കേരളം
നിയമസഭാ തെരഞ്ഞെടുപ്പ്; അതിര്‍ത്തിയില്‍ കേന്ദ്രസേനയെ നിയോഗിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്
പോളിംഗ് ദിവസം തമിഴ്നാട് അതിര്‍ത്തി അടയ്ക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് ഹൈക്കോടതിയെ അറിയിച്ചു. അതിര്‍ത്തിയില്‍ കേന്ദ്രസേനയെ നിയോഗിക്കും. തമിഴ്നാട്ടിലും കേരളത്തിലും വോട്ടുള്ളവര്‍ തെരഞ്ഞെടുപ്പ് ദിവസം അതിര്‍ത്തി കടന്ന് വോട്ട് ചെയ്യാന്‍ എത്തുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് ഉടുമ്ബന്‍ചോല, ദേവികുളം, പീരുമേട് മണ്ഡലങ്ങളിലെ യുഡിഎഫ് സ്ഥാനാര്‍ഥികള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കമ്മീഷന് നിലപാട് അറിയിച്ചത്.
ഇരട്ടവോട്ട് തടയാന്‍ അതിര്‍ത്തി അടയ്ക്കണമെന്നും സുരക്ഷയ്ക്ക് കേന്ദ്രസേനയെ നിയോഗിക്കണമെന്നുമായിരുന്നു ഹര്‍ജിക്കാരുടെ ആവശ്യം. കള്ളവോട്ട് തടയാന്‍ കമ്മീഷന് കര്‍ശന നിര്‍ദ്ദേശം നല്‍കണമെന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടിരുന്നു.
അരൂര്‍ മണ്ഡലത്തിലെ ഇരട്ടവോട്ട് തടയാന്‍ ബൂത്തുകളില്‍ വീഡിയോ ചിത്രീകരണം വേണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് സ്ഥാനാര്‍ഥി ഷാനിമോള്‍ ഉസ്മാന് സമര്‍പ്പിച്ച ഹര്‍ജിയും കോടതി തീര്‍പ്പാക്കി. വീഡിയോ ചിത്രീകരണം പ്രായോഗികമാണോ എന്ന് പരിശോധിക്കണമെന്ന് കമ്മീഷനോട് കോടതി നിര്‍ദ്ദേശിച്ചു.
ചില ബൂത്തുകളില്‍ വീഡിയോ ചിത്രീകരിക്കുമെന്ന് കമ്മീഷന് അറിയിച്ചു. എന്നാല്‍ 39 ഓളം ബൂത്തുകളില്‍ ഇരട്ടവോട്ടുള്ളവര്‍ ഉണ്ടെന്നും ഇവിടങ്ങളില്‍ എല്ലാം വീഡിയോ ചിത്രീകരണം വേണമെന്നുമായിരുന്നു യുഡിഎഫ് സ്ഥാനാര്‍ഥിയുടെ ആവശ്യം.