കേരളം
വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ പ്രവേശിക്കണമെങ്കില്‍ സ്ഥാനാര്‍ത്ഥികള്‍ക്കും കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം
സ്ഥാനാര്‍ത്ഥികള്‍ക്കും വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ പ്രവേശിക്കണമെങ്കില്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി തെരഞ്ഞെടുപ്പ് കമ്മീഷന് ഉത്തരവ് പുറപ്പെടുവിച്ചു. നേരത്തേ, വോട്ടെണ്ണല്‍ ചുമതലയുള്ള ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പാര്‍ട്ടിയുടെ ഏജന്റുമാർ, മാധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് ആര്‍ടിപിസിആര്‍ ടെസ്റ്റ് സര്‍ക്കാര്‍ നിര്‍ബന്ധമാക്കിയിരുന്നു.
പിന്നീട് ആന്റിജന്‍ ടെസ്റ്റും അംഗീകരിച്ചു. ഇതിനു പിന്നാലെയാണ് സ്ഥാനാര്‍ത്ഥികള്‍ക്കും കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കമ്മിഷന് നിര്‍ബന്ധമാക്കിയത്.വോട്ടെണ്ണല്‍ കേന്ദ്രത്തിലോ, സമീപത്തോ ആള്‍ക്കൂട്ടം പാടില്ലെന്നും കമ്മീഷന് നിര്‍ദ്ദേശിച്ചു.
വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ അണുവിമുക്തമാക്കണം. മൂന്ന് ദിവസം മുന്‍പ് വോട്ടെണ്ണുന്ന ഏജന്റുമാരുടെ പട്ടിക രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ത്ഥികളും നല്‍കണം. കൗണ്ടിംങ് ഏജന്റുമാരും ആര്‍ടിപിസിആര്‍ പരിശോധന നടത്തി കൊവിഡില്ലെന്ന് ഉറപ്പാക്കണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദ്ദേശം നല്കി.
മേയ് രണ്ട് വോട്ടെണ്ണല്‍ ദിനത്തില്‍ സംസ്ഥാനത്ത് ലോക്ഡൗണ്‍ ഏര്‍പ്പെടുത്തേണ്ട കാര്യമില്ലെന്ന് ഹൈക്കോടതി. വോട്ടെണ്ണല്‍ ദിവസം സര്‍ക്കാരും തിരഞ്ഞെടുപ്പ് കമ്മീഷനും സ്വീകരിച്ച നടപടികള്‍ പര്യാപ്തമാണെന്നും കോടതി പറഞ്ഞു. സര്‍ക്കാര്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ നിയന്ത്രണങ്ങളും നടപടികളും സ്വീകരിക്കാമെന്നും കോടതി നിര്‍ദേശിച്ചു. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ വോട്ടെണ്ണല്‍ ദിനം ലോക്ഡൗണ്‍ ഏര്‍പ്പെടുത്തണമെന്ന ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്. ഇതുമായി ബന്ധപ്പെട്ട മൂന്ന് ഹര്‍ജികളും ഹൈക്കോടതി തീര്‍പ്പാക്കി