കേരളം
സജി ചെറിയാന് പകരം പുതിയ മന്ത്രി ഉടനില്ല; വകുപ്പുകള്‍ മുഖ്യമന്ത്രി ഏറ്റെടുക്കും
രാജിവച്ച മന്ത്രി സജി ചെറിയാന്‍ കൈകാര്യം ചെയ്തിരുന്ന വകുപ്പുകള്‍ മുഖ്യമന്ത്രി ഏറ്റെടുക്കും. പകരം മന്ത്രി ഉടനുണ്ടാകില്ല. സജി ചെറിയാന്‍ കൈകാര്യം ചെയ്തിരുന്ന സാംസ്‌കാരിക, ഫിഷറീസ് വകുപ്പുകളാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഏറ്റെടുക്കുന്നത്. സജി ചെറിയാന്‍ മുഖ്യമന്ത്രിക്ക് നല്‍കിയ രാജിക്കത്ത് സര്‍ക്കാര്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് കൈമാറി.
ഭരണഘടനയെ അവഹേളിച്ച് പ്രസ്താവന നടത്തിയ സംഭവത്തില്‍ കോടതി ഇടപെടലുണ്ടാകുമെന്ന് അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം സര്‍ക്കാരിന് ലഭിച്ചതിന് പിന്നാലെയാണ് സജി ചെറിയാന്‍ രാജിവച്ചത്. മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രിയുടെ ചേംബറിലെത്തിയ സജി ചെറിയാന്‍ രാജിക്കത്ത് കൈമാറുകയായിരുന്നു. രാജിയ്ക്ക് മുഖ്യമന്ത്രി നിര്‍ബന്ധിച്ചിട്ടില്ലെന്നും സ്വന്തം ഇഷ്ടപ്രകാരമാണ് രാജി വയ്ക്കുന്നതെന്നും സജി ചെറിയാന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. താന്‍ ഭരണഘടനയെ തള്ളിപ്പറഞ്ഞിട്ടില്ലെന്നും തന്റെ പ്രസംഗം ദുര്‍വ്യാഖ്യാനിക്കപ്പെട്ടെും ഇതില്‍ വിഷമമുണ്ടെന്നും സജി ചെറിയാന്‍ കൂട്ടിച്ചേര്‍ത്തു.
സിപിഎം മലപ്പള്ളി ഏരിയാ കമ്മിറ്റിയുടെ ഫെയ്‌സ്ബുക്ക് പേജിലൂടെ നടത്തിവരുന്ന പ്രതിവാര രാഷ്ട്രീയ നിരീക്ഷണം 100 വാരം പൂര്‍ത്തിയാക്കിയതിന്റെ അനുമോദന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെയാണ് സജി ചെറിയാന്‍ വിവാദ പരാമര്‍ശം നടത്തിയത്. ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ ജനങ്ങളെ കൊള്ളയടിക്കാന്‍ പറ്റിയ ഭരണഘടനയാണ് എഴുതിവച്ചിരിക്കുന്നതെന്നും ബ്രിട്ടീഷുകാരന്‍ പറഞ്ഞ് തയ്യാറാക്കി കൊടുത്ത ഒരു ഭരണഘടന ഇന്ത്യാക്കാര്‍ എഴുതിവച്ചു എന്നതടക്കമുള്ള സജി ചെറിയാന്റെ പരാമര്‍ശങ്ങളാണ് രാഷ്ട്രീയ കേരളത്തില്‍ ഒച്ചപ്പാടുണ്ടാക്കിയത്. മന്ത്രി സത്യപ്രതിജ്ഞാ ലംഘനം നടത്തിയതായും ഭരണഘടനയെ അവഹേളിച്ചതായും ആരോപിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ അടക്കം വിവിധ കോണുകളില്‍ നിന്ന് സജി ചെറിയാന്റെ രാജി ആവശ്യപ്പെട്ട് വലിയ പ്രതിഷേധമാണ് ഉയര്‍ത്തിയത്.