കേരളം
പുതുപ്പള്ളിയിലെ സ്ഥാനാര്‍ഥിയെ തീരുമാനിക്കുക പാര്‍ട്ടി; 23 വര്‍ഷമായി രാഷ്ട്രീയത്തിലുണ്ടെന്ന് ചാണ്ടി ഉമ്മൻ
പുതുപ്പള്ളിയിലെ സ്ഥാനാര്‍ഥിയെ സംബന്ധിച്ച് കോണ്‍ഗ്രസ് പാര്‍ട്ടി എന്തു തീരുമാനമെടുത്താലും അംഗീകരിക്കുമെന്ന് അന്തരിച്ച നേതാവ് ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മന്‍. എല്ലാ വശങ്ങളും പരിശോധിച്ച ശേഷമാവും പാര്‍ട്ടി തീരുമാനമെടുക്കുകയെന്ന് തനിക്ക് ഉറപ്പുണ്ടെന്ന് ചാണ്ടി ഉമ്മന്‍ പറഞ്ഞു.
ഇരുപത്തിമൂന്നു വര്‍ഷമായി താന്‍ രാഷ്ട്രീയരംഗത്തുണ്ട്. സ്ഥാനാര്‍ഥിത്വത്തെക്കുറിച്ച് മറ്റൊന്നും പറയാനില്ല. സ്ഥാനാര്‍ഥിയെ സംബന്ധിച്ച കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ പ്രസ്താവന കണ്ടിട്ടില്ല. മാത്രമല്ല, അതൊന്നും ആലോചിക്കാവുന്ന അവസ്ഥയിലല്ല, താന്‍. രാഷ്ട്രീയമായി ഇപ്പോള്‍ ഒന്നും പറയില്ലെന്ന് ചാണ്ടി ഉമ്മന്‍ പറഞ്ഞു. തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാഗമായി കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടെ കേരളത്തിലെ ഒട്ടേറെ വീടുകളില്‍ പോയിട്ടുണ്ട്. രാഷ്ട്രീയം നോക്കാതെ സ്‌നേഹത്തോടെ, സ്വന്തമെന്ന പോലെയാണ് അവിടെയെല്ലാം ജനങ്ങള്‍ തന്നെ സ്വീകരിച്ചത്. അത് എനിക്കുള്ളതല്ല, മറിച്ച് അപ്പയ്ക്കുള്ള സ്വീകരണമാണ്. അപ്പ ജനങ്ങളെ സ്‌നേഹിച്ചു, അവര്‍ അത് പല മടങ്ങായി തിരിച്ചു നല്‍കി- ചാണ്ടി ഉമ്മന്‍ പറഞ്ഞു.
അതേസമയം താന്‍ രാഷ്ട്രീയത്തിലേക്കില്ല എന്ന് വ്യക്തമാക്കിയിരിക്കുകയാണ് അച്ചു ഉമ്മന്‍. “ഞാന്‍ രാഷ്ട്രീയ രംഗത്തേക്ക് വരാന്‍ ആഗ്രഹിക്കുന്നില്ല. എവിടെപ്പോയാലും എന്റെ അഡ്രസ്സ് ഉമ്മന്‍ ചാണ്ടിയുടെ മകള്‍ എന്നാണ്. അവസാനം വരെ അദ്ദേഹത്തിന്റെ മകള്‍ എന്ന ലേബലില്‍ തന്നെ ജീവിച്ച് മരിക്കാനാണ് എനിക്കാഗ്രഹം”, അച്ചു ഉമ്മന്‍ പറഞ്ഞു.
തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ വളരെ നേരത്തെയാണെന്നും ഇത് ഒഴിവാക്കേണ്ടതായിരുന്നു എന്നും അച്ചു പ്രതികരിച്ചു. സമൂഹമാധ്യമങ്ങളിലെ പല കുറിപ്പുകളും കണ്ടപ്പോള്‍ ഇക്കാര്യത്തില്‍ ഒരു വ്യക്തത വരണമെന്ന് തോന്നിയതുകൊണ്ടാണ് പ്രതികരിക്കുന്നതെന്ന് പറഞ്ഞാണ് താന്‍ പൊതുപ്രവര്‍ത്തനത്തിലേക്കില്ല എന്ന് അച്ചു വ്യക്തമാക്കിയത്. അതേസമയം, ചാണ്ടി ഉമ്മന്‍ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് വരുന്നതില്‍ അഭിപ്രായം ചോദിച്ചപ്പോള്‍ തീര്‍ച്ചയായും അദ്ദേഹം യോഗ്യതയുള്ള വ്യക്തിയാണെന്നായിരുന്നു മറുപടി. എന്നാല്‍ തീരുമാനം കോണ്‍ഗ്രസ് പാര്‍ട്ടുയുടേതാണെന്നും അച്ചു കൂട്ടിച്ചേര്‍ത്തു.