കാലാവസ്ഥ
സംസ്ഥാനത്ത് ചൂട് കൂടുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്; വേനൽ മഴ തുടരും
സംസ്ഥാനത്ത് ചൂട് കൂടുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഒൻപത് ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പായ യല്ലോ അലേർട്ട് പുറപ്പെടുവിച്ചു. കൊല്ലം, കോട്ടയം, ആലപ്പുഴ, കോഴിക്കോട്, പാലക്കാട് ജില്ലകളിൽ താപനില 37°C വരെയും കണ്ണൂർ, തൃശൂർ, തിരുവനന്തപുരം ജില്ലകളിൽ 36°C വരെയും, മലപ്പുറം ജില്ലയിൽ 35°Cവരെയും താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. സാധാരണയെക്കാൾ 2 °C – മുതൽ 4 °C വരെ ചൂട് കൂടാനാണ് സാധ്യത.
ഇന്നലേയും ഉയർന്ന താപനിലയായിരുന്നു സംസ്ഥാനത്ത് രേഖപ്പെടുത്തിയിരുന്നത്. സാധാരണയിൽ നിന്നും 2 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കും. എട്ട് ജില്ലകളിൽ കഴിഞ്ഞ ദിവസം ഉയർന്ന താപനില മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നു. അന്തരീക്ഷത്തിലെ ഉയർന്ന ഈർപ്പവും കൂടിയാകുന്നതോടെ അനുഭവപ്പെടുന്ന ചൂടിന്റെ കാഠിന്യം ഉയർന്നേക്കും.
അതേസമയം, കേരളത്തിൽ ഇത്തവണ കാലവർഷം തുടക്കത്തിൽ കൂടുതൽ മഴ ലഭിച്ചേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജൂൺ, ജൂലൈ മാസത്തിൽ മഴ കൂടുമെന്നാണ് വിവിധ കാലാവസ്ഥ ഏജൻസികളുടെ നിഗമനം. ജൂൺ ആദ്യ ആഴ്ചയിൽ തന്നെ കാലവർഷം എത്തുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു.
കഴിഞ്ഞ വർഷം മെയ് 27 ന് കാലവർഷം കേരളത്തിൽ എത്തിയിരുന്നു. എന്നാൽ ഇത്തവണ സാഹചര്യം മാറും. ജൂൺ 4 ന് കാലവർഷം കേരളത്തിൽ എത്തുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. സ്വകാര്യ ഏജൻസിയായ സ്കൈമെറ്റ് ജൂൺ 7 നാണ് പ്രചിക്കുന്നത്. രണ്ട് സ്വകാര്യ ഏജൻസികൾ ജൂൺ 3 ന് മൺസൂൺ എത്തുമെന്നും പ്രവചിക്കുന്നു.