാണ് കുട്ടി അബദ്ധത്തില്‍ വീണത്. കുട്ടിയെ പുറത്തെത്തിക്കാനുള്ള രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ദേശീയ ദുരന്ത നിവാരണ സേനയുടേയും ഡല്‍ഹി ഫയര്‍ സര്‍വീസസിന്റേയും നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടന്നുവരുന്നത്.
ഡല്‍ഹിയിലെ കേശോപൂര്‍ മണ്ഡി പ്രദേശത്താണ് സംഭവം നടന്നത്. കുട്ടി വീണ കുഴല്‍ക്കിണറിന് സമാന്തരമായി മറ്റൊരു കുഴിയുണ്ടാക്കി അതിലൂടെ കുട്ടിയെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങളാണ് പുരോഗമിക്കുന്നത്.
രാത്രിയോടെയാണ് വികാസ്പുരി പൊലീസ് സ്റ്റേഷനിലേക്ക് അപകടവിവരം അറിയിച്ചുകൊണ്ടുള്ള ഫോണ്‍ കോളെത്തുന്നത്. കുട്ടിയെ ഉടന്‍ സുരക്ഷിതമായി പുറത്തെടുക്കാനാകുമെന്നാണ് ദുരന്ത നിവാരണ സേന ഉദ്യോഗസ്ഥര്‍ അറിയിച്ചിരിക്കുന്നത്.