കേരളം
കേരളാ പൊലീസ് നീതി കാണിച്ചില്ല മിഷേലിന്റെ മരണത്തിന്റെ കുരുക്കഴിക്കാൻ ഇനി സിബിഐ
സിഎ വിദ്യാര്‍ത്ഥിനി പെരിയപ്പുറം എണ്ണയ്ക്കാപ്പിള്ളില്‍ മിഷേല്‍ ഷാജിയുടെ ദൂരുഹ മരണത്തില്‍ സിബിഐ അന്വേഷണ ആവശ്യം ശക്തമാകുകയാണ്. കൊച്ചി കായലില്‍ മരിച്ച നിലയില്‍ കാണപ്പെട്ട മിഷേലിന്റെ മരണം കൊലപാതകമാണെന്നാണ് ഇപ്പോഴും മാതാപിതാക്കള്‍ കരുതുന്നത്. ഈ സാഹചര്യത്തിലാണ് സിബിഐ അന്വേഷിക്കണമെന്ന ആവശ്യം ശക്തമായിരിക്കുന്നത്. കേസില്‍ കേരളാ പൊലീസ് നീതി കാണിച്ചില്ലെന്നാണ് മാതാപിതാക്കളും വിശ്വസിക്കുന്നത്.
2017 മാര്‍ച്ച് ആറിനാണ് മിഷേലിന്റെ മൃതദേഹം കൊച്ചി കായലില്‍നിന്ന് കണ്ടെടുക്കുന്നത്. മിഷേല്‍ ആത്മഹത്യ ചെയ്തതല്ലെന്നും ആരോ കരുതിക്കൂട്ടി അപായപ്പെടുത്തിയതാണെന്നുമാണ് കുടുംബം വിശ്വസിക്കുന്നത്. കലൂര്‍ പള്ളിയില്‍നിന്ന് മിഷേല്‍ പുറത്തിറങ്ങുമ്ബോള്‍ പിന്തുടര്‍ന്ന യുവാക്കളുടെ ദൃശ്യം സിസിടിവിയില്‍നിന്ന് പൊലീസിനു ലഭിച്ചിരുന്നു. ഈ യുവാക്കളെ കണ്ടെത്താന്‍ പൊലീസിനു കഴിഞ്ഞിട്ടില്ല. മിഷേലിന്റെ ഫൈബര്‍ സ്ട്രാപ്പുള്ള വാച്ച്, മൊബൈല്‍ ഫോണ്‍, മോതിരം, ബാഗ്, ഷാള്‍, ഹാഫ് ഷൂ എന്നിവയും കണ്ടെത്താനായിട്ടില്ല.
2017 മാര്‍ച്ച് അഞ്ചിനാണ് ഹോസ്റ്റലില്‍ നിന്നും പുറത്തുപോയ മിഷേല്‍ ഷാജിയെ കാണാതെയാകുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ അടുത്ത ദിവസം കൊച്ചി കായലില്‍ നിന്നാണ് യുവതിയുടെ മൃതദേഹം കണ്ടെത്തുന്നത്. തുടക്കം മുതല്‍ തന്നെ മിഷേലിന്റെ മരണം ആത്മഹത്യയെന്ന് വരുത്തിത്തീര്‍ക്കാന്‍ പൊലീസിന്റെ ഭാഗത്തുനിന്ന് ശ്രമങ്ങളുണ്ടായിരുന്നെന്നാണ് പിതാവ് ഷാജിയുടെ ആരോപണം. മകളുടെ മരണം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനില്‍ പരാതിയുമായി എത്തിയ ബന്ധുക്കളെ മൂന്നു ദിവസം സംസാരിക്കാന്‍ പോലും പൊലീസ് അനുവദിച്ചില്ലെന്നാണ് ഷാജി പറയുന്നത്. ഒടുവില്‍ സമ്മര്‍ദത്തിനു വഴങ്ങി പരാതി സ്വീകരിക്കുമ്ബോള്‍ അന്നത്തെ സിഐ അനന്തലാല്‍ പറഞ്ഞത് മിഷേലിന്റെ മരണം നിങ്ങള്‍ എവിടെ പോയാലും തെളിയിക്കാന്‍ പോകുന്നില്ല. എന്നാണ്. മുന്‍വിധിയോടെയാണ് പൊലീസ് അന്വേഷണം ആരംഭിച്ചതും റിപ്പോര്‍ട്ടുകള്‍ തയാറാക്കിയതെന്നും ഷാജി ആരോപിക്കുന്നു.
എറണാകുളം വാര്‍ഫിനടുത്തുനിന്ന് മൃതദേഹം ലഭിക്കുമ്ബോള്‍ വെള്ളത്തില്‍ കിടന്ന് രണ്ടു മണിക്കൂര്‍ പോലും ആയതിന്റെ ലക്ഷണങ്ങളില്ലായിരുന്നെന്നാണ് സ്ഥലത്തുണ്ടായിരുന്ന ഐലന്‍ഡ് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥന് തന്നോട് പറഞ്ഞതെന്ന് ഷാജി പറയുന്നു. എന്നാല്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത് 22 മണിക്കൂര്‍ പഴക്കം ആയെന്നാണ്. അതിന്റെ യാതൊരു ലക്ഷണങ്ങളും മൃതദേഹത്തില്‍ ഉണ്ടായിരുന്നില്ല എന്നു മാത്രമല്ല, ജീവിച്ചിരിക്കുമ്ബോള്‍ അമര്‍ത്തിപ്പിടിച്ചതിന്റെ ചോരപ്പാടുകള്‍ രണ്ടു കൈകളിലും ഉണ്ടായിരുന്നു. ഇതെല്ലാം അന്ന് പകര്‍ത്തിയ വിഡിയോ ദൃശ്യങ്ങളില്‍ വ്യക്തമാണ്.
മൃതദേഹം ആദ്യം എറണാകുളം ജനറല്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം ചെയ്യുന്നതിനാണ് തീരുമാനിച്ചത്. ഇതിനായി ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പെട്ടെന്നാണ് പൊലീസ് കളമശേരി മെഡിക്കല്‍ കോളജിലേയ്ക്ക് മൃതദേഹം പരിശോധനയ്ക്ക് അയയ്ക്കാന്‍ തീരുമാനിച്ചത്. ഇവിടെ പരിശോധന നടത്തേണ്ടെന്നും കളമശേരി മെഡിക്കല്‍ കോളജില്‍ നടത്തിയാല്‍ മതിയെന്നും ഉന്നതങ്ങളില്‍ നിന്ന് നിര്‍ദ്ദേശം ലഭിച്ചെന്നാണ് അന്ന് ഇതിനെക്കുറിച്ചു ചോദിച്ചപ്പോള്‍ പൊലീസ് പറഞ്ഞതെന്ന് ഷാജി പറയുന്നു. ഇതിനു പിന്നില്‍ പൊലീസിന്റെ ഒത്തുകളിയുണ്ടെന്ന് സംശയമുണ്ട്. മൃതദേഹം പരിശോധിച്ച വനിതാ ഫോറന്‍സിക് ഡോക്ടറുടെ കാര്യത്തിലും സംശയമുണ്ടെന്ന നിലപാടിലാണ് ഷാജി വര്‍ഗീസ്.
അതേസമയം, ദുരൂഹ മരണങ്ങളും കൊലപാതകമെന്നു സംശയങ്ങളുയരുന്ന മരണങ്ങളും എറണാകുളം ജില്ലാ ആശുപത്രിയില്‍ പരിശോധിക്കാറില്ലെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. കൂടുതല്‍ വ്യക്തമായ പരിശോധനകള്‍ക്കു എപ്പോഴും മെഡിക്കല്‍ കോളജിലേയ്ക്ക് മൃതദേഹങ്ങള്‍ അയയ്ക്കുന്നതാണ് പതിവ്. പെണ്‍കുട്ടിയുടെ മരണത്തില്‍ സംശയം ഉയര്‍ന്ന സാഹചര്യത്തിലാണ് കൂടുതല്‍ സൗകര്യങ്ങളും കൂടുതല്‍ യോഗ്യതകളുള്ള ഫൊറന്‍സിക് സര്ജന്മാരുമുള്ള കളമശേരി മെഡിക്കല്‍ കോളജിലേയ്ക്ക് മൃതദേഹം പരിശോധനയ്ക്ക് അയച്ചതെന്ന് പൊലീസ് പറയുന്നു.
മകളുടെ മരണത്തില്‍ അന്വേഷണം നേര്‍വഴിക്കല്ലെന്നു വ്യക്തമായതോടെയാണ് ഷാജി വര്‍ഗീസ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുന്നത്. എന്നാല്‍ പ്രാഥമിക അന്വേഷണത്തില്‍ യുവതിയുടെ മരണം ആത്മഹത്യയാണെന്നു കാണിച്ച് ക്രൈംബ്രാഞ്ച് ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. അതേസമയം ക്രൈംബ്രാഞ്ച് സത്യവാങ്മൂലത്തില്‍ വിശ്വാസമില്ലെന്ന നിലപാടിലാണ് ഷാജി ഇപ്പോഴും. മകള്‍ മരിക്കാന്‍ തക്ക ഒരു കാരണവുമില്ലെന്നിരിക്കെ എന്തിനാണ് പോലീസ് മകൾ ആത്മഹത്യ ചെയ്തു എന്ന് പറയുന്നതെന്നായിരുന്നു ഷാജിയുടെ ചോദ്യം.
മകളെ പ്രണയാഭ്യര്‍ഥനയുമായി ശല്യപ്പെടുത്തിക്കൊണ്ടിരുന്ന യുവാവിലേയ്ക്ക് തന്നെയാണ് ഷാജി വിരല്‍ ചൂണ്ടുന്നത്. മകളെ അദ്ദേഹം ഭീഷണിപ്പെടുത്തിയിരുന്നതിന്റെ തെളിവുകളുണ്ടായിട്ടും പൊലീസ് അന്വേഷണം വേണ്ടരീതിയില്‍ എത്തിയില്ലെന്ന് ഷാജി ആരോപിക്കുന്നു. ഇയാളെ ജാമ്യത്തില്‍ വിട്ടിരിക്കുന്നതായാണ് പൊലീസ് പറയുന്നത്.
മിഷേലിനെ കാണാതാകുമ്ബോള്‍ ഏറ്റവും അവസാനമായി ഏതു ടവര്‍ ലൊക്കേഷനിലായിരുന്നു മൊബൈല്‍ ഫോണ്‍ പ്രവര്‍ത്തിച്ചത് എന്നതിനെക്കുറിച്ച് പൊലീസ് ഇതുവരെ ഒരു അന്വേഷണവും നടത്തിയിട്ടില്ലെന്ന് പിതാവ് ആരോപിക്കുന്നു. അവസാനമായി ആരോടാണ് ഫോണില്‍ സംസാരിച്ചത് എന്നോ, ആരുടെ കോളാണ് വന്നതെന്നോ കണ്ടെത്താന്‍ ഒരു അന്വേഷണ ഉദ്യോഗസ്ഥരും താല്പര്യം കാണിച്ചില്ല. ഈ ആവശ്യവുമായി മൊബൈല്‍ ഫോണ്‍ കമ്ബനി ഓഫിസിനെ താന്‍ നേരിട്ട് സമീപിച്ചെങ്കിലും അത് പൊലീസിനു മാത്രമെ കൈമാറാന്‍ സാധിക്കൂ എന്ന നിലപാടാണ് എടുത്തതെന്നു ഷാജി പറയുന്നു. മിഷേല്‍ ധരിച്ചിരുന്ന വാച്ച് മൃതദേഹത്തില്‍ ഉണ്ടായിരുന്നില്ല. മോതിരവും കയ്യില്‍ ഇല്ലായിരുന്നു. ഇതു രണ്ടും എന്തായാലും തനിയെ ഊരിപ്പോകുമെന്ന് വിശ്വസിക്കാനാവില്ല. അങ്ങനെയെങ്കില്‍ ഇവ ആരാണ് ഊരിയെടുത്തിട്ടുണ്ടാവുക എന്നാണ് പിതാവ് ഉന്നയിക്കുന്ന പ്രധാന ചോദ്യങ്ങള്‍. ആരെങ്കിലും കൊലപ്പെടുത്തി കായലില്‍ കൊണ്ടിട്ടതാണ് എന്നതിന് ഇതുതന്നെ തെളിവാണെന്നും ഷാജി പറയുന്നു.