കേരളം
‘വ്യക്തമായ കാരണങ്ങളില്ലാതെ വിജയ് ബാബുവിനെ പുറത്താക്കാനാവില്ല’, തീരുമാനം കോടതി വിധി വന്ന ശേഷമെന്ന് അമ്മ
വ്യക്തമായ കാരണങ്ങളില്ലാതെ വിജയ് ബാബുവിനെ പുറത്താക്കാനാവില്ലെന്ന് താരസംഘടനയായ അമ്മ. വിജയ് ബാബുവിനെതിരായ കേസ് കോടതിയുടെ പരിഗണനയിലാണ്. എടുത്തുചാടി ഒരു നടപടിയെടുക്കാനില്ല. കോടതി വിധി വന്ന ശേഷം ബാക്കി കാര്യങ്ങൾ തീരുമാനിക്കുമെന്ന് ‘അമ്മ’ ജനറൽ സെക്രട്ടറി ഇടവേള ബാബു പറഞ്ഞു. ജനറൽ ബോഡി മീറ്റിങ്ങിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അമ്മ ഭാരവാഹികൾ.
വിജയ് ബാബുവിനെതിരെ തൽക്കാലം നടപടിയില്ല. കോടതി തീരുമാനം വന്ന ശേഷം ബാക്കി കാര്യങ്ങൾ തീരുമാനിക്കും കോടതിവിധി എല്ലാവരും കാത്തിരിക്കുകയാണ്. കൊച്ചിയിലെ ഒരുപാട് ക്ലബുകളിൽ അദ്ദേഹം അംഗമാണ്. അവിടെ എവിടെ നിന്നും അദ്ദേഹത്തെ പുറത്താക്കിയിട്ടില്ല. അമ്മയും അതുപോലൊരു ക്ലബ് ആണ്. കോടതി നിർദേശമനുസരിച്ച് അമ്മ പ്രവർത്തിക്കുമെന്നും ഇടവേള ബാബു കൂട്ടിച്ചേർത്തു.
ക്വട്ടേഷൻ നൽകി നടിയെ ആക്രമിച്ച കേസിൽ പ്രതിയായതിനു പിന്നാലെ ദിലീപിനെ പുറത്താക്കിയ നടപടി തെറ്റായിരുന്നു എന്ന് സിദ്ധിഖ് പ്രതികരിച്ചു. വിജയ് ബാബു തെരഞ്ഞെടുക്കപ്പെട്ട അ൦ഗമാണ്. കൃത്യമായ കാരണങ്ങളില്ലാതെ പുറത്താക്കാനാകില്ല. അന്ന് ദിലീപിനെ പുറത്താക്കാനെടുത്ത തീരുമാനവും തെറ്റായിരുന്നു. തെറ്റ് ആവർത്തിക്കാതിരിക്കാനാണ് വിജയ് ബാബുവിനെ പുറത്താക്കാത്തതെന്നും സിദ്ധിഖ് വ്യക്തമാക്കി.
‘അമ്മ’യുടെ ആഭ്യന്തര പരാതി പരിഹാര സെൽ ഇല്ലാതായി എന്ന് ഇടവേള ബാബു പറഞ്ഞു. സിനിമയ്ക്ക് മുഴുവനായി പരാതി പരിഹാര സെൽ എന്ന നിലയിലാകും ഇനി പ്രവർത്തിക്കുക. കേരള ഫിലിം ചേംബറിന്റെ കീഴിലാകും ഈ പരാതി പരിഹാര സെൽ പ്രവ൪ത്തിക്കുക എന്നു൦ ഇടവേള ബാബു പറഞ്ഞു. ‘അമ്മ’ തൊഴിൽ ദാതാവല്ല. ദിലീപ് വിഷയത്തിന് ശേഷ൦ ബൈലോയിൽ ഭേദഗതി വരുത്തി. പുതിയ നടപടികൾ ഈ ഭേദഗതി പ്രകാരമാണെന്നും ഇടവേള ബാബു പറഞ്ഞു.