കേരളം
ബിനോയ് കോടിയേരിക്കെതിരായ പീഡനക്കേസ്; 80ലക്ഷം നൽകി ഒത്തുതീർപ്പാക്കി
ബിനോയ് കോടിയേരിക്കെതിരായ പീഡന കേസ് ഒത്തുതീർപ്പായി. കുട്ടിയുടെ ഭാവിക്കായി 80 ലക്ഷം രൂപ നൽകിയെന്നാണ് ഒത്തുതീർപ്പ് കരാറിൽ പറയുന്നത്. നിയമപടികൾ നടപടികൾ മതിയാക്കാൻ ഇരുകൂട്ടരും സന്നദ്ധരായതോടെ ബോബെ ഹൈക്കോടതി കേസ് അവസാനിപ്പിച്ചു. കുട്ടിയുടെ അച്ഛൻ ആരെന്ന കണ്ടെത്താൻ നടത്തിയ ഡിഎൻഎ പരിശോധനാ ഫലം പുറത്ത് വരും മുൻപെയാണ് കേസ് ഒത്ത് തീർപ്പിലാവുന്നത്.
കേസ് അവസാനിപ്പിക്കാൻ ഇരുകൂട്ടരും നേരത്തെ തന്നെ സന്നദ്ധരായിരുന്നെങ്കിലും വ്യവസ്ഥകളിലുള്ള തർക്കമാണ് കാര്യങ്ങൾ ഇത്രകാലം നീട്ടിയത്. 80 ലക്ഷം രൂപ കുട്ടിയുടെ ചെലവിലേക്ക് നൽകിയെന്നാണ് കരാർ വ്യവസ്ഥയായി രേഖയിലുള്ളത്. എന്നാൽ കുഞ്ഞിന്‍റെ പിതൃത്വത്തെ കുറിച്ച് കരാറിൽ ഒന്നും പറയുന്നുമില്ല.
2019ലാണ് ബിഹാർ സ്വദേശിനിയായ യുവതി ബിനോയ് കോടിയേരിക്കെതിരെ പരാതിയുമായി രംഗത്ത് വന്നത്.പരാതി വ്യാജമാണെന്നും എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബിനോയ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. എന്നാൽ ഡിഎൻഎ പരിശോധന നടത്താൻ ഹൈക്കോടതി ആവശ്യപ്പെട്ടു. രണ്ട് വർഷത്തിലേറെയായി പരിശോധനാ ഫലം സീൽ ചെയ്ത കവറിൽ ഹൈക്കോടതിയിൽ കിടപ്പുണ്ട്.
ഇത് തുറന്ന് പരിശോധിക്കണമെന്ന ആവശ്യവുമായി ഈ വർഷം ആദ്യം യുവതി കോടതിയെ സമീപിച്ചു. തുടർന്നാണ് ഒത്ത് തീർപ്പിലേക്ക് കാര്യങ്ങൾ വേഗം നീങ്ങിയത്.കേസ് അവസാനിച്ചതോടെ ഇനി ഡിഎൻഎ പരിശോധാ ഫലവും തുറക്കേണ്ടതില്ല. കേസിൽ ബിനോയ് കുറ്റക്കാരനെന്ന് കാണിച്ച് ഓഷിവാര പൊലീസ് കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്. വിചാരണ നടപടികൾ പുരോഗമിക്കവേയാണ് ഹൈക്കോടതിയിൽ ഇരുവരും ഒത്ത് തീർപ്പിലെത്തിയത്.