കേരളം
കേരളത്തിൽ കോവിഡ് വർധിക്കുന്നു; 5 നിർദേശങ്ങളുമായി കേന്ദ്രം
കേരളത്തിൽ കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ അഞ്ച് നിർദേശങ്ങളുമായി കേന്ദ്രം. രോഗവ്യാപനം കൂടുതലുള്ള സ്ഥലങ്ങളിൽ കേന്ദ്രസർക്കാരിന്റെ നിർദേശം അനുസരിച്ചുള്ള കർശന നിയന്ത്രണ നടപടികൾ പാലിക്കണമെന്ന് കാബിനറ്റ് സെക്രട്ടറി ചീഫ് സെക്രട്ടറിക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടു.
കണ്ടെയ്ൻമെന്റ് സോണിനു പുറത്തുള്ള സ്ഥലത്തേക്കു കേസുകൾ പടരാതിരിക്കാൻ ശക്തമായ നിരീക്ഷണം ഏർപ്പെടുത്തണം. പോസിറ്റീവാകുന്ന ആളുമായി സമ്പർക്കം പുലർത്തിയ 20–25 ആളുകളുടെ സമ്പർക്കപട്ടിക തയാറാക്കി ക്വാറന്റീനിലാക്കണം. ഹോം ഐസലേഷൻ കൃത്യമായി പാലിക്കുന്നുണ്ടോയെന്നു പരിശോധിക്കണം. കേന്ദ്രസർക്കാർ നിർദേശിച്ച കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണം.
ആൾക്കൂട്ടം ഒഴിവാക്കാൻ കർശന നടപടി സ്വീകരിക്കാൻ ജില്ലാ ഭരണകൂടത്തിനു നിർദേശം നൽകണം. പരിശോധന വർധിപ്പിക്കണം. രോഗ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവർക്കും രോഗികളുമായി അടുത്ത് ഇടപഴകിയവർക്കും പരിശോധനയിൽ പ്രഥമ പരിഗണന നൽകണം. കോവിഡ് ജനിതക വ്യതിയാനത്തെക്കുറിച്ച് പഠനം നടത്തണം. രണ്ടാം ഡോസ് വാക്സീന് അർഹരായവർക്ക് എത്രയും വേഗം ലഭിക്കാൻ കേരളത്തിന്റെതായ മാതൃക തയാറാക്കണമെന്നും നിർദേശമുണ്ട്.
2021 ജൂലൈ 19 മുതൽ കേരളത്തിൽ രോഗം വർധിക്കുകയാണെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നു. ജൂലൈയിൽ ശരാശരി 13,500 കേസായിരുന്നെങ്കിൽ ഓഗസ്റ്റിൽ 19,500 കേസ് ആയി. രാജ്യത്തെ കോവിഡ് കേസുകളിൽ പകുതിയും കേരളത്തിലാണ്. കേരളത്തിലെ 14 ജില്ലകളിലും രോഗ സ്ഥിരീകരണ നിരക്ക് (ടിപിആർ) കൂടുതലാണ്. തൃശൂര്‍, കോഴിക്കോട്, എറണാകുളം ജില്ലകളിൽ 10 ലക്ഷം പേരിൽ നാലായിരത്തിൽ അധികം പേർ പോസിറ്റീവാണെന്നും കത്തിൽ പറയുന്നു.