കേരളം
ഉപ്പിലിട്ട പഴങ്ങളില്‍ ബാറ്ററി വെള്ളം, ചീയാതിരിക്കാന്‍ അസറ്റിക് ആസിഡ്; കോഴിക്കോട് തട്ടുകടകളില്‍ രാസ വസ്തുക്കളെന്ന് മുന്നറിയിപ്പ്
കോഴിക്കോട് ബീച്ചിലെ തട്ടുകടകളില്‍ രാസ വസ്തുക്കള്‍ ഉപയോഗിക്കുന്നതായി കണ്ടെത്തൽ. ഇത് സംബന്ധിച്ച് പൊലീസ് കമ്മിഷണര്‍ മുന്നറിയിപ്പ് നല്‍കിയത് രണ്ട് മാസം മുന്‍പ്. ആരോഗ്യവിഭാഗത്തിനാണ് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് കൈമാറിയത്. ഉപ്പിലിട്ട പഴങ്ങള്‍ സത്തുപിടിപ്പിക്കാന്‍ ഉപയോഗിക്കുന്നത് ബാറ്ററി വെള്ളം.
ഉപ്പിലിട്ടവ ചീയാതിരിക്കാന്‍ അസറ്റിക് ആസിഡും ഉപയോഗിക്കുന്നു. അതിനിടയില്‍ കോഴിക്കോട്ടെ തട്ടുകടകളിൽ ഭക്ഷ്യ സുരക്ഷാ വിഭാഗം പരിശോധന കര്‍ശനമാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. കോർപ്പറേഷൻ ആരോഗ്യവിഭാഗവുമായി ചേർന്നാകും പരിശോധന നടത്തുക. തട്ടുകടയിൽ നിന്നും മിനിറൽ വാട്ടറിൻറെ കുപ്പിയിൽ സൂക്ഷിച്ചിരുന്ന ദ്രാവകം കഴിച്ച് വിദ്യാർഥിക്ക് പൊള്ളലേറ്റതിന് പിന്നാലെയാണ് നടപടി. വരക്കൽ ബീച്ചിലായിരുന്നു സംഭവം.
അസറ്റിക് ആസിഡാകാം വിദ്യാർഥി കുടിച്ചതെന്ന വിലയിരുത്തലിലാണ് ഭക്ഷ്യ സുരക്ഷാ വിഭാഗം. ഭക്ഷ്യ വസ്തുക്കൾ ഉപ്പിലിടുമ്പോൾ അതിൽ ചേർക്കാൻ ഉപയോഗിക്കുന്നതാണ് അസറ്റിക് ആസിഡ്. പരാതി ഉയർന്നതോടെ വരക്കൽ ബീച്ചിലെ തട്ടുകടകളിൽ ഭക്ഷ്യ സുരക്ഷാ വകുപ്പും കോർപ്പറേഷൻ ആരോഗ്യ വകുപ്പും സംയുക്ത പരിശോധന നടത്തിയിരുന്നു. ഉപ്പിലിടാൻ ഉപയോഗിക്കുന്ന ലായനി,ഉപ്പിലിട്ട പഴങ്ങൾ എന്നിവയുടെ സാമ്പിളുകൾ ഇവിടെ നിന്ന് ശേഖരിച്ച് പരിശോധനക്ക് അയച്ചിട്ടുണ്ട്.
പരിശോധന നഗരത്തിലെ മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കാനാണ് ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന്റെ തീരുമാനം. 3.75 ശതമാനം അസറ്റിക് ആസിഡേ ഭക്ഷ്യ പദാർഥത്തിലുപയോഗിക്കാൻ പാടുള്ളൂ എന്നാണ് ഭക്ഷ്യ സുരക്ഷാ ഗുണനിലവാര നിയമത്തിൽ പറയുന്നത്. എന്നാൽ പഴങ്ങളിൽ വേഗത്തിൽ ഉപ്പ് പിടിക്കുന്നതിനായി വീര്യം കൂടിയ അസറ്റിക് ആസിഡും മറ്റു രാസലായനികളും ഉപയോഗിക്കുന്നതായി സംശയമുണ്ട്.