കേരളം
വിമാനത്തിനുള്ളിലെ പ്രതിഷേധം; ഇ പി ജയരാജന് എതിരെ കേസെടുത്തു; ചുമത്തിയത് ജാമ്യമില്ലാ വകുപ്പുകള്‍
വിമാനത്തിനുള്ളില്‍ മുഖ്യമന്ത്രി പിണറായി വിജയന് എതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന് എതിരെ പൊലീസ് കേസെടുത്തു. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ വലിയതുറ പൊലീസ് ആണ് കേസെടുത്തത്. മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫുകളായ അനില്‍ കുമാര്‍, വി എം സുനീഷ് എന്നിവര്‍ക്ക് എതിരെയും കേസെടുത്തിട്ടുണ്ട്.
വധശ്രമം, ഗൂഢാലോചന ഉള്‍പ്പെടൈ ജാമ്യമില്ലാ വകുപ്പു ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഇപി ജയരാജനെതിരെ കേസ് എടുക്കാന്‍ തിരുവനന്തപുരം ജ്യൂഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടിരുന്നു. വിമാന പ്രതിഷേധക്കേസില്‍ ഇപി ജയരാജനെയും മുഖ്യമന്ത്രിയുടെ പേഴ്സനല്‍ സ്റ്റാഫ് അംഗങ്ങളെയും പ്രതി ചേര്‍ക്കണമെന്നാവശ്യപ്പെട്ട് കേസിലെ പ്രതികളായ ഫര്‍സീന്‍ മജീദും ആര്‍കെ നവീന്‍കുമാറുമാണ് ഹര്‍ജി ഫയല്‍ ചെയ്തത്.
വധശ്രമം, ക്രിമിനല്‍ ഗൂഢാലോചന വകുപ്പുകള്‍ പ്രകാരം കേസ് എടുക്കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. പൊലീസിനു പരാതി നല്‍കിയിട്ടും നടപടിയെടുക്കാത്തതിനാലാണ് കോടതിയെ സമീപിക്കുന്നതെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. ഇപി ജയരാജനെതിരെ കേസെടുക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം തള്ളിയിരുന്നു.
മുഖ്യമന്ത്രിയെ ആക്രമിക്കാനടുത്ത അക്രമികളെ തടഞ്ഞവര്‍ക്കെതിരെ കേസെടുക്കില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ സബ്മിഷന് മറുപടി നല്‍കുമ്പോഴാണ് മുഖ്യമന്ത്രി ജയരാജനെതിരെ കേസെടുക്കില്ലെന്ന് വ്യക്തമാക്കിയത്. ഇതിനു പിന്നാലെയാണ് അതേ സംഭവത്തില്‍ ജയരാജനെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവിട്ടിരിക്കുന്നത്.