കേരളം
കേരളം ലോക്ക്ഡൗണിലേക്ക്? കേരളത്തിൽ ഗുരുതര സാഹചര്യമെന്ന് മുഖ്യമന്ത്രി
സംസ്ഥാനത്ത് ഗുരുതരമായ സാഹചര്യം തുടരുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. നാളെയും മറ്റന്നാളും ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തുക. അവശ്യ സര്‍വീസുകള്‍ മാത്രമാണ് ശനിയാഴ്ചയിലും ഞായറാഴ്ചയിലും അനുവദിക്കുക. അനാവശ്യമായി ആരും പുറത്തിറങ്ങരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മുന്നറിയിപ്പ് നല്‍കി.
പരീക്ഷകൾക്ക് മാറ്റമില്ല, രക്ഷിതാക്കൾ കൂട്ടം കൂടി നിൽക്കരുതെന്ന് മുഖ്യമന്ത്രി; യാത്രാ സംബന്ധമായ ഇടപെടൽ നടത്താൻ കളക്ടർ നിർദ്ദേശം നൽകിയതായും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. നാളെയും മറ്റന്നാളും വീട്ടിൽ തന്നെ നിൽക്കുന്ന രീതി പൊതുവിൽ അംഗീകരിക്കുന്നുണ്ട്. ഈ ദിവസങ്ങൾ കുടുംബത്തിനായി മാറ്റിവെക്കണം. അനാവശ്യ യാത്രകളും പരിപാടികളും ഈ ദിവസങ്ങളിൽ അനുവദനീയമല്ല. നേരത്തെ നിശ്ചയിച്ച വിവാഹങ്ങൾ നടത്താം. അടഞ്ഞ സ്ഥലങ്ങളിൽ 75 പേർക്കും തുറസായ ഇടങ്ങളിൽ 150 പേർക്കുമാണ് പരമാവധി പ്രവേശനം. ഇത് ഉയർന്ന സംഖ്യയാണ്. കുറയ്ക്കാൻ എല്ലാവരും ശ്രദ്ധിക്കണം. മരണാനന്തര ചടങ്ങിൽ 50 പേർക്കേ പങ്കെടുക്കാവൂ. വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ പോകുന്നവർ തിരിച്ചറിയൽ കാർഡും ക്ഷണക്കത്തും കരുതണം. ദീർഘദൂര യാത്ര ഒഴിവാക്കണം.
സംസ്ഥാനത്ത് ഇന്നും കാൽലക്ഷവും കടന്ന് കൊവിഡ് കുതിപ്പ് തുടരുകയാണ്. ഈ സാഹചര്യത്തിൽ ബാക്കിയുള്ള പൊതു പരീക്ഷകളുടെ കാര്യത്തിൽ പല കോണിൽ നിന്നും ചോദ്യങ്ങളുയർന്നിരുന്നു. പരീക്ഷകൾ മാറ്റിവെക്കുന്നതുമായി ബന്ധപ്പെട്ട ആവശ്യങ്ങളുമുയർന്നിരുന്നു. എന്നാൽ പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചു.
പരീക്ഷകൾ മുൻ നിശ്ചയിച്ചത് പ്രകാരം തന്നെ നടക്കുമെന്നും അതുമായി ബന്ധപ്പെട്ട് അധ്യാപകർക്കും കുട്ടികൾക്കും യാത്ര ചെയ്യാൻ അനുവാദമുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. അതേസമയം പരീക്ഷാ കേന്ദ്രങ്ങളിൽ കുട്ടികളെ എത്തിക്കുന്ന രക്ഷിതാക്കൾ കൂട്ടം കൂടി നിൽക്കാതെ അകലം പാലിക്കണമെന്നും കുട്ടികളുടെ പരീക്ഷ കഴിയുമ്പോൾ തിരിച്ച് വന്നാൽ മതിയെന്നും മുഖ്യമന്ത്രി പറഞ്ഞു. യാത്രാ സംബന്ധമായ ഇടപെടൽ നടത്താൻ കളക്ടർ നിർദ്ദേശം നൽകിയതായും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.