കേരളം
മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ ഇനി ഐപിഎസ് ഉദ്യോഗസ്ഥർക്കും
മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ ഇനിമുതൽ ഐപിഎസ് ഉദ്യോഗസ്ഥർക്കും നല്‍കും. ഇതിനായി മെഡലുകളുടെ എണ്ണം 300 ആയി ഉയര്‍ത്തി. ഐപിഎസ് ഇല്ലാത്ത എസ്പിമാര്‍ക്ക് വരെയായിരുന്നു ഇതുവരെ മെഡലുകള്‍ നല്‍കിയിരുന്നത്. വിശിഷ്ടസേവനത്തിനും ധീരതക്കുമാണ് മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ ഉദ്യോഗസ്ഥർക്ക് സമ്മാനിക്കുന്നത്.
പൊലീസ് സേനയിൽ ഐപിഎസ് ഒഴികെയുള്ള എസ്പിമാർ വരെയുള്ളവർക്ക് നൽകിയിരുന്ന മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ ഇനി മുതൽ ഐപിഎസ് ഉദ്യോഗസ്ഥർക്കും ലഭിക്കും. ഫീൽഡ് വിഭാഗം ഐപിഎസ് ഉദ്യോഗസ്ഥർക്കാണ് മെഡൽ നൽകുന്നത്. സംസ്ഥാന പൊലീസ് മേധാവിയുടെ അപേക്ഷ പരിഗണിച്ചാണ് നടപടി.
285 മെഡലുകളാണ് ഇത് വരെ ഉണ്ടായിരുന്നത്. ഇത് 300 ആയി ഉയര്‍ത്തി. സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പിലെ ഉദ്യോഗസ്ഥർക്കും മെഡൽ ലഭിക്കും. വനിതാ പൊലീസുകാര്‍ക്ക് നിലവിലെ മാനദണ്ഡങ്ങളില്‍ ഇളവ് നല്‍കും. വനിതകള്‍ക്ക് 7 വര്‍ഷത്തെ സര്‍വീസുണ്ടെങ്കില്‍ മെഡലിന് യോഗ്യതയാകും. അര്‍ഹരായവരെ മേലുദ്ധ്യോഗസ്ഥര്‍ക്ക് ഇനി മുതല്‍ നാമനിര്‍ദേശം ചെയ്യാം.
അതേ സമയം മാനദണ്ഡങ്ങൾ ലംഘിച്ച് സർക്കാരുമായി അടുപ്പം പുലർത്തുന്ന ഉദ്യോഗസ്ഥർ പോലീസ് മെഡലുകൾ സ്വന്തമാക്കുന്നതായി ആരോപണം നേരത്തെ ഉയർന്നിരുന്നു. ഇത്തരത്തിൽ സർക്കാർ ശുപാർശ ചെയ്ത ഒരു ഡിവൈഎസ്പിയിൽ നിന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം മെഡൽ തിരികെ വാങ്ങുകയും ചെയ്തു. ഇതിന് ശേഷം ഇൻ്റലിജൻസിന്‍റെ കർശനമായ പരിശോധനകൾക്ക് ശേഷമാണ് സർക്കാർ മെഡലുകൾ നൽകുന്നത്.