കേരളം
കേരളത്തിൽ അതിതീവ്ര കൊവിഡ് വ്യാപനമെന്ന് കേന്ദ്രം
രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ കേരളത്തിലെ സ്ഥിതിയിൽ ആശങ്കയറിയിച്ച് കേന്ദ്രം. നിലവിൽ കേരളത്തിലെ സ്ഥിതി ഗുരുതരമാണ്. കേരളത്തിൽ അതിതീവ്ര കൊവിഡ് വ്യാപനമാണെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വിലയിരുത്തി.
കോഴിക്കോട്, എറണാകുളം, മലപ്പുറം, കോട്ടയം, ആലപ്പുഴ ജില്ലകളിൽ അതിതീവ്ര വ്യാപനമാണ്. പാലക്കാട്, കൊല്ലം ജില്ലകളിലെ സ്ഥിതിയും ആശങ്കാജനകമാണ്. ജനങ്ങൾ കൂടുതൽ മുൻകരുതൽ എടുക്കേണ്ട സാഹചര്യമാണിത്.
അതേ സമയം കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന കേരളത്തില്‍ ചികിത്സയ്ക്ക് കേന്ദ്രസഹായം തേടി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തയച്ചു.ദ്രവീകൃത ഓക്‌സിജന്‍, വെന്റിലേറ്റുകള്‍ എന്നിവ ഉടന്‍ ലഭ്യമാക്കണമെന്നാണ് കത്തിലെ ആവശ്യം. അതിനിടെ ഓക്‌സിജന്‍ ക്ഷാമത്തെ തുടര്‍ന്ന് തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയില്‍ ന്യൂറോ, കാര്‍ഡിയാക് വിഭാഗങ്ങളില്‍ ശസ്ത്രക്രിയ നിര്‍ത്തിവച്ചു.
സംസ്ഥാനത്ത് കോവിഡ് രോഗികള്‍ വര്‍ധിച്ചതോടെ, സര്‍ക്കാര്‍ ആശുപത്രികളില്‍ ഐസിയു, വെന്റിലേറ്ററുകള്‍ നിറഞ്ഞു. സ്വകാര്യ മേഖലയിലെ 85 ശതമാനം കോവിഡ് കിടക്കകളും നിറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ എല്ലാ കോവിഡ് ഐസിയുവിലും രോഗികള്‍ ചികിത്സയിലാണ്. ഇനി നാല് വെന്റിലേറ്റര്‍ മാത്രമാണ് ഒഴിവുള്ളത്. 90 ശതമാനം ഓക്‌സിജന്‍ കിടക്കകളും നിറഞ്ഞതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.