കേരളം
സംസ്ഥാനത്തെ 220 ആശുപത്രികളില്‍ തീപിടുത്ത സാധ്യതയെന്ന് ഫയര്‍ ആന്‍ഡ് സേഫ്റ്റി വിഭാഗം
സംസ്ഥാനത്തെ ആശുപത്രികളില്‍ തീപിടുത്ത സാധ്യതയെന്ന് ഫയര്‍ ആന്‍ഡ് സേഫ്റ്റി വിഭാഗം. സംസ്ഥാനത്ത് ഫയര്‍ സേഫ്‌റ്റി സര്‍ട്ടിഫിക്കറ്റില്ലാതെ പ്രവര്‍ത്തിക്കുന്നത് 220 ആശുപത്രികളാണെന്ന് ഫയര്‍ ആന്‍ഡ് സേഫ്റ്റി വിഭാഗം നടത്തിയ പരിശോധനയില്‍ കണ്ടെത്തി. തിരുവനന്തപുരം, കോട്ടയം, തൃശൂര്‍, കൊല്ലം ജില്ലകളിലാണ് നിയമലംഘനങ്ങള്‍ ഏറെയും.
കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിലുണ്ടായ തീപിടുത്തത്തിന്റെ പശ്ചാത്തലത്തിലാണ് ഫയര്‍ സേഫ്റ്റി വിഭാഗം പരിശോധന നടത്തിയത്. പരിശോധനയില്‍ തിരുവനന്തപുരത്ത് മാത്രം 65 ആശുപത്രികള്‍ക്ക് ഫയര്‍ സേഫ്റ്റി എന്‍ഒസി ഇല്ലെന്ന് കണ്ടെത്തി. കോട്ടയത്ത് 37ഉം , തൃശൂരില്‍ 27ഉം, കൊല്ലത്ത് 25ഉം ആശുപത്രികള്‍ നിയമം ലംഘിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. സംസ്ഥാനത്തൊട്ടാകെ ഫയര്‍ സേഫ്‌റ്റി സര്‍ട്ടിഫിക്കറ്റില്ലാതെ പ്രവര്‍ത്തിക്കുന്നത് 220 ആശുപത്രികളാണെന്ന് പരിശോധനയില്‍ വ്യക്തമായി.
അതേസമയം കേരളത്തിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലടക്കം പരിശോധനയില്‍ വീഴ്ച കണ്ടെത്തിയിട്ടുണ്ട്. പഴയ ആശുപത്രികളിലാണ് കൂടുതല്‍ നിയമലംഘനം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. തീപിടുത്തമുണ്ടായാല്‍ രോഗികളെ ഒഴിപ്പിക്കുന്നതിനുള്ള സംവിധാനം പലയിടത്തുമില്ലെന്നും പരിശോധനാ സംഘം കണ്ടെത്തി. മലയാള മാധ്യമമായ ട്വന്റിഫോർ ന്യൂസ് ആണ് ഇതുസംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്.
മുൻപ് കോവിഡ് പശ്‌ചാത്തലത്തിൽ ആശുപത്രികളിൽ ഓക്‌സിജൻ വിതരണവും കരുതൽ ശേഖരവും വർധിപ്പിച്ചതിനാൽ കർശന സുരക്ഷാസൗകര്യങ്ങളേർപ്പെടുത്താൻ സർക്കാർ നിർദേശം നൽകിയിരുന്നു. ഓക്‌സിജൻ വിതരണ സംവിധാനങ്ങളിലെ ചോർച്ച, അന്തരീക്ഷത്തിലെ മെഡിക്കൽ ഓക്‌സിജൻ, വൈദ്യുതീകരണത്തിലെ പിഴവ്, ഉപകരണങ്ങളുടെ തെറ്റായ പ്രവർത്തനം എന്നിവയാലുള്ള അപകടങ്ങൾ ഒഴിവാക്കാനാണിത്. ആശുപത്രികളിലെ ഓക്‌സിജൻ പൈപ്പുകൾ, ഹോസുകൾ, വാൽവുകൾ തുടങ്ങിയവ അപകടത്തിനിടയാക്കും. ഇതൊഴിവാക്കി രോഗികളുടെയും ജീവനക്കാരുടെയും സുരക്ഷിതത്വം ഉറപ്പാക്കാനാണ് സർക്കാർ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചത്.
ടെക്‌നിക്കൽ ഏജൻസിയുടെ സഹായത്തോടെ ബയോ മെഡിക്കൽ എൻജിനിയർമാരുടെ നേതൃത്വത്തിൽ നിശ്ചിത കാലയളവിൽ ടെക്‌നിക്കൽ ഓഡിറ്റ് നടത്തണം. സർക്കാർ, സ്വകാര്യ ആശുപത്രികൾ രാസ അത്യാഹിതങ്ങൾ ഒഴിവാക്കാൻ അപകട സാധ്യത കണ്ടെത്തി പരിഹരിക്കണം. ഐസിയുകൾ, ഓക്‌സിജൻ വിതരണമുള്ള വാർഡുകൾ, ഓക്‌സിജന്റെയും രാസവസ്തുക്കളുടെയും സംഭരണം, ഗതാഗത സംവിധാനങ്ങൾ എന്നിവ പരിശോധിച്ച് സുരക്ഷ ഉറപ്പ് വരുത്തണം. എർത്തിങ് ഉൾപ്പെടെയുള്ള വൈദ്യുത സംവിധാനത്തിലെ പ്രശ്‌നങ്ങളും പരിഹരിക്കണം. ജീവനക്കാർക്ക് മികച്ച പരിശീലനവും നൽകണം, എന്നിങ്ങനെ നിരവധി മാർഗനിർദേശങ്ങൾ നൽകിയിരുന്നു.