കേരളം
കൂമ്പാച്ചി മലയിലേക്ക് കയറിയാല്‍ കേസെടുക്കും
ബാബു എന്ന 24 കാരന്‍ കയറിക്കുടുങ്ങിയ മലമ്പുഴ കൂമ്പാച്ചി മലയിലേക്ക് ആരെങ്കിലും കയറിയാല്‍ കേസെടുക്കാന്‍ പാലക്കാട് ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി . നിയമം ലംഘിക്കുന്നവര്‍ക്ക് പിഴ ചുമത്താനാണ് നിര്‍ദേശം. അപകടമേഖലയിലേക്ക് ആളുകള്‍ കയറുന്നത് നിയന്ത്രിക്കാന്‍ സുരക്ഷാ സംവിധാനങ്ങളൊരുക്കും. മേഖലയില്‍ പൊലീസ്, വനംവകുപ്പ് പട്രോളിംഗിന് സഹായം നല്‍കാന്‍ സിവില്‍ ഡിഫന്‍സ് വളന്‍റിയര്‍മാരെ ഉപയോഗിക്കും. സ്ഥലത്തെ അപകട സാധ്യത ചൂണ്ടിക്കാട്ടുന്ന മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കാനും തീരുമാനമായി. ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് തീരുമാനം.
ചെറാട് മലയിൽ ബാബു എന്ന യുവാവ് കുടുങ്ങിയ സംഭവത്തില്‍ രക്ഷാ പ്രവര്‍ത്തനത്തില്‍ വീഴ്ച വരുത്തിയ മൂന്ന് ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല നടപടിയുമായി ഫയര്‍ ആന്റ് റസ്ക്യൂ വിഭാഗം. ജില്ലാ ഫയര്‍ ഓഫീസര്‍ ഉള്‍പ്പടെ മൂന്നുപേരെ സ്ഥലം മാറ്റി ഫയര്‍ഫോഴ്സ് ഡയറക്ടര്‍ ഉത്തരവിറക്കി.
ജില്ലാ ഫയര്‍ ഓഫീസര്‍ വി.കെ. ഋതീജിനെ വിയ്യൂര്‍ ഫയര്‍ ഫോഴ്സ് അക്കാദമിയിലേക്കാണ് സ്ഥലം മാറ്റിയത്. മലപ്പുറം ജില്ലാ ഫയര്‍ ഓഫീസറായ റ്റി. അനൂപിന് പകരം ചുമതല നല്‍കി. മലപ്പുറത്തേക്ക് വിയ്യൂര്‍ അക്കാദമിയില്‍ നിന്നുള്ള എസ്.എല്‍. ദിലീപിനെ ജില്ലാ ഫയര്‍ ഓഫീസറായി നിയമിച്ചു. കഞ്ചിക്കോട്,. പാലക്കാട് സ്റ്റേഷന്‍ ഓഫീസർമാരെ പരസ്പരം സ്ഥലം മാറ്റി. പാലക്കാട് സ്റ്റേഷന്‍ ഓഫീസറായിരുന്ന ആര്‍. ഹിദേഷിനെ കഞ്ചിക്കോടേക്കും കഞ്ചിക്കോട് സ്റ്റേഷന്‍ ഓഫീസറായിരുന്ന ജോമി ജേക്കബിനെ പാലക്കാടേക്കും സ്ഥലം മാറ്റി. മലയില്‍ കുടുങ്ങിയ ബാബുവിന് വെള്ളമെങ്കിലും കൊടുക്കാനാവാത്തത്തില്‍ ജില്ലാ ഫയർഫോഴ്സിനെതിരെ കടുത്ത വിമര്‍ശനം ഉയർന്നിരുന്നു. ജില്ലാ ഫയര്‍ ഓഫീസറോട് വിശദീകരണം തേടുകയും ചെയ്തിരുന്നു. മറുപടി ലഭിച്ച ശേഷമാണ് വകുപ്പുതല നടപടി.