കേരളം
കരിപ്പൂരിലെ സിബിഐ റെയ്ഡ്; കസ്റ്റംസ് ഓഫീസറിൽ നിന്ന് മൂന്ന് ലക്ഷം രൂപ പിടിച്ചെടുത്തു
കരിപ്പൂർ വിമാനത്താവളത്തിൽ സിബിഐയും ഡിആർഐയും നടത്തിയ സംയുക്ത റെയ്ഡിൽ കസ്റ്റംസ് ഓഫീസറിൽ നിന്ന് മൂന്ന് ലക്ഷം രൂപയോളം പിടിച്ചെടുത്തു. വിമാനത്താവളത്തിലെ മുറികളിലും ഡ്രോയറുകളിലും നിന്നുമാണ് പണം കണ്ടെത്തിയത്.
ചൊവ്വാഴ്ച പുലർച്ചെയാണ് പത്തംഗ സംഘം മിന്നൽ റെയ്ഡിനെത്തിയത്. ഏതെങ്കിലും രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണോ റെയ്ഡ് എന്ന കാര്യം വ്യക്തമല്ല.
ഇന്ന് രാവിലെയാണ് സിബിഐയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്മാര്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിയത്. സ്വര്‍ണക്കടത്തിന് കസ്റ്റംസ് ഉദ്യോഗസ്ഥന്മാര്‍ ഒത്താശചെയ്യുന്നുവെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സിബിഐയുടെ മിന്നല്‍ പരിശോധന.
തികച്ചും അപ്രതീക്ഷിതമായിട്ടായിരുന്നു സിബിഐയുടെ നീക്കം. ഷാര്‍ജയില്‍ നിന്നുള്ള വിമാനം കരിപ്പൂരില്‍ എത്തിയതിന് തൊട്ടുപിന്നാലെയാണ് സിബിഐ ഉദ്യോഗസ്ഥര്‍ വിമാനത്താവളത്തില്‍ എത്തിയത്.
കസ്റ്റംസിന്റെ പരിശോധന കഴിഞ്ഞ് പുറത്ത് എത്തുന്ന യാത്രക്കാരെയും സിബിഐ പരിശോധിക്കുകയാണ്. അടുത്തിടെ കരിപ്പൂരിൽ നിന്ന് കോടികളുടെ സ്വർണമാണ് പിടികൂടിയത്. ഇന്നലെ മാത്രം ഒന്നേ കാൽ കോടിയുടെ സ്വർണം പിടികൂടിയിരുന്നു.