കേരളം
മാധ്യമപ്രവർത്തകർക്ക് കേസ്; പ്രതിഷേധിച്ച് കേരള പത്രപ്രവർത്തക അസോസിയേഷൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റി
നവകേരള സദസിനെതിരായ പ്രതിപക്ഷ യുവജന സംഘടന നടത്തിയ പ്രതിഷേധം റിപ്പോർട്ട് ചെയ്ത മാധ്യമ പ്രവർത്തക വിനീത വി.ജിക്കെതിരെയും DGPയുടെ വസതിയിലേക്ക് നടത്തിയ മഹിളാ മോര്‍ച്ച മാര്‍ച്ച് റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവർത്തകർക്ക് എതിരെയും കേസെടുത്ത നടപടിക്കെതിരെ
കേരള പത്രപ്രവർത്തക അസോസിയേഷൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റി ശക്തമായ പ്രതിഷേധം അറിയിച്ചു.
സ്വതന്ത്രമായി മാധ്യമപ്രർത്തനം നടത്തുന്ന മാധ്യമപ്രവർത്തകർക്കെതിരെ തുടർച്ചയായി കേസെടുത്ത് പീഡിപ്പിക്കാനാണ് ശ്രമമെങ്കിൽ KMJA (കേരള പത്രപ്രവർത്തക അസോസിയേഷൻ) സംസ്ഥാന നേതൃത്വവുമായി ആലോചിച്ച് ശക്തമായ സമര പരിപാടികളുമായി സംഘടന മുന്നിട്ടിറങ്ങുമെന്ന് തിരുവനന്തപുരം ജില്ലാ കമ്മിറ്റി വാർത്താ കുറിപ്പിലൂടെ അറിയിച്ചു.
നവകേരള സദസിനെതിരായ പ്രതിപക്ഷ യുവജന പ്രതിഷേധം റിപ്പോർട്ട് ചെയ്തതിനാണ് ട്വന്റിഫോർ റിപ്പോർട്ടർ വിനീത വി.ജിക്കെതിരെ കുറുപ്പംപടി പൊലീസ് കേസെടുത്ത്. കേസിൽ അഞ്ചാം പ്രതിയാണ് വിനീത. മുഖ്യമന്ത്രിക്കെതിരെ ഷൂ എറിഞ്ഞ സംഭവം റിപ്പോര്‍ട്ട് ചെയ്തതിനാണ് നടപടി. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ചൂണ്ടിക്കാട്ടി നേരത്തെ പൊലീസ് നോട്ടിസ് നല്‍കിയിരുന്നു.
ഐപിസി 120(ബി), 283, 308, 353, 34 എന്നീ വകുപ്പുകൾ പ്രകാരമാണ് വിനീതയ്‌ക്കെതിരെ കേസെടുത്തിരിക്കുന്നത്. ഷൂസ് എറിഞ്ഞവർക്കെതിരെ ചുമത്തിയിരിക്കുന്ന ഈ വകുപ്പുകൾ പെരുമ്പാവൂർ മജിസ്‌ട്രേറ്റ് കോടതിയിലെത്തിയപ്പോൾ വകുപ്പുകൾ സംബന്ധിച്ച് പൊലീസിന് അതിരൂക്ഷ വിമർശനമുണ്ടാവുകയും പ്രതികൾക്ക് ജാമ്യം ലഭിക്കുകയും ചെയ്തിരുന്നു. പ്രതികൾക്കെതിരെ നിലനിൽക്കില്ലെന്ന് കോടതി വിലയിരുത്തിയ അതേ വകുപ്പുകളാണ് നിലവിൽ മാധ്യമ പ്രവർത്തകയ്‌ക്കെതിരെ കുറുപ്പംപടി സിഐയും ചുമത്തിയിരിക്കുന്നത്.