കേരളം
ചേന്നാസ് നാരായണന് നമ്പൂതിരിപ്പാട് അന്തരിച്ചു
ഗുരുവായൂര്‍ ക്ഷേത്രം പ്രധാന തന്ത്രി പുഴക്കര ചേന്നാസ് നാരായണന് നമ്പൂതിരിപ്പാട് അന്തരിച്ചു. 70 വയസ്സായിരുന്നു. തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് അന്ത്യം.
2013 മുതല്‍ ഗുരുവായൂര്‍ ക്ഷേത്രത്തിലെ പ്രധാന തന്ത്രിയായിരുന്നു. ദേവസ്വം ഭരണ സമിതി അംഗവുമാണ്. എംഎ ഇംഗ്ലീഷ് ബിരുദധാരിയാണ്. മലപ്പുറം എരമംഗലത്തെ പുഴക്കര ചേന്നാസ് ഇല്ലത്താണ് അന്ത്യ ചടങ്ങുകള്‍ നടക്കുക.
2013 ഡിസംബർ 26-ന് ചേന്നാസ് വാസുദേവൻ നമ്പൂതിരിപ്പാടിന്റെ നിര്യാണത്തെത്തുടർന്നാണ് ചേന്നാസ് മനയിലെ മുതിർന്ന അംഗമായ നാരായണൻ നമ്പൂതിരിപ്പാട് പ്രധാന തന്ത്രിയായി സ്ഥാനമേറ്റത്. 2014 ഫെബ്രുവരി 20-ന് ശ്രീലകത്തുകയറി ആദ്യപൂജ നിർവഹിച്ചു. 2021 സെപ്റ്റംബർ 30-ന് രാത്രി നടന്ന മേൽശാന്തിമാറ്റച്ചടങ്ങിനാണ് അവസാനമായി അദ്ദേഹം ക്ഷേത്രത്തിൽ എത്തിയത്.
ദീർഘകാലം ഗുരുവായൂർ ക്ഷേത്രത്തിൽ പ്രധാന തന്ത്രിയായിരുന്ന ചേന്നാസ് പരമേശ്വരൻ നമ്പൂതിരിപ്പാടിന്റെയും ശ്രീദേവി അന്തർജനത്തിന്റെയും മൂത്ത മകനാണ് നാരായണൻ നമ്പൂതിരിപ്പാട്. പ്രധാന തന്ത്രിയാകുന്നതിനു മുൻപ് കുറച്ചുകാലം നെടുങ്ങാടി ബാങ്കിൽ ഉദ്യോഗസ്ഥനായിരുന്നു.
ചെങ്ങന്നൂർ മിത്രമഠത്തിലെ സുചിത്രാ അന്തർജനമാണ് ഭാര്യ. ഗുരുവായൂർ ക്ഷേത്രത്തിലെ താന്ത്രികച്ചടങ്ങുകൾ നിർവഹിയ്ക്കുന്ന ശ്രീകാന്ത് നമ്പൂതിരിപ്പാട് ഏക മകനാണ്.