കേരളം
വില്‍പ്പനയ്ക്കായി കടത്തിയ കഞ്ചാവ് പിടിച്ചടുത്തു; അറസ്റ്റിലായ ദൈവത്തിന്റെയും സഹായിയുടെയും കയ്യില്‍ നിന്നും കിട്ടിയത് 16.5 കിലോ കഞ്ചാവ്
വില്‍പ്പനയ്ക്കായി കഞ്ചാവ് കടത്തുന്നതിനിടെ രണ്ടു പേർ പോലീസ് പിടിയിലായി. 16.5 കിലോ കഞ്ചാവുമായി മാലി മഹാലക്ഷ്മി വീട്ടില്‍ ദൈവം (36), തമിഴ്‌നാട് രായപ്പന്‍പെട്ടി രജിത്ത് (28) എന്നിവരാണ് പൊലീസിന്റെ കസ്റ്റഡിയിലായത്. വണ്ടന്മേട് പൊലീസും നര്‍ക്കോട്ടിക് സെല്ലും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇരുവരും അറസ്റ്റിലായത്.
ഞായറാഴ്ച ആമയാറില്‍ നടത്തിയ സംയുക്ത പരിശോധനയില്‍ പിടിയിലായവര്‍ സഞ്ചരിച്ച വാനിലുള്ളില്‍നിന്ന് കഞ്ചാവ് കണ്ടെത്തുകയായിരുന്നു. ഒരുമാസത്തിനിടെ വണ്ടന്മേട് സ്റ്റേഷന്‍ പരിധിയില്‍നിന്ന് വിവിധ കേസുകളിലായി 30 കിലോ കഞ്ചാവാണ് പിടികൂടിയത്.
വണ്ടന്മേട് സിഐ. നവാസ്, എസ്‌ഐ. ജയകൃഷ്ണന്‍, ജെയ്സ് പി.ജേക്കബ്, ഡിസ്ട്രിക്‌ട് ആന്റി നര്‍കോട്ടിക്സ് സ്‌പെഷ്യല്‍ ആക്ഷന്‍ ഫോഴ്സ് ഉദ്യോഗസ്ഥരായ ജോഷി, മഹേഷ്, അനൂപ് സ്‌കറിയ, എസ്.സി.പി.ഒ. ഷിബു, സി.പി.ഒ. ലിറ്റൊ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റുചെയ്തത്.