കേരളം
എറണാകുളം സെന്റ്മേരീസ് കത്തീഡ്രലിലെ വികാരിമാറ്റം; സ്ഥലംമാറ്റം റദ്ദാക്കാനാകില്ല; ആവശ്യം തള്ളി ആർച്ച്ബിഷപ്പ്
എറണാകുളം സെന്റ് മേരീസ് കത്തീഡ്രല്‍ ബസലിക്കയിലെ വികാരി മാറ്റത്തെ സംബന്ധിച്ച് സ്ഥലം മാറ്റം റദ്ദാക്കണമെന്ന ആന്റണി നരിക്കുളത്തിന്റെ ആവശ്യം ആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്ത് തള്ളി. സ്ഥലം മാറ്റം നിയമ വിരുദ്ധവും അനുചിതവുമെന്ന് ഫാ.ആന്റണി നരിക്കുളം ആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്തിനോട് പറഞ്ഞു. കൂടാതെ സ്ഥലമാറ്റ ഉത്തരവ് പിൻവലിക്കണമെന്നും ആവശ്യപ്പെട്ടു.
എന്നാൽ നടപടിക്രമങ്ങള്‍ പാലിച്ചും കൃത്യമായ കൂടിയാലോചനകൾക്കും ശേഷമാണ് സ്ഥലം മാറ്റ ഉത്തരവെന്ന് ആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്ത് വ്യക്തമാക്കി. സ്ഥലംമാറ്റം ബസലിക്കയില്‍ നിലനിൽക്കുന്ന അസാധാരണമായ സാഹചര്യങ്ങളും പ്രശ്നങ്ങളും പരിഹരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. സിനഡ് അംഗങ്ങളുമായി കൂടിയാലോചിച്ചെടുത്ത തീരുമാനം അനിവാര്യവും അവസരോചിതവുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഉത്തരവ് റദ്ദാക്കാനാവില്ലെന്നും ഫാ.ആന്റണി നരിക്കുളത്തോട് ആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്ത് വിശദമാക്കി.
സിറോ മലബാർ സഭ എറണാകുളം – അങ്കമാലി അതിരൂപതയിലെ വൈദിക പഠനകേന്ദ്രങ്ങളിൽ ഏകീകൃത കുർബാന അർപ്പിക്കണമെന്ന നിലപാട് കടുപ്പിച്ച് അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ മാർ ആൻഡ്രൂസ് താഴത്ത്. സെമിനാരികളിൽ ഏകീകൃത കുർബാന മാത്രമേ അനുവദിക്കാനാകൂ. തൃക്കാക്കര സേക്രട്ട് ഹാർട്ട് മൈനർ സെമിനാരിയിലും ഗുരുകുലത്തിലും ഏകീകൃത കുർബാന അർപ്പിക്കണമെന്ന് മാർ ആൻഡ്രൂസ് താഴത്ത് കർശന നിർദേശം നൽകി.
അനുസരിക്കാൻ തയാറാകാത്ത വൈദികരുടെ വിശദാംശങ്ങൾ 10 ദിവസത്തിനുള്ളിൽ അറിയിക്കാനാണ് സെമിനാരി റെക്ടർക്ക് നിർദേശം നൽകിയിരിക്കുന്നത്. സിനഡ് തീരുമാനം അംഗീകരിക്കാത്തവരെ തൽസ്ഥാനത്തു നിന്ന് നീക്കുമെന്ന മുന്നറിയിപ്പുമുണ്ട്. ഇതിനിടെ എറണാകുളം സെന്റ് മേരീസ് കത്തീഡ്രൽ ബസിലിക്ക തുറക്കണമെന്നാവശ്യപ്പെട്ട് ബസിലിക്ക വികാരിക്ക് അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ നൽകിയ ഉത്തരവ് ഒരു വിഭാഗം വിശ്വാസികൾ പരസ്യമായി കത്തിച്ചു