കേരളം
സില്‍വര്‍ലൈനിനായി റെയില്‍വേ ഭൂമിയില്‍ കല്ലിടരുത്
സില്‍വര്‍ലൈന്‍ സര്‍വേയുടെ പേരില്‍ റെയില്‍വേ ഭൂമിയില്‍ കല്ലിടരുതെന്ന് രേഖാമൂലം നിര്‍ദേശം നല്‍കിയിരുന്നെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍. സില്‍വര്‍ലൈന് സാമ്പത്തികാനുമതി നല്‍കിയിട്ടില്ല. സാമൂഹികാഘാതപഠനം നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ റെയില്‍വേയെ സമീപിച്ചിരുന്നില്ലെന്നും കേന്ദ്രം വ്യക്തമാക്കി. കെ റെയില്‍ കല്ലിടലിനെതിരായ ഹര്‍ജികള്‍ ഹൈക്കോടതി വേനലവധിയ്ക്ക് ശേഷം പരിഗണിക്കും.
സില്‍വര്‍ലൈന്‍ കല്ലിടലുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുമ്പോഴാണ് കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യങ്ങള്‍ അറിയിച്ചത്. പദ്ധതിയുടെ ഡിപിആറിന് ഇതുവരെ അന്തിമാനുമതിയും സാമ്പത്തികാനുമതിയും നല്‍കിയിട്ടില്ലെന്നും കേന്ദ്രം ഹൈക്കോടതിയില്‍ വ്യക്തമാക്കി. സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് ഇന്നലെ ഹൈക്കോടതി നാലു ചോദ്യങ്ങള്‍ ഉന്നയിച്ചിരുന്നു. ഇതില്‍ വ്യക്തത വരുത്താന്‍ കേന്ദ്രസര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ചാണ് കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ നിലപാട് അറിയിച്ചത്.
അതേസമയം, കല്ലിടുന്ന ഭൂമിക്ക് സാമ്പത്തിക വായ്പ ലഭിക്കുന്നതിനു നിലവില്‍ പ്രശ്‌നങ്ങള്‍ ഒന്നുമില്ലെന്നും അത്തരം പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ ഇടപെടുമെന്നും സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഭൂമികള്‍ക്ക് വായ്പ നല്‍കാന്‍ സഹകരണ ബാങ്കുകള്‍ക്കും മറ്റും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു.