കേരളം
പൗരപ്രമുഖർക്ക് ഓണസദ്യ ഒരുക്കി മുഖ്യമന്ത്രി ;5 തരം പായസം ഉൾപ്പെടെ 65 വിഭവങ്ങൾ
നിയമസഭാ മന്ദിരത്തിൽ പൗരപ്രമുഖർക്ക് വിഭവ സമൃദ്ധമായ ഓണസദ്യ ഒരുക്കി മുഖ്യമന്ത്രി പിണറായി വിജയൻ. രാഷ്ട്രീയ, കലാ, സാംസ്കാരിക, ആത്മീയ, ബിസിനസ് രംഗങ്ങളിലെ പ്രമുഖർ മുഖ്യമന്ത്രിയുടെ ക്ഷണം സ്വീകരിച്ചെത്തി. പ്രോട്ടോക്കോൾ വകുപ്പിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് ഒരുക്കങ്ങൾ നടത്തിയത്.
അഞ്ച് തരം പായസവും രണ്ട് തരം പഴങ്ങളും ഉൾപ്പെടെ 65 വിഭവങ്ങളാണ് മുഖ്യമന്ത്രിയുടെ സദ്യയിൽ ഉണ്ടായിരുന്നത്. നിയമസഭയിലെ ശങ്കരനാരായണൻ തമ്പി ഹാളിന് പുറത്ത് മുഖ്യമന്ത്രി മുഖ്യാതിഥികളെ വരവേറ്റു. എംഎൽഎ ഹോസ്റ്റൽവളപ്പിലെ പുതിയ പമ്പ ബ്ലോക്കിന്റെ ശിലാസ്ഥാപനത്തിന് ശേഷമായിരുന്നു സദ്യ. ശിലാസ്ഥാപനച്ചടങ്ങിൽ ആശംസയർപ്പിക്കാനെത്തിയ പ്രതിപക്ഷനേതാവ് വിഡി സതീശൻ ഓണസദ്യയ്ക്കെത്തിയില്ല. എന്നാൽ മുസ്ലിംലീഗിന്റെതുൾപ്പെടെ ചില എംഎൽഎമാർ വിരുന്നിനെത്തി.